സൗദി ഡിജിറ്റൽ ബാങ്കിൽ എം.എ. യൂസുഫലിക്ക് ഓഹരി പങ്കാളിത്തം
text_fieldsഎം.എ. യൂസുഫലി
റിയാദ്: സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലിക്ക് ഓഹരി പങ്കാളിത്തം. പുതുതായി രൂപവത്കരിച്ച വിഷൻ ബാങ്കിന്റെ 10 ശതമാനം ഓഹരികളാണ് യൂസുഫലിക്ക് നൽകിയത്. ഓഹരി പങ്കാളിത്തം നേടുന്ന സൗദി പൗരനല്ലാത്ത ഏക വ്യക്തിയാണ് യൂസുഫലി.
പ്രമുഖ സൗദി വ്യവസായിയായ ശൈഖ് സുലൈമാൻ അബ്ദുറഹ്മാൻ അൽ റാഷിദ് ചെയർമാനായ വിഷൻ ബാങ്കിൽ പ്രമുഖരായ സൗദി വ്യവസായികൾക്കും സ്ഥാപനങ്ങൾക്കുമാണ് യൂസുഫലിയെ കൂടാതെ ഓഹരി പങ്കാളിത്തമുള്ളത്. 600 കോടി റിയാലാണ് (12,000 കോടി രൂപ) ബാങ്കിെൻറ മൂലധനം. ഈ വർഷാവസാനത്തോടെ വിഷൻ ബാങ്ക് പൂർണ രീതിയിൽ പ്രവർത്തനസജ്ജമാകും. ലോകത്തെ മുൻനിര സാമ്പത്തിക കേന്ദ്രമാകാൻ ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഡിജിറ്റൽ ബാങ്കിങ് മേഖലയിലെ സാന്നിധ്യം ശക്തമാക്കുന്നത്.
വിഷൻ ബാങ്ക്, എസ്.ടി.സി എന്നിവയടക്കം മൂന്ന് ഡിജിറ്റൽ ബാങ്കുകൾക്കാണ് സൗദി ഭരണകൂടം പ്രവർത്തനാനുമതി നൽകിയത്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആവിഷ്കരിച്ച ഏറ്റവും വലിയ പരിഷ്കരണ പദ്ധതിയായ വിഷൻ 2030െൻറ നയങ്ങൾക്കനുസരിച്ചാണ് ഡിജിറ്റൽ ബാങ്കുകൾ പ്രവർത്തിക്കുക.