മദീന ബസ് ഷട്ട്ൽ സർവിസ് റമദാൻ തുടക്കം മുതൽ
text_fieldsമദീനയിൽ ഷട്ട്ൽ സർവിസ് നടത്തുന്ന ബസുകളിലൊന്ന്
മദീന: വിശ്വാസികളുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്ത് മദീനയിലെ പ്രവാചക പള്ളിയിലേക്കും മസ്ജിദ് ഖുബായിലേക്കും ‘മദീന ബസ്’ ഷട്ട്ൽ സർവിസ് റമദാൻ ആരംഭത്തിൽതന്നെ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇരു പള്ളികളിലേക്ക് ആയിരക്കണക്കിന് വിശ്വാസികളുടെ യാത്ര സുഗമമാക്കാനും റോഡുകളിലെ വാഹനത്തിരക്ക് കുറക്കാനും മദീന വികസന അതോറിറ്റിയാണ് ഷട്ട്ൽ സർവിസ് ഏർപ്പെടുത്തുന്നത്.
കഴിഞ്ഞ റമദാനിലും ഈ സർവിസ് മദീനയിലെത്തിയ വിശ്വാസികൾക്ക് ഏറെ ഉപകാരപ്പെട്ടിരുന്നു. ഏഴ് സ്റ്റേഷനുകളിൽനിന്ന് ഇരു പള്ളികളിലേക്കും സർവിസുണ്ടാകും. വൈകീട്ട് മൂന്നിന് ആരംഭിച്ച് രാത്രി ഖിയാമുല്ലൈൽ പ്രാർഥനക്കുശേഷം ഒരു മണിക്കൂർ കൂടി ബസ് സർവിസ് ഉണ്ടാവും. കുടുംബങ്ങൾക്കും ഇരു പള്ളികളിലേക്കും യാത്ര ചെയ്യുന്നവർക്കും ഏറെ ഉപകാരപ്രദമാണ് ഈ ബസ് സർവീസ്.
24 മണിക്കൂറും പ്രവർത്തിക്കുന്ന അൽ സലാം, സയ്യിദ് ഷുഹദാഅ് സ്റ്റേഷനുകളൊഴികെ ദിവസത്തിൽ 18 മണിക്കൂർ ഷട്ട്ൽസർവിസ് സേവനം മറ്റിടങ്ങളിൽനിന്നും ലഭിക്കുന്ന വിധത്തിലാണ് പദ്ധതി. സ്പോർട്സ് സ്റ്റേഡിയം, ദുറത്ത് അൽ മദീന, സയ്യിദ് അൽ ഷുഹദാഅ്, ഇസ്ലാമിക് യൂനിവേഴ്സിറ്റി, അൽ ഖാലിദിയ ഡിസ്ട്രിക്റ്റ്, ശാത്വിയ ഡിസ്ട്രിക്റ്റ്, ബാനി ഹാരിസ എന്നീ സ്റ്റേഷനുകളിൽനിന്നാണ് പ്രവാചകന്റെ പള്ളിയിലേക്ക് സർവിസ്.
ഖുബാ പള്ളിയിലേക്ക് വിശ്വാസികളെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകാൻ അൽ ആലിയ മാളിലെ പാർക്കിങ് സ്ഥലം നിശ്ചയിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ബസ് സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കുകളും അടക്കമുള്ള വിശദവിവരങ്ങൾ https://madinahbus.mda.gov.sa/index.html എന്ന ലിങ്ക് വഴി അറിയാമെന്ന് മദീന വികസന അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

