സൗദി ദേശീയ ദിനാഘോഷത്തിന് തിളക്കം പകർന്ന് ലോകത്തെ ഏറ്റവും വലിയ ഷാറ്റേർഡ് ഗ്ലാസ് ആർട്ട് തീർത്ത് ലുലു ഗ്രൂപ്പ്
text_fieldsലോകത്തെ ഏറ്റവും വലിയ ഷാറ്റേർഡ് ഗ്ലാസ് ആർട്ട് ഒരുക്കിയ ലുലു ഗ്രൂപ്പിന് ഗിന്നസ് റെക്കോർഡ് കൈമാറിയപ്പോൾ
അൽഖോബാർ: 95-മത് സൗദി ദേശീയ ദിനാഘോഷ വേളയിൽ സൗദി അറേബ്യയെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച് ലുലു ഗ്രൂപ്പ്. അൽഖോബർ ന്യൂ കോർണീഷിൽ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി തീർത്ത ഏറ്റവും വലിയ ഷാറ്റേർഡ് ഗ്ലാസ് ആർട്ടാണ് ഗിന്നസ് ലോക റെക്കോർഡിൽ ഇടം പിടിച്ചത്.
ഈ വർഷത്തെ സൗദി ദേശീയ ദിന ഔദ്യോഗിക ചിഹ്നം ആലേഖനം ചെയ്ത കലാസൃഷ്ടി അൽഖോബാർ മുനിസിപ്പാലിറ്റിയുടെയും യൂണിലിവറിൻ്റെയും (കംഫർട്ട്) സഹകരണത്തോടെയാണ് ലുലു ഗ്രൂപ്പ് തയ്യാറാക്കിയത്. രാജ്യത്തിൻ്റെ അഭിമാനവും പാരമ്പര്യവും ഐക്യവും അടയാളപ്പെടുത്തുന്ന ഗ്ലാസ് ആർട്ട് അൽഖോബർ മുനിസിപ്പാലിറ്റിക്ക് സമ്മാനിച്ചു. ഇതോടെ കിഴക്കൻ പ്രവിശ്യയെ ചരിത്ര പ്രസക്തിയോടെ അടയാളപ്പെടുത്തുന്ന അഭിമാന ചിഹ്നമായി കൂടി ഗ്ലാസ് ആർട്ട് മാറി.
ലുലു ഗ്രൂപ്പ് ഒരുക്കിയ ഷാറ്റേർഡ് ഗ്ലാസ് ആർട്ട്
നൂതനവും വേറിട്ടതുമായ ഷാറ്റേർഡ് ഗ്ലാസ് പെയിന്റിംഗ് സൃഷ്ടികളിലൂടെ പ്രശസ്തനായ സൗദി ദൃശ്യ കലാകാരൻ അസീൽ അൽ മുഗ്ളൗത്താണ് ഈ അതുല്യ കലാസൃഷ്ടിക്ക് രൂപം നൽകിയത്. എഞ്ചിനീയറിംഗ് വൈദഗ്ധ്യവും കലയും സംയോജിപ്പിച്ച് ഗ്ലാസ് ആർട്ടിലൂടെ മനോഹര കലാസൃഷ്ടികളൊരുക്കുന്നതിൽ സൗദിയിലും അറബ് ലോകത്തുടനീളവും അംഗീകരിക്കപ്പെട്ട കലാകാരൻ കൂടിയാണ് അസീൽ.
അൽ ഖോബർ ന്യൂ കോർണിഷിൽ നടന്ന ചടങ്ങിൽ അൽഖോബർ മുനിസിപ്പാലിറ്റി ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ നെയ്ഫ് അൽ സുവെയ്, മീഡിയ ആൻഡ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ സുൽത്താൻ അൽ ഒതെയ്ബി, ലുലു സൗദി ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ഈസ്റ്റേൺ പ്രൊവിൻസ് റീജിയനൽ ഡയറക്ടർ ഷംനാസ് പള്ളിക്കണ്ടി, എക്സിക്യൂട്ടീവ് മാനേജർ എഞ്ചിനീയർ മുഹമ്മദ് അഹമ്മദ് അബ്ദുൾ ജലീൽ ബുബുഷെയ്ത് തുടങ്ങി വിശിഷ്ടാതിഥികളും, മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ദേശീയ ദിനാഘോഷ വേളയിൽ സൗദിയുടെ അഭിമാനവും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന അഭിമാനകരമായ കലാസൃഷ്ടിയൊരുക്കിയതിനും ഗിന്നസ് സമ്മാനിച്ചതിനും ലുലുവിനെ അഭിനന്ദിക്കുന്നതായി അൽഖോബാർ മുനിസിപ്പാലിറ്റി ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ നെയ്ഫ് അൽ സുവെയ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഗ്ലാസ് ആർട്ടിലൂടെ സൗദി ദേശീയ ദിനാഘോഷം ഗംഭീരമാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ലുലു സൗദി ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. സൗദിയിലെ ജനങ്ങളോടുളള ആത്മാർത്ഥമായ ആദരവാണ് ഈ കലാസൃഷ്ടി. അകമഴിഞ്ഞ പിന്തുണ നൽകിയ അൽഖോബാർ മുനിസിപ്പാലിറ്റി, യൂണിലിവർ, ജനറൽ എൻ്റർടെയ്ൻമെൻറ് അതോറിറ്റി, കലാകാരൻ അസീൽ അൽ മുഗ്ളൗത്ത് എന്നിവർക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

