കോവിഡാനന്തര സാധ്യതകൾക്ക് തയാറെടുക്കുക
text_fieldsപൗരന്മാരുടെ ക്ഷേമത്തിനായി ഗവൺമെൻറ് പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കിയ വർഷങ്ങളിലൂടെയാണ് സൗദി അറേബ്യയും പ്രവാസികളും കടന്നുപോയത്. അത്തരം ദേശസാത്കരണ പദ്ധതികൾ കാരണം വിദേശികൾക്ക്, പ്രത്യേകിച്ച് മലയാളി സമൂഹത്തിന് ചില തൊഴിൽ മേഖലകളിൽ ചെറിയ തിരിച്ചടികൾ നേരിട്ടെന്നതും വാസ്തവമാണ്. ഈ പ്രതിസന്ധി ഉച്ചസ്ഥായിയിലെത്തി നിൽക്കുമ്പോഴാണ് ലോകത്തെ മുഴുവൻ മാസങ്ങളോളം വീട്ടിലിരുത്തിയ കോവിഡ് മഹാമാരി കടന്നുവന്നത്. അറബ് രാജ്യങ്ങളിലെ ഗവൺമെൻറുകൾ ഈ അസാധാരണ സാഹചര്യത്തെ നേരിടാൻ ക്രിയാത്മകമായി പ്രവർത്തിച്ചതിെൻറ ഫലമായി സൗദി അറേബ്യ അടക്കമുള്ള ജി.സി.സി രാജ്യങ്ങൾ വളരെ പെെട്ടന്ന് ‘പുതിയ സാധാരണ’ജീവിതരീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, നമ്മൾ പ്രവാസികൾക്കും ഈ മാറ്റങ്ങൾക്കൊപ്പം മുന്നേറാനുള്ള തയാറെടുപ്പുകൾ നടത്തേണ്ട സമയമാണ്. കോവിഡ് മഹാമാരി കാരണം ഗുരുതര പ്രതിസന്ധി രൂപപ്പെട്ട മേഖലകളാണ് ട്രാവൽ ആൻഡ് ടൂറിസം, എൻറർടൈൻമെൻറ്, നിർമാണ മേഖല തുടങ്ങിയവ. എന്നാൽ, നല്ലരീതിയിൽ പെർഫോം ചെയ്ത മേഖലകളാണ് ഇ-ലേണിങ്, അവശ്യവസ്തുക്കളുടെ വിതരണ മേഖല, ഇ-കോമേഴ്സ് തുടങ്ങിയവ. വിലയിടിവ് നേരിട്ട ഓയിൽ സെക്ടർ പതുക്കെ നില മിച്ചപ്പെടുത്തുന്നതും മൂല്യവർധിത നികുതി 15 ശതമാനമായി ഉയർത്തിയതും കോവിഡ് മഹാമാരി കാരണം രാജ്യവരുമാനത്തിൽ നേരിടുന്ന കുറവുകളെ ഒരുപരിധിവരെ നികത്താനുതകുന്നതാണെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷങ്ങളിൽ തുടക്കം കുറിച്ച ചെങ്കടൽ വിനോദസഞ്ചാരം, റിയാദിലെ ഖിദ്ദിയ വിനോദനഗരം തുടങ്ങിയ പദ്ധതികൾക്കായി 10 ശതകോടി റിയാൽ വീതമാണ് വിവിധ കരാറുകളിലായി ചെലവഴിക്കപ്പെടാൻ പോകുന്നത്. കോവിഡ് കാലം അതിജീവിച്ചാൽ സൗദി അറേബ്യയെ സംബന്ധിച്ചേടത്തോളം സാധ്യതയും പ്രതീക്ഷയുമുള്ള മേഖലയാണ് ടൂറിസം. കോവിഡ് മഹാമാരി വലിയ നാശം വിതച്ചത് ടൂറിസ്റ്റുകളുടെ ഇഷ്ട മേഖലകളായ യൂറോപ്പ്, അമേരിക്കൻ രാജ്യങ്ങളിലാണ് എന്നതും സൗദി ഗവൺമെൻറ് കോവിഡിന് മുമ്പുതന്നെ വിഷൻ 2030െൻറ ഭാഗമായി ദ്രുതഗതിയിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതികളും ലോക ടൂറിസം ഭൂപടത്തിൽ സൗദിക്ക് സവിശേഷസ്ഥാനമുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. നവംബറിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ജി20 ഉച്ചകോടിക്ക് ആതിഥ്യമരുളുന്നത് സൗദി അറേബ്യയാണ് എന്നതും സാധ്യതകളുടെ വാതായനം തുറക്കുന്നതാണ്.
