‘ലഗേജില്ലാത്ത ഹജ്ജ്’ സംവിധാനം വിപുലീകരിക്കും; ലക്ഷം തീർഥാടകർക്ക് പ്രയോജനപ്രദമാകും
text_fieldsജിദ്ദ: അടുത്ത വർഷത്തെ ഹജ്ജിൽ ‘ലഗേജില്ലാത്ത ഹജ്ജ്’ സംവിധാനം വിപുലീകരിക്കുന്നു. ഇതിന്റെ പ്രയോജനം 15 ലക്ഷം തീർഥാടകർക്ക് ലഭിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുന്നു. എയർപോർട്ട്സ് ഹോൾഡിങ് കമ്പനിയാണ് ഇതിന് പദ്ധതിയിടുന്നത്. തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും രാജ്യത്തിന്റെ വിമാനത്താവളങ്ങളിലെ അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ‘ലഗേജില്ലാത്ത ഹജ്ജ്’ സംരംഭം വിപുലീകരിക്കുന്നതിലൂടെ ഇത് കൈവരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും കമ്പനി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കമ്പനി സി.ഇ.ഒ മുഹമ്മദ് ഖൈറുദ്ദീൻ പറഞ്ഞു.
ജിദ്ദ സൂപ്പർ ഡോമിൽ നടന്ന ഹജ്ജ് സമ്മേളനത്തിലും പ്രദർശനത്തിലും എയർപോർട്ട്സ് ഹോൾഡിങ് കമ്പനി അവരുടെ ‘ലഗേജില്ലാത്ത ഹജ്ജ്’ സേവനം പ്രദർശിപ്പിച്ചിട്ടുണ്ട്. സൗദി വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുക, കാത്തിരിപ്പ് സമയം കുറയ്ക്കുക, താമസ കേന്ദ്രങ്ങളിൽനിന്ന് വിമാനത്തിലേക്ക് കൊണ്ടുപോകുന്ന ലഘു വസ്തുക്കൾക്ക് മാത്രമായി ലഗേജ് പരിമിതപ്പെടുത്തുക എന്നിവയാണ് ഈ സേവനം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഹജ്ജ് സീസണിൽ ലോകമെമ്പാടുമുള്ള 43 രാജ്യങ്ങളിൽനിന്നുള്ള 10 ലക്ഷത്തിലധികം തീർഥാടകർക്ക് ഈ സേവനം പ്രയോജനപ്പെട്ടു. ഹജ്ജ്, ഉംറ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് ഇത് നടപ്പാക്കിയത്. ഹജ്ജ് സീസണിൽ രാജ്യത്തിന്റെ വിമാനത്താവളങ്ങൾ വഴി എത്തുന്ന എല്ലാ അന്താരാഷ്ട്ര തീർഥാടകർക്കും ഇത് അത്യാവശ്യ സേവനമായി മാറിയെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

