കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം; ദമ്മാം ആസ്ഥാനമായി പുതിയ വിമാന കമ്പനി
text_fieldsസൗദി ഗതാഗത–ലോജിസ്റ്റിക് സേവന മന്ത്രിയും ഗാക ചെയർമാനുമായ എൻജി. സാലിഹ് ബിൻ നാസർ അൽ ജാസർ എയർ അറേബ്യക്ക് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കൈമാറുന്നു
ദമ്മാം: സൗദി അറേബ്യയിൽ കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കുന്ന പുതിയ ബജറ്റ് വിമാനക്കമ്പനി ഉടൻ സർവീസ് ആരംഭിക്കുന്നു. കിഴക്കൻ പ്രവിശ്യയിലെ വ്യോമയാന മേഖലയ്ക്ക് വലിയ കുതിപ്പേകുന്ന ഈ പദ്ധതി ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുക.
വാണിജ്യ വിമാന സർവിസുകൾ ആരംഭിക്കുന്നതിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക അനുമതിയായ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) കമ്പനിക്ക് കൈമാറിക്കഴിഞ്ഞു.
ഗതാഗത–ലോജിസ്റ്റിക് സേവന മന്ത്രിയും ഗാക ചെയർമാനുമായ എൻജി. സാലിഹ് ബിൻ നാസർ അൽ ജാസർ, ഗാക പ്രസിഡൻറ് അബ്ദുൽഅസീസ് ബിൻ അബ്ദുള്ള അൽ ദുഐലജ് എന്നിവരുടെ സാന്നിധ്യത്തിലാണ് അനുമതി പത്രം ഔദ്യോഗികമായി കൈമാറിയത്. സുരക്ഷ, സെക്യൂരിറ്റി, പ്രവർത്തന നിലവാരം തുടങ്ങിയ നിയമപരമായ എല്ലാ നിബന്ധനകളും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഈ അംഗീകാരം ലഭിച്ചത്.
യു.എ.ഇ ആസ്ഥാനമായ പ്രമുഖ വിമാനക്കമ്പനിയായ എയർ അറേബ്യ, സൗദിയിലെ പ്രമുഖ നിക്ഷേപ ഗ്രൂപ്പുകളായ ‘കെ.യു.എൻ ഹോൾഡിങ് കമ്പനി’, ‘നെസ്മ ഗ്രൂപ്പ്’ എന്നിവയുമായി സഹകരിച്ചാണ് ഈ പുതിയ സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്. ഭൂരിഭാഗം ഓഹരികളും സൗദി നിക്ഷേപകരുടെ കൈവശമുള്ള ഈ കമ്പനിയെ 2025 ജൂലൈയിൽ ഗാക ക്ഷണിച്ച ടെൻഡറിലൂടെ തിരഞ്ഞെടുത്താണ് ചുമതലപ്പെടുത്തിയത്.
ഈ മാസം 20 മുതലാണ് വിമാനങ്ങൾ ഔദ്യോഗികമായി ചിറക് വിടർത്തുക. ആദ്യ ഘട്ടത്തിൽ ദമ്മാമിൽ നിന്ന് റിയാദ്, ജിദ്ദ, മദീന എന്നീ പ്രധാന നഗരങ്ങളിലേക്കായിരിക്കും സർവീസ്. ഇതിൽ ദമ്മാമിൽ നിന്ന് റിയാദിലേക്കും ജിദ്ദയിലേക്കും ദിവസേന രണ്ട് സർവീസുകൾ വീതവും, മദീനയിലേക്ക് ദിനംപ്രതി ഒരു സർവീസുമാണ് ക്രമീകരിച്ചിരിക്കുന്നത്.
അത്യാധുനിക എയർബസ് A320, A321 വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. 2026-െൻറ ആദ്യ പകുതിയിൽ ആറ് പുതിയ വിമാനങ്ങൾ കൂടി കൂട്ടിച്ചേർത്തതോടെ എയർ അറേബ്യ ഗ്രൂപ്പിെൻറ കൈവശമുള്ള മൊത്തം വിമാനങ്ങളുടെ എണ്ണം 96 ആയി ഉയർന്നിട്ടുണ്ട്.
സൗദിയുടെ ദേശീയ വ്യോമയാന തന്ത്രത്തിെൻറയും ‘വിഷൻ 2030’ പദ്ധതിയുടെയും ഭാഗമായാണ് ഈ മുന്നേറ്റം. 2030-ഓടെ വിമാനങ്ങളുടെ എണ്ണം 45 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതോടെ 24 ആഭ്യന്തര റൂട്ടുകളിലേക്കും 57 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കുമായി ആകെ 81 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കും. പ്രതിവർഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനും, വ്യോമയാന മേഖലയിൽ 2,400-ലധികം പുതിയ നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ വിമാനക്കമ്പനിയുടെ വരവോടെ വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം വർധിക്കുകയും യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാവുകയും ചെയ്യും. ഇത് കിഴക്കൻ പ്രവിശ്യയിലെ ടൂറിസം, കച്ചവടം, തൊഴിൽ, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് വലിയ പ്രയോജനം ചെയ്യും. അതേസമയം വിമാനക്കമ്പനിയുടെ ഔദ്യോഗിക ബ്രാൻഡ് നാമവും ടിക്കറ്റ് നിരക്കുകളും ഉടൻ തന്നെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

