സൗദിയിൽ ആഘോഷപ്പൊലിമയോടെ ‘ലുലു ഇന്ത്യ ഫെസ്റ്റ്’
text_fieldsസൗദി അറേബ്യയിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലെ ‘ഇന്ത്യ ഫെസ്റ്റ്’ ആഘോഷം ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ഇന്ത്യ ഫെസ്റ്റിന്’ വർണാഭമായ തുടക്കം. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഊഷ്മളമായ സാംസ്‌കാരിക ബന്ധം വിളിച്ചോതുന്ന മേള, റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ ഒരേസമയം നടന്ന ഉദ്ഘാടന ചടങ്ങുകളോടെയാണ് ആരംഭിച്ചത്.
റിയാദിൽ നടന്ന ചടങ്ങിൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സൗദി ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ യുവത്വത്തിന്റെയും പ്രവാസി പ്രതിഭകളുടെയും സംഗമവേദിയായി മാറിയ ഇന്ത്യ ഫെസ്റ്റിൽ കുട്ടികൾക്കായി വിപുലമായ മത്സരങ്ങൾ ഒരുക്കി.
ചിത്രരചന, ഫാൻസി ഡ്രസ് തുടങ്ങിയ മത്സരങ്ങളിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. റിയാദ്, ജിദ്ദ, ദമ്മാം മേഖലകളിലെ ഇന്ത്യൻ സ്കൂളുകളുമായി സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വൈവിധ്യമാർന്ന ഇന്ത്യൻ നൃത്തരൂപങ്ങൾ കാണികളിൽ ആവേശം പകർന്നു. ഇന്ത്യയുടെ കാർഷിക-വ്യവസായ കരുത്ത് വിളിച്ചോതുന്ന വിപുലമായ ഉൽപന്ന പ്രദർശനമാണ് ഹൈപ്പർമാർക്കറ്റുകളിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഓർഗാനിക് ഉത്പന്നങ്ങൾ എന്നിവയുടെ വൻ ശേഖരം മേളയിലുണ്ട്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ തനത് വിഭവങ്ങൾ പരിചയപ്പെടുത്തുന്ന പ്രത്യേക ഭക്ഷ്യവിഭാഗം ഫെസ്റ്റിന്റെ പ്രധാന ആകർഷണമാണ്.
വൻ ഓഫറുകൾ
ഫെസ്റ്റിനോടനുബന്ധിച്ച് എല്ലാ വിഭാഗങ്ങളിലും ആകർഷകമായ വിലക്കിഴിവ് ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രോസറി, ഫാഷൻ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ തുടങ്ങിയവക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാണ്. ഇന്ത്യൻ ഉൽപന്നങ്ങളുടെ ഗുണമേന്മയും വൈവിധ്യവും സൗദിയിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൗദിയിലെ പ്രവാസി സമൂഹത്തിന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഒരു പുത്തൻ അനുഭവമാക്കുന്ന ലുലു ഇന്ത്യ ഫെസ്റ്റ് വരുംദിവസങ്ങളിലും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

