Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക ബസ് സര്‍വീസ്...

മക്ക ബസ് സര്‍വീസ് പദ്ധതി: മൂന്ന് ബില്യന്‍ റിയാല്‍ ചെലവ്, 500 ബസുകളുണ്ടാകും

text_fields
bookmark_border
മക്ക ബസ് സര്‍വീസ് പദ്ധതി: മൂന്ന് ബില്യന്‍ റിയാല്‍ ചെലവ്, 500 ബസുകളുണ്ടാകും
cancel

ജിദ്ദ: ഒന്നാംഘട്ട മക്ക പൊതുഗതാഗത പദ്ധതിക്ക് കീഴിലെ  ബസ് സര്‍വീസ് പദ്ധതിക്ക് മൂന്ന് ബില്യണിലധികം റിയാല്‍ ചെലവ് വരുമെന്ന് കണക്ക്. മക്ക മേഖല ഗവര്‍ണറേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെയാണ് ഒന്നാംഘട്ട മക്ക പൊതുഗതാഗത പദ്ധതിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കിയത്. പദ്ധതി നടപ്പിലാക്കുന്നതോടെ മസ്ജിദുല്‍ ഹറാമിലേക്കുള്ള തീര്‍ഥാടകരുടെ യാത്ര  എളുപ്പമാകും. ഒന്നാംഘട്ട പദ്ധതിക്ക് കീഴില്‍ 500 ഓളം ബസുകള്‍ സേവനത്തിനുണ്ടാകുമെന്ന് ഗവര്‍ണറേറ്റ് വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കാന്‍ അനുമതി നല്‍കിയതില്‍ ഗവണ്‍മെന്‍റിന് മക്ക മേയര്‍ ഡോ. ഉസാമ അല്‍ബാറ്, മക്ക മേഖല വികസന അതോറിറ്റി സെക്രട്ടറി ഡോ. ഹിശാം അബ്ദുറഹ്മാന്‍ അല്‍ഫാലിഹ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി. 
പദ്ധതിക്ക് പൂര്‍ണമായും മേല്‍നോട്ടം വഹിക്കുക മക്ക ഗവര്‍ണറുടെ അധ്യക്ഷതയിലുള്ള  വികസന അതോറിറ്റിയായിരിക്കുമെന്ന് മക്ക മേഖല ഗവര്‍ണറേറ്റ് വക്താവ് സുല്‍ത്താന്‍ അല്‍ദോസരി പറഞ്ഞു. പൊതുഗതാഗത ബസ് പദ്ധതിയെ മക്ക പൊതുഗതാഗത പദ്ധതിക്ക് കീഴിലാക്കും. പദ്ധതി നടപ്പിലാക്കുന്നതിന് അലയന്‍സ് സ്ഥാപനമായ നാഷനല്‍ എക്സ്പ്രസ് ആന്‍റ് ട്രക്കുമായി ധാരണയുണ്ട്. 3.122 ബില്യന്‍ റിയാല്‍ ചെലവ് വരും. 500 ബസുകള്‍ പദ്ധതിക്ക് കീഴില്‍ സര്‍വീസിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മക്കയുടെ മുഴുവന്‍ ഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന 12 ലൈനുകളോട് കൂടിയതാണ് പദ്ധതി.  മക്കയുടെ പ്രവേശന കവാടങ്ങളിലത്തെുന്നവര്‍ക്കും ബസ് സേവനം ലഭ്യമാകും. ജിദ്ദ എക്സ്പ്രസ് റോഡ്, മദീന, അലീത്, സൈല്‍ എന്നീ പ്രവേശന കവാടങ്ങളുമായി ബന്ധിപ്പിക്കും. പദ്ധതി പൂര്‍ത്തിയാകാന്‍ പത്ത് വര്‍ഷമെടുക്കും. ബസ് റിപ്പയറിങും മെയിന്‍റനന്‍സും മക്ക പൊതു ഗതാഗത പദ്ധതിക്ക് കീഴിലായിരിക്കും. 
