റമദാൻ അവസാന പത്ത്: മദീന ഷട്ടിൽ ബസ് സർവിസ് സമയം നീട്ടി
text_fieldsമദീനയിലെ ഷട്ടിൽ ബസ് സർവിസ്
മദീന: റമദാൻ അവസാന പത്തിൽ മദീന നഗരത്തിലെ വിവിധ റൂട്ടുകളിലൂടെ മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും ആളുകളെ എത്തിക്കുന്ന ഷട്ടിൽ ബസ് സർവിസുകളുടെ സമയം നീട്ടി.
ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച് അർധരാത്രി ‘ഖിയാമുലൈൽ’ കഴിഞ്ഞ് അരമണിക്കൂർ വരെ ഷട്ടിൽ ബസുകൾ സർവിസ് നടത്തും. എന്നാൽ സയ്യിദ് അൽ ശുഹദാഹ്, അൽ സലാം കോളജ് സ്റ്റേഷനുകളിലേക്ക് 24 മണിക്കൂറും സർവിസുണ്ടാവും. സ്പോർട്സ് സ്റ്റേഡിയം, സയ്യിദ് അൽ ശുഹദാഹ്, അൽ ഖാലിദിയ ഡിസ്ട്രിക്ട്, ശദാത് ഡിസ്ട്രിക്ട്, കിങ് ഫഹദ് ഡിസ്ട്രിക്ട്, അൽ ഹദീഖ ഡിസ്ട്രിക്ട്, അൽ സലാം കോളജ് പാർക്കിങ് എന്നീ ഏഴ് സ്ഥലങ്ങൾ മസ്ജിദുന്നബവിയിലേക്കും തിരിച്ചും സർവിസ് നടത്തുന്നതിന് ഒരുക്കിയിട്ടുണ്ട്. ഖുബാഅ് മസ്ജിദിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കായി അൽ ആലിയ മാളിലെ പാർക്കിങ് സ്ഥലം പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്.
ഹറമൈൻ ട്രെയിൻ സർവിസ് വർധിപ്പിച്ചു; പ്രതിദിനം 130 ട്രിപ്പുകൾ
ജിദ്ദ: റമദാൻ അവസാന പത്തിൽ മക്ക-മദീന റൂട്ടിലെ ഹറമൈൻ ട്രെയിൻ സർവിസുകളുടെ എണ്ണം വർധിപ്പിച്ചു. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടന്നാണിത്. പ്രതിദിനം 130 ട്രിപ്പുകൾ നടത്താനാണ് സൗദി റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ റമദാനിൽ മക്കക്കും മദീനക്കുമിടയിൽ തീർഥാടകരുടെയും സന്ദർശകരുടെയും ഗതാഗതം കൂടുതൽ സുഗമമാകും. റമദാനിന്റെ തുടക്കത്തിൽ 3,400ലധികം ട്രിപ്പുകളിലായി 16 ലക്ഷത്തിലധികം സീറ്റുകൾ ഉൾപ്പെടുന്ന ഹറമൈൻ എക്സ്പ്രസ് ട്രെയിനിന്റെ പ്രവർത്തന പദ്ധതി സൗദി റെയിൽവേ പ്രഖ്യാപിച്ചിരുന്നു.
അതേ സമയം, റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഹറമൈൻ സ്റ്റേഷനുകളിൽ തിരക്കേറി. ഇതോടെ മദീനയിലെ സ്റ്റേഷനിലെ ഗേറ്റുകളുടെ എണ്ണം എട്ടിൽനിന്ന് 24 ആയി ഉയർത്തി.
യാത്രക്കാരെ സ്വീകരിക്കുന്നതിനും യാത്രയയക്കുന്നതിനുമായി രണ്ട് അധിക ഹാളുകൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റേഷനും മസ്ജിദുന്നബവിക്കുമിടയിൽ സൗജന്യ ഗതാഗത സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

