ഉംറ യാത്രക്കിടെ പാസ്പോർട്ട് നഷ്ടപ്പെട്ടു
text_fieldsവയനാട് സ്വദേശി സഫിയ ഉമ്മ മക്കയിൽ
ഉംറ നിർവഹണത്തിനിടെ
റിയാദ്: മക്കയിലെത്തി ഉംറ നിർവഹിച്ച് ദമ്മാം വഴി നാട്ടിലേക്ക് മടങ്ങാനുള്ള യാത്രക്കിടെ പാസ്പോർട്ട് നഷ്ടപ്പെട്ട് പ്രയാസത്തിലായ വയനാട് സ്വദേശിനിക്ക് കെ.എം.സി.സി പ്രവർത്തകർ തുണയായി. നാട്ടിൽനിന്നും ഉംറ ഗ്രൂപ്പിൽ പുറപ്പെട്ടതാണ് വയനാട് കൽപറ്റ സ്വദേശിനി സഫിയ. ഉംറയും സിയാറത്തും കഴിഞ്ഞ് മദീനയിൽനിന്ന് ദമ്മാമിലേക്കുള്ള യാത്രാമധ്യേ പാസ്പോർട്ട് നഷ്ടപ്പെട്ട വിവരം അറിയുന്നത് ദമ്മാം എയർപോർട്ടിലെത്തിയപ്പോഴാണ്.
അതോടെ നാട്ടിലേക്ക് പോകാനാകാതെ അവർ അവിടെ കുടുങ്ങി. ഗ്രൂപ്പിലുള്ള സഹ തീർഥാടകരും അമീറുമടക്കം നാട്ടിലേക്ക് മടങ്ങി. വിവരമറിഞ്ഞ ദമ്മാം കെ.എം.സി.സി നേതാവ് ഇഖ്ബാൽ ആനമങ്ങാട് എയർപോർട്ടിൽ ഒറ്റപ്പെട്ട് പ്രയാസത്തിലായിനിന്ന സഫിയയെ ദമ്മാമിലെ തെൻറ വീട്ടിലേക്ക് കൊണ്ടുപോവുകയും സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിെൻറ സഹായത്തോടെ പൊലീസിൽ പരാതി നൽകി, പുതിയ പാസ്പോർട്ടിനുള്ള രേഖകൾ ശരിയാക്കുകയും ചെയ്തു.
അപ്പോഴേക്കും വിവരമറിഞ്ഞ് അബഹയിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന മകൻ നൗഫൽ ദമ്മാമിൽ എത്തി. തുടർന്ന് ഇന്ത്യൻ എംബസിയിൽനിന്ന് താൽക്കാലിക പാസ്പോർട്ട് ലഭ്യമാക്കുന്നതിനുവേണ്ടി ഉമ്മയും മകനും റിയാദിൽ എത്തിയപ്പോൾ അവർക്ക് വേണ്ട താമസസൗകര്യങ്ങൾ റിയാദ് കെ.എം.സി.സി വയനാട് ജില്ല ഭാരവാഹികളായ ഷറഫ് കുമ്പളാട്, സുധീർ ചൂരൽമല എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കി.
വെൽഫെയർ വിങ് ഭാരവാഹി റഫീഖ് മഞ്ചേരിയുടെ നിർദേശാനുസരണം അഷ്റഫ് മാണ്ടാട്, ആബിദ് വയനാട്, റഷീദ് ഹുദവി, ഷഹീർ റിപ്പൺ എന്നിവരുടെ സഹായത്തോടെ എംബസിയിലെത്തി നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി പ പാസ്പോർട്ട് കരാസ്ഥമാക്കി. ശനിയാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസിൽ റിയാദിൽനിന്ന് നാട്ടിലേക്ക് തിരിച്ചു. ഉംറക്ക് കൊണ്ടുവരുന്ന ഗ്രൂപ്പുകൾ മടക്കയാത്രക്ക് ദമ്മാം എയർപോർട്ട് തിരഞ്ഞെടുക്കുമ്പോൾ, മദീനയിലോ മക്കയിലോ നിന്ന് ദീർഘദൂര ബസ് യാത്രയടക്കം തീർഥാടകർക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഗ്രൂപ് അമീറന്മാർ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ലെന്നും ഇതുമൂലം നിരവധി തീർഥാടകരാണ് ദുരിതത്തിലാകുന്നതെന്നും സാമൂഹികപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