പൊതു ഗതാഗത പദ്ധതിക്ക് കീഴിലെ മക്ക മെട്രോ ട്രെയിന്‍ പദ്ധതിക്കും ഗവണ്‍മെന്‍റ് അനുമതി നല്‍കിയിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും ഇതു നടപ്പിലാക്കുക. ആദ്യ മെട്രോ ട്രെയിന്‍ പദ്ധതിയായ ഗ്രീന്‍ ലൈന്‍ 11 കിലോമീറ്ററില്‍ ഏഴ് സ്റ്റേഷനുകളോട് കൂടിയതാണ്. മിനയിലെ മശാഇര്‍ മെട്രോ സ്റ്റേഷനുമായും  മസ്ജിദുല്‍ ഹറാമിനടുത്ത് വടക്ക് മര്‍വ സ്റ്റേഷനുമായും ഇതിനെ ബന്ധിപ്പിക്കും. മക്ക പ്രവേശന കവാടമായ പടിഞ്ഞാറ് റുസൈഫയിലെ അല്‍ഹറമൈന്‍ സ്റ്റേഷനുമായും മക്ക മെട്രോയെ ബന്ധിപ്പിക്കുമെന്ന് മക്ക മേഖല ഗവര്‍ണറേറ്റ് വക്താവ് പറഞ്ഞു.മക്കയുടെ മുഖഛായ മാറ്റുന്നതാണ് പദ്ധതി. പൂര്‍ണമായും നടപ്പിലാക്കുന്നതോടെ മക്കയുടെ ചരിത്രത്തില്‍ ഗതാഗത രംഗത്ത് നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതിയാകും ഇത്. ബസ്, ട്രെയിന്‍ സര്‍വീസുകള്‍ ഉള്‍ക്കൊള്ളുന്നതാണ്  പൊതുഗതാഗത പദ്ധതി. എക്സ്പ്രസ് ബസ് സര്‍വീസ് പദ്ധതി 120 കിലോമീറ്ററില്‍ 200 ബസ് സ്റ്റേഷനുകളോട് കൂടിയതാണ്. മസ്ജിദുല്‍ ഹറാമിലെ തീര്‍ഥാടകരുടെ സേവനത്തിനാണ് പ്രാദേശിക ബസ് സര്‍വീസ് പദ്ധതി. 130 കിലോ മീറ്ററില്‍ 240 സ്റ്റേഷനുകളോട് കൂടിയതാണിത്. ഫീഡര്‍ ബസ് സര്‍വീസ് പദ്ധതി എന്ന പേരില്‍ റെയില്‍വേ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന അഞ്ച് മുതല്‍ പത്ത് കിലോമീറ്റര്‍ ഓടുന്ന ബസ് സര്‍വീസുകളും പദ്ധതിക്ക് കീഴിലുണ്ട്. വിവിധ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്കിടയിലെ യാത്രക്ക് ഷട്ടില്‍ ബസ് സര്‍വീസുമുണ്ടാകും. മെട്രോ ട്രെയിന്‍ പദ്ധതി നാല് ലൈനുകളോട് കൂടിയതാണ്. മൊത്തം 182 കിലോമീറ്റര്‍ നീളമുള്ള മെട്രോ പദ്ധതിക്ക് കീഴില്‍ 88 സ്റ്റേഷനുകളുണ്ടാകും. അല്‍ലൈസ് റോഡ് മുതല്‍ സൈല്‍ റോഡ് വരെയുള്ളതാണ് ഒരു  ലൈന്‍. ഹറമിന്‍െറ വടക്ക് ഭാഗത്ത് കൂടെ കടന്നുപോകുന്ന ഇതിന്‍െറ നീളം 54.2 കിലോമീറ്റാണ്. 27 സ്റ്റേഷനുകളുണ്ടാകും. രണ്ടാമത്തെ ലൈന്‍ ജംറകളില്‍ നിന്ന് തുടങ്ങി ഹറമിന്‍െറ വടക്ക് ഭാഗത്ത് കൂടെ കടന്നുപോയി മക്ക ജിദ്ദ എക്സ്പ്രസ് റോഡ് വരെ എത്തുന്നതാണ്. 32.1 കിലോമീറ്ററുള്ള ഈ ലൈനിന് കീഴില്‍ 15 സ്റ്റേഷനുകളുണ്ടാകും. മൂന്നാമത്തേത് മദീന റോഡില്‍ നിന്ന് തുടങ്ങി ഹറമിന്‍െറ പടിഞ്ഞാറെ ഭാഗത്ത് കൂടെ കടന്നുപോയി ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയില്‍ എത്തുന്നതാണ്. 48.1 കിലോമീറ്ററുള്ള ഈ ലൈനില്‍ 21 സ്റ്റേഷനുകളുണ്ടാകും. നാലാമത്തേത് മക്ക ജിദ്ദ പഴയ റോഡില്‍ നിന്ന് തുടങ്ങി ഹറമിന്‍െറ പടിഞ്ഞാറ് ഭാഗത്തു കൂടെ കടന്നുപോയി ഇബ്രാഹീം ഖലീല്‍ റോഡിലത്തെുന്നതാണ് . 47.3 കിലോമീറ്ററുള്ള ഈ ലൈനിന് കീഴില്‍ 25 സ്റ്റേഷനുകളുണ്ടാകും.  മാസങ്ങള്‍ നീണ്ട പഠനങ്ങള്‍ക്കും സര്‍വേകള്‍ക്കും ശേഷമാണ് മക്ക പൊതു ഗതാഗത പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - maca bus service
Next Story