സൗദിയിൽ പൂർണതോതിലുള്ള വാഹന നിർമാണത്തിനൊരുങ്ങി ലൂസിഡ് മോട്ടോഴ്‌സ്
text_fieldsജിദ്ദ: സൗദി അറേബ്യയെ ആഗോള ഇലക്ട്രിക് വാഹന നിർമാണ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് മോട്ടോഴ്‌സ് തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നു. നിലവിൽ ജിദ്ദയിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ സമുച്ചയത്തിൽ നടന്നുവരുന്ന വാഹനങ്ങളുടെ അസംബ്ലിങ് ഘട്ടത്തിൽ നിന്നും മാറി, ഉടൻ തന്നെ കാറുകൾ പൂർണമായും രാജ്യത്തിനുള്ളിൽ നിർമിക്കുന്ന ഘട്ടത്തിലേക്ക് കടക്കുമെന്ന് ലൂസിഡ് മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ഫൈസൽ സുൽത്താൻ പ്രഖ്യാപിച്ചു.
കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയുമായി സഹകരിച്ച് മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഇലക്ട്രിക് വാഹന ഇന്നൊവേഷൻ സെന്റർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് അദ്ദേഹം ഈ നിർണായക വിവരം പങ്കുവെച്ചത്. ഇതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും കാർ നിർമാണത്തിന് ആവശ്യമായ എട്ടോളം കെട്ടിടങ്ങൾ ഇതിനോടകം പൂർത്തിയായതായും അദ്ദേഹം സൂചിപ്പിച്ചു. അസംബ്ലി യൂനിറ്റിൽ നിന്ന് പൂർണമായും സംയോജിത നിർമാണ യൂനിറ്റിലേക്ക് മാറുന്നതോടെ ലൂസിഡ് കാറുകൾ പൂർണ അർഥത്തിൽ ‘മെയ്ഡ് ഇൻ സൗദി’ ആയി മാറും.
സൗദിയിൽ നിർമിക്കുന്ന ഈ വാഹനങ്ങൾ കേവലം പ്രാദേശിക വിപണിയിലോ ജി.സി.സി രാജ്യങ്ങളിലോ മാത്രം ഒതുക്കിനിർത്താതെ ലോകമെമ്പാടുമുള്ള വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. റെക്കോഡ് സമയത്തിനുള്ളിൽ ആഗോളതലത്തിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്താൻ ലൂസിഡിന് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ‘ലക്ഷ്വറി കാർ ഓഫ് ദി ഇയർ’ ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയത് വാഹനത്തിന്റെ ഗുണനിലവാരത്തിന് ലഭിച്ച വലിയ അംഗീകാരമാണ്.
നിലവിൽ സൗദി അറേബ്യയിലും യു.എ.ഇയിലും ലൂസിഡിന് ശക്തമായ സാന്നിധ്യമുണ്ട്. വൈകാതെ തന്നെ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും തങ്ങളുടെ വിപണി വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. വർഷംതോറും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിലൂടെ ലോകോത്തര നിലവാരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും ഫൈസൽ സുൽത്താൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

