രാജവാഴ്ച മനോഭാവത്തിന് ജനാധിപത്യത്തിന്റെ തിരിച്ചടി
text_fieldsകേരളത്തിെൻറ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു വിധിയെഴുത്തിനാണ് കാലം സാക്ഷ്യം വഹിച്ചിരിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന് കേരള ജനത തുടർഭരണം നൽകിയപ്പോൾ അത് കേവലം ഒരു രാഷ്ട്രീയ വിജയം മാത്രമായിരുന്നില്ല. മറിച്ച് പ്രളയവും നിപ്പയും ഉരുൾപൊട്ടലും കോവിഡും പോലുള്ള മഹാമാരികൾക്കും ദുരന്തങ്ങൾക്കുമിടയിൽ പതറാതെ നിന്ന ഒരു നേതൃത്വത്തിനും, രാപ്പകൽ കഷ്ടപ്പെട്ട ആരോഗ്യപ്രവർത്തകർക്കും നൽകിയ സ്നേഹസമ്മാനമായിരുന്നു.
എന്നാൽ, ആ അംഗീകാരത്തെ അധികാരത്തിെൻറ അഹങ്കാരമായും രാജവാഴ്ച മനോഭാവമായും സർക്കാർ തെറ്റിദ്ധരിച്ചുവോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പുതിയ രാഷ്ട്രീയ മാറ്റങ്ങൾ. രണ്ടാം പിണറായി സർക്കാരിെൻറ പ്രയാണം ജനങ്ങളിൽ നിന്ന് അകന്നുകൊണ്ടുള്ള ഒന്നായിരുന്നുവെന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. ഭരണാധികാരിയിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന വിനയത്തിന് പകരം ധാർഷ്ട്യവും അഹങ്കാരവുമാണ് പ്രകടമായത്.
മാധ്യമപ്രവർത്തകരോടും സ്വന്തം അണികളോടുംപോലുമുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. മൈക്ക് ഓപറേറ്റർക്ക് പോലും അരികിലേക്ക് ചെല്ലാൻ ഭയമുണ്ടാക്കുന്ന രീതിയിലേക്ക് ഒരു ജനപ്രതിനിധി മാറിയത് ജനാധിപത്യത്തിന് ഭൂഷണമല്ല. സ്വന്തം പാർട്ടി പ്രവർത്തകെൻറ ചോദ്യത്തിന് ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന രീതിയിലുള്ള മറുപടികൾ ജനഹൃദയങ്ങളിൽ വലിയ മുറിവുകളുണ്ടാക്കി.
ഭരണതുടർച്ചക്കായി ചില നേതാക്കൾ പയറ്റിയ ഭൂരിപക്ഷ പ്രീണനവും വർഗീയ ചുവയുള്ള പ്രസ്താവനകളും ഈ വീഴ്ചയുടെ ആഴം കൂട്ടി. മതേതര കേരളം പല്ലിറുമ്മി വീക്ഷിച്ച കാഴ്ചയായിരുന്നു വർഗീയത വിതക്കുന്നവരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ പോലുമേറ്റിയത്. മാറാട് കലാപത്തെക്കുറിച്ച് ഓർമിപ്പിച്ച പ്രമുഖ നേതാവിെൻറ പ്രസംഗവും, മലപ്പുറത്തെയും കാസർഗോഡിലെയും തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ മുൻനിർത്തി സത്യപ്രതിജ്ഞയെ പോലും അവഹേളിക്കുംവിധം ഒരു മന്ത്രി നടത്തിയ പ്രസ്താവനയും കേരളത്തിെൻറ മതേതര മനസ്സാക്ഷിയെ മുറിപ്പെടുത്തി.
ഈ പോരായ്മകൾക്കെല്ലാം ജനങ്ങൾ നൽകിയ ചുട്ടമറുപടിയാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിക്കുന്നത്. എൽ.ഡി.എഫിെൻറ ഉരുക്കുകോട്ടകളായി കരുതിയിരുന്ന മണ്ഡലങ്ങൾ പോലും കടപുഴകി വീണു. തവനൂരിലെ തോൽവി ഇതിെൻറ വലിയ ഉദാഹരണമാണ്. 2006 മുതൽ പരാജയമറിയാത്ത കെ.ടി. ജലീൽ എന്ന അതികായനെതിരെ വി.എസ്. ജോയി നേടിയ വിജയം രാഷ്ട്രീയ കേരളത്തെ അത്ഭുതപ്പെടുത്തി.
ക്രിസ്ത്യൻ വോട്ടുകൾ തുലോം കുറവായ മണ്ഡലത്തിൽ ഉണ്ടായ ഈ മാറ്റം ഭരണത്തോടുള്ള പൊതുവായ അമർഷത്തിെൻറ സൂചനയാണ്. തിരുവമ്പാടിയിലും വൈക്കത്തും തൃക്കരിപ്പൂരിലുമെല്ലാം ഉണ്ടായ രാഷ്ട്രീയ അട്ടിമറികൾ മാറ്റത്തിെൻറ കാറ്റ് എത്ര ശക്തമാണെന്ന് തെളിയിക്കുന്നു.
ഏറ്റവും ശ്രദ്ധേയം മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടത്തെ ഫലമാണ്. യു.ഡി.എഫ് ഇതുവരെ ഭരിക്കാത്ത പഞ്ചായത്തുകളിൽ പോലും അവർക്ക് മുന്നിലെത്താൻ സാധിച്ചു എന്നത് ഭരണത്തലവെൻറ ജനപിന്തുണയിലുണ്ടായ ഇടിവാണ് കാണിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ മുപ്പതിനായിരത്തിലേറെ വോട്ടുകൾ കുറഞ്ഞാണ് അദ്ദേഹം ജയിച്ചുകയറിയത്. പയ്യന്നൂരിലും തളിപ്പറമ്പിലും ഉൾപ്പെടെ ഉണ്ടായ തിരിച്ചടികൾ എൽ.ഡി.എഫിന് തീരാകളങ്കമായി മാറിക്കഴിഞ്ഞു.
ജനാധിപത്യ സംവിധാനത്തിൽ ഭരണാധികാരികൾ യജമാനന്മാരല്ല, സേവകന്മാരാണെന്ന വലിയ സത്യമാണ് ഈ ഫലം നമ്മെ ഓർമിപ്പിക്കുന്നത്. എത്ര വലിയ ഭൂരിപക്ഷമുണ്ടായാലും ജനങ്ങളെയും അവരുടെ വികാരങ്ങളെയും അവഗണിച്ചുകൊണ്ടുള്ള രാജവാഴ്ചാ ശൈലി കേരളം വെച്ചുപൊറുപ്പിക്കില്ല എന്ന കൃത്യമായ സന്ദേശം ഈ ജനവിധിയിലുണ്ട്.
മാറ്റങ്ങൾ ഉൾക്കൊള്ളാനും ജനപക്ഷത്തേക്ക് ഇറങ്ങിച്ചെല്ലാനും ഭരണകൂടം തയ്യാറായില്ലെങ്കിൽ കാലം കരുതിവെച്ചിരിക്കുന്നത് ഇതിലും വലിയ തിരിച്ചടികളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

