അന്താരാഷ്ട്ര ശ്രദ്ധയിൽ മദാഇൻ സ്വാലിഹിലെ 'അത്ലബ് പർവതം'
text_fieldsമദാഇൻ സ്വാലിഹിലെ ‘അത്ലബ്’ പർവതം
യാംബു: അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇടംപിടിച്ച് മദാഇൻ സ്വാലിഹിലെ 'അത്ലബ് പർവതം'. സൗദി അറേബ്യയിൽനിന്ന് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സുപ്രധാന ചരിത്ര, പൈതൃക കേന്ദ്രമാണ് മദാഇൻ സ്വാലിഹ്. അതിലെ പ്രധാനപ്പെട്ട പർവതമാണ് 'അത്ലബ്'. സി.എൻ.എൻ അത്ലബ് പർവതത്തിന്റെ സചിത്ര റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. സൗദി ഫോട്ടോഗ്രാഫർ മുഹമ്മദ് അൽ ജുറൈബി എടുത്ത ഫോട്ടോകളാണ് ഉപയോഗിച്ചിരിക്കുന്നത്. മദാഇൻ സ്വാലിഹിന്റെ ചരിത്രവും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ഒരു കാലത്ത് പ്രതാപത്തിന്റെ ഉന്നത ശ്രേണിയിൽ വിരാജിക്കുകയും പിന്നീട് ചരിത്രത്തിന്റെ ഭാഗമായി നാമാവശേഷമാകുകയും ചെയ്ത ചരിത്രത്തിൽ ഇടം പിടിച്ച പ്രദേശം മദീനയുടെ വടക്കുഭാഗത്ത് 400 കിലോമീറ്റർ അകലെ അൽ ഉല ഗവർണറേറ്റ് പരിധിയിലാണ്. അൽ ഉല ടൗണിൽനിന്ന് 23 കിലോമീറ്റർ സഞ്ചരിക്കണം മദാഇൻ സ്വാലിഹിൽ എത്താൻ. 14.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള മദാഇൻ സ്വാലിഹ് പ്രദേശത്ത് ശിലായുഗത്തിലെ മനുഷ്യവാസത്തിന്റെ ശേഷിപ്പുകളുണ്ട്. രണ്ടാം നൂറ്റാണ്ടിൽ 'നബാത്തി ജനത' മദാഇൻ സ്വാലിഹ് കീഴടക്കിയതായും അവിടത്തെ ഭീമാകാരമായ പാറകൾ തുരന്ന് ആരാധനാലയങ്ങളും ശവകുടീരങ്ങളും നിർമിച്ചതായും ചരിത്രം രേഖപ്പെടുത്തുന്നു.
പ്രകൃതിയുടെ കരവിരുതിൽ തീർത്ത ശിൽപഭംഗിയും അവിടെനിന്ന് കണ്ടെത്തിയ പുരാവസ്തുക്കളും പാറകളിൽ തീർത്ത കൊത്തുപണികളും ശിലാരേഖകളും സന്ദർശകരെ ഹഠാദാകർഷിക്കുന്നു. പ്രദേശത്തെ 'അത്ലബ്' പർവതത്തിന്റെ ഏറ്റവും വലിയ ആകർഷണം പാറയിൽ കൊത്തിയെടുത്ത 'ദിവാൻ' എന്ന് നാമകരണം ചെയ്ത വലിയ ഹാളാണ്.
രാജകീയ വിരുന്നുകൾക്കും യോഗങ്ങൾക്കും ഒത്തുചേരലുകൾക്കും വേണ്ടിയുള്ളതായിരിക്കണം ഇതെന്നാണ് ചരിത്ര നിഗമനം.
10 മീറ്റർ വീതിയും 12 മീറ്റർ നീളവും എട്ടു മീറ്റർ ഉയരവുമുള്ള ചതുരാകൃതിയിലുള്ള ഇവിടത്തെ മുറിക്ക് എട്ടു മീറ്റർ നീളവും ഏഴു മീറ്റർ വീതിയും അഞ്ചു മീറ്റർ ഉയരവുമുള്ള ഒരു പ്രവേശന കവാടമുണ്ട്. സമ്പന്നമായ പൗരാണിക ചരിത്രം കുടികൊള്ളുന്ന പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കിയാണ് നൂറുകണക്കിന് സന്ദർശകർ ദിവസവും ഇവിടെ എത്തുന്നത്.
ആധുനിക സാങ്കേതിക സൗകര്യങ്ങളും ഉപകരണങ്ങളും ഇല്ലാത്ത ഒരു കാലത്ത് കഠിനമായ പാറകൾ തുരന്ന് ഇവിടത്തെ നിർമിതികൾ എങ്ങനെയുണ്ടാക്കി എന്നതാണ് വിസ്മയം തീർക്കുന്നതെന്ന് സി.എൻ.എൻ ലേഖനത്തിൽ പറയുന്നു.
'അത്ലബ്' പർവതത്തിൽ പ്രാചീന മതാചാരങ്ങളുമായി ബന്ധപ്പെട്ട നിരവധി കൊത്തുപണികളുണ്ട്. പർവതനിരയുടെ നടുവിലൂടെ അരുവി ഒഴുകിയിരുന്നതായി അനുമാനിക്കുന്നു. പർവതത്തിന്റെ വശങ്ങളിലെ പാറകളിൽ കഴുകന്മാരുടെയും പരുന്തുകളുടെയും ചിത്രരൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. പൗരാണിക നാഗരികതകളിൽ ഏറെ പഴക്കമുള്ള മദാഇൻ സ്വാലിഹ് ആദ്യകാലത്ത് അൽ ഹിജ്ർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

