ലുലുവിന്റെ സൗദിയിലെ 59ാമത്തെ സ്റ്റോർ ഉനൈസയില്‍ തുറന്നു
text_fieldsലുലുവിന്റെ സൗദിയിലെ 59ാമത്തെ സ്റ്റോർ ഉനൈസയില്‍ ഗവര്‍ണര്‍ അബ്ദുറഹ്മാന് ഇബ്രാഹിം അല്‍സാലിം ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി അറേബ്യയുടെ പുരോഗതിക്കൊപ്പം പ്രയാണം നടത്തുകയെന്ന ലക്ഷ്യസാക്ഷാത്കാരത്തിന്റെ ഭാഗമായി ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് അതിന്റെ സൗദിയിലെ 59ാമത്തെ സ്റ്റോർ നജ്ദ് ഗവര്ണറേറ്റിനു കീഴിലെ ഉനൈസയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉനൈസ ഗവര്‍ണര്‍ അബ്ദുറഹ്മാന് ഇബ്രാഹിം അല്‍സാലിം മുഖ്യാതിഥിയായ ചടങ്ങിലായിരുന്നു ഉനൈസ ലുലുവിന്റെ ഔപചാരിക ഉദ്ഘാടനം.
ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ലുലു മാനേജ്മെൻറ് സാരഥികള്‍ ഗവര്‍ണറെ വരവേറ്റു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മധ്യപ്രവിശ്യാ റീജനൽ ഡയറക്ടര്‍ ഹാത്തിം എം.സിയുള്പ്പെടെയുള്ളവര് പങ്കെടുത്തു.
വിഷന്‍ 2030ന്റെ സുശോഭന വീക്ഷണവും വളര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സൗദി ഭരണാധികാരികളോടുള്ള ലുലുവിന്റെ പ്രതിജ്ഞാബദ്ധത കൂടിയാണ് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വികസനപദ്ധതിയെന്ന് ലുലു ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി പ്രസ്താവിച്ചു. സൗദിയുടെ സര്വതോന്മുഖ പുരോഗതിയോടൊപ്പം ലുലുവിന്റെ വിജയകരമായ യാത്രയുടെ ഭാഗമായാണ് സൗദിയിലെങ്ങും ലുലു ശാഖകളുടെ ഉദ്ഘാടനമെന്നും യൂസുഫലി കൂട്ടിച്ചേര്‍ത്തു.
73,700 ചതുരശ്രയടി വിസ്തീര്‍ണത്തിൽ ഒറ്റനിലകെട്ടിടത്തില് നിരവധി ഫീച്ചറുകളുമായി പ്രവര്‍ത്തനമാരംഭിച്ച ഉനൈസയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആൻഡ് ഡിപ്പാര്‍ട്മെൻറ് സ്റ്റോര്‍, 22 ചെക്ക്ഔട്ട് കൗണ്ടറുകളുമായി ലുലു ഗ്രൂപ്പിന്റെ ഇന്നോളമുള്ള കസ്റ്റമര്‍ സൗഹൃദ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ തെളിവ് കൂടിയാണ്.
പരിസ്ഥിതി സൗഹൃദമെന്ന ലുലുവിന്റെ ആപ്തവാക്യത്തിന്റെ തെളിവായി ഗ്രീന്‍ ചെക്കൗട്ട് കൗണ്ടറുകളും ഉനൈസ ലുലുവിലുണ്ട്. പേപ്പര്‍ലെസ് ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കാനായി ഇ -റെസിറ്റ് ചെക്കൗട്ട് കൗണ്ടറുകളുമുണ്ട്. 213 പാര്‍ക്കിങ് സ്പേസുകളുള്ളത് ഉപഭക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്.
ഡയറ്റ് ഭക്ഷണശൈലിക്കാര്‍ക്കുള്ള ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഫ്രീ ഫ്രം ഫുഡ്സ് വിഭാഗം, പെറ്റ് ഫുഡ് വിഭാഗം, ഫ്രഷായി പാചകം ചെയ്ത സുഷി, ഗ്രില്‍ഡ് ഫിഷ് വിഭാഗം, പ്രീമിയം മീറ്റ് വിഭാഗം തുടങ്ങി ഇറക്കുമതി ചെയ്ത ഭക്ഷ്യോല്പന്നങ്ങളുടെ ശേഖരവും ലുലു ഉനൈസയിലുണ്ട്. ഫ്രഷ് ഭക്ഷ്യഇനങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ലുലു ഫോര്‍ത്ത് കണക്ട് (ഡിജിറ്റല്‍ ആൻറ് ഇലക്ട്രോണിക്സ്), ബി.എല്‍.എസ്.എച്ച് , ഐ എക്സ്പ്രസ് കോസ്മെറ്റിക് ട്രെന്റുകളും സൗന്ദര്യസംവര്‍ധക വസ്തുക്കളും ഒപ്പം സജ്ജീകരിച്ചിട്ടുണ്ട്. ഉന്നതനിലവാരത്തിലുള്ള ഫെസ്റ്റിവ് കള്‍ചറിന്റെ ലുലു ബ്രാന്റുകളും സ്മാര്‍ട്ട് കാഷ്വല്‍ ആര്.ഇ.ഒ ബ്രാൻറുകളുമാണ് ലുലു ഉനൈസയിലെ മറ്റൊരു സവിശേഷത.
ലുലു സൗദി ഹൈപ്പർ മാർക്കറ്റ് ഇതിനകം സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലും അറാംകോ, നാഷനൽ ഗാർഡ്, നിയോം എന്നിവിടങ്ങളിലെ കോമ്പൗണ്ടുകളിലുമായി 59 ഹൈപ്പർ മാർക്കറ്റുകൾ, കമീഷ നറികൾ, മിനി മാർക്കറ്റുകൾ എന്നിവ വിജയകരമായി നടത്തുന്നുണ്ട്.