കോവിഡ് കാരണം ഒന്നും അവസാനിക്കുകയല്ല, പുതിയ സാധ്യതകൾ തുറക്കുകയാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഉള്ളവരും ഇവിടങ്ങളിലേക്ക് ജോലി തേടി വരാൻ ആഗ്രഹിക്കുന്നവരും ഇപ്പോൾ ചെയ്യേണ്ടത് തൊഴിൽപരമായ കഴിവുകൾ മെച്ചപ്പെടുത്താനുള്ള വഴികൾ തേടുക എന്നുള്ളതാണ്. കോവിഡ് കാലം നൽകിയ അനുഗ്രഹങ്ങളിലൊന്നാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന് ലഭിച്ച വർധിച്ച സ്വീകാര്യത. ഈ സാഹചര്യം ഉപയോഗപ്പെടുത്തി തൊഴിൽ മേഖലയുമായോ, പഠന മേഖലയുമായോ ബന്ധപ്പെട്ട അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആവശ്യമായ ട്രെയിനിങ്ങുകളും കോഴ്സുകളും സർട്ടിഫിക്കേഷനുകളും ചെയ്യുക എന്നുള്ളതാണ്. അതൊരു പക്ഷേ ചെറുകിട സംരംഭകൻ ആകുന്നതിനുള്ള അറിവുകൾ ആർജിക്കുന്നതിനുള്ള കോഴ്സുകളാവാം. ടെക്നിക്കൽ, ഫയർ ആൻഡ് സേഫ്റ്റി, ഐ.ടി, േപ്രാജക്ട് മാനേജ്െമൻറ്, ക്വാളിറ്റി കൺട്രോളർ, സൈറ്റ് സൂപ്പർവൈസർ, സ്േറ്റാർ കീപ്പർ തുടങ്ങി ഏതു മേഖലയിലും കൂടുതൽ പ്രാവീണ്യം നേടുന്ന തരത്തിെല കോഴ്സുകളാവാം. ഇത്തരം കോഴ്സുകൾ എല്ലാംതന്നെ കുറഞ്ഞ ചെലവിൽ ഓൺലൈൻ ആയി ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കോവിഡ് കാലം പലരിലും ബാക്കിവെച്ചത് സോഷ്യൽ മീഡിയകളിൽ അമിതമായി സമയം നഷ്ടപ്പെടുത്തലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഇൻറർനെറ്റിെൻറയും ഓൺലൈൻ പഠനത്തിെൻറയും സാധ്യതകൾ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുന്നവരെ കാത്തിരിക്കുന്നത് സാധ്യതകൾതന്നെയാണ്. കോവിഡ് വന്നു, എല്ലാം നഷ്ടപ്പെട്ടെന്ന് പറഞ്ഞിരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ‘പുതിയ സാധാരണ’ഘട്ടത്തിലേക്ക് അതിവേഗം കടന്ന അറബ് നാടുകൾ ഇനി ‘പുതിയ സാധ്യതകളുടെ’കൂടി കാലമാണ് നമുക്കു മുന്നിൽ തുറന്നിടുന്നതെന്ന ആത്മവിശ്വാസത്തോടു കൂടി മുന്നേറുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.