യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെടുന്നത് നിത്യസംഭവം; ജാഗ്രത വേണമെന്ന് സാമൂഹിക പ്രവർത്തകർ
text_fieldsപാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ സാബിർ അഹമ്മദും കുടുംബവും സാമൂഹിക പ്രവർത്തകർക്കൊപ്പം
Losing passports while traveling
റിയാദ്: അശ്രദ്ധമൂലം യാത്രക്കാരുടെ പാസ്പോർട്ട് നഷ്ടപ്പെട്ട് വിമാനത്താവളത്തിൽ കുടുങ്ങുന്നത് നിത്യസംഭവമായിട്ടുണ്ടെന്നും യാത്രാരേഖകൾ സൂക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്നും ദുബൈ വഴി റിയാദിലെത്തിയ ഗുജറാത്ത് സ്വദേശികളായ നാലംഗ കുടുംബം നാലു ദിവസമാണ് പാസ്പോർട്ട് ഉൾപ്പെടെ രേഖകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് റിയാദ് വിമാനത്താവളത്തിൽ കഴിയേണ്ടി വന്നത്. ഗുജറാത്ത് സൂറത്ത് സ്വദേശികളായ സാബിർ അഹമ്മദും കുടുംബവുമാണ് യാത്രാരേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിനെ തുടർന്ന് ദുരിതത്തിലായത്.
റിയാദിൽ വിമാനം ഇറങ്ങി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ നോക്കുമ്പോഴാണ് പാസ്പോർട്ട് അടങ്ങിയ കൈബാഗ് നഷ്ടപ്പെട്ടത് അറിയുന്നത്. ദുബൈ സന്ദർശനം പൂർത്തിയാക്കി ഉംറ നിർവഹിക്കാൻ ദുബൈ എയർപോർട്ടിൽ നിന്ന് റിയാദിലേക്കുള്ള വിമാനത്തിൽ കയറും വരെ നാലു പാസ്പോർട്ടുകളും മറ്റു രേഖകളും അടങ്ങിയ ബാഗ് കൈവശം ഉള്ളതായാണ് ഓർക്കുന്നതെന്ന് സാബിർ പറഞ്ഞു. പിന്നീട് എവിടെ വെച്ചാണ് ബാഗ് നഷ്ടപ്പെട്ടതെന്ന് അറിയില്ലെന്നും സാബിർ പറയുന്നു.
വിമാനത്താവളത്തിൽ കുടുങ്ങിയ കുടുംബത്തിന്റെ പ്രയാസം മനസ്സിലാക്കിയ ഒരു വിമാത്താവള ഉഗ്യോഗസ്ഥൻ ഇന്ത്യക്കാരായ ചിലർ യാത്രാരേഖകൾ നഷ്ടപ്പെട്ട് ഇവിടെ കഴിയുന്നുണ്ടെന്ന് റിയാദിലെ സമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെ വിളിച്ചറിയിച്ചതിനെ തുടർന്ന് അദ്ദേഹം വിമാനത്താവളത്തിലെത്തി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഷബീറിനെയും കുടുംബത്തെയും കണ്ട് വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പുതിയ പാസ്പോർട്ടുകൾക്കുള്ള ശ്രമങ്ങൾ ആരംഭിച്ചു. സൗദിയിലെ താമസരേഖയായ ഇഖാമ ഇല്ലാത്തതിനാൽ പാസ്പോർട്ട് നൽകുക സാധ്യമല്ലെന്നും പകരം ഔട്ട്പാസിന് (താത്കാലിക പാസ്പ്പോർട്ട്) വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും എംബസി ആവശ്യപ്പെട്ടു. അതനുസരിച്ച് നഷ്ടപ്പെട്ട പാസ്പോർട്ട് ഉടമകളുടെ അപേക്ഷയും ആവശ്യമായ രേഖകളും സമർപ്പിച്ചു. മൂന്നു ദിവസത്തിലേറെ വിമാനത്താവളത്തിൽ കഴിയുന്ന കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി വെള്ളിയാഴ്ച അവധി ദിനമായിട്ടും അടിയന്തിര പ്രാധാന്യത്തോടെ എംബസി ഔട്ട് പാസ്സ് നൽകി. പാസ്പോർട്ട് ഇല്ലാത്തത് കൊണ്ട് റിയാദിൽ ഇറങ്ങാനോ ഉംറക്കായി യാത്ര തിരിക്കാനോ കഴിയാതെ കുടുംബം ഇന്ത്യയിലേക്ക് മടങ്ങി.
അശ്രദ്ധ കൊണ്ട് സംഭവിച്ച കുരുക്കിൽ വിമാനത്താവളത്തിൽ കുടുങ്ങിയ നാലു ദിവസവും താനും കുടുംബവും ദുരിതങ്ങളൊന്നും നേരിടേണ്ടിവന്നില്ലെന്നും ഭക്ഷണവും മറ്റു സഹായങ്ങളുമെല്ലാം അധികൃതർ നൽകിയെന്നും സാബിർ അഹമ്മദ് പറഞ്ഞു. നിയമമനുസരിച്ച് പാസ്സ്പോർട്ടില്ലാതെ വിമാനത്താവളത്തിൽ വന്നിറങ്ങിയാൽ വിമാനം കയറിയ അതെ സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കുകയാണ് പതിവ്. എന്നാൽ വിമാനത്താവള ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും കാണിച്ച കനിവിലാണ് നാട്ടിലേക്കുള്ള യാത്ര സാധ്യമായതെന്ന് സാബിർ പറഞ്ഞു.
പ്രതിസന്ധി സമയത്ത് തങ്ങളെ സഹായിക്കാൻ ഓടിയെത്തിയ ശിഹാബ് കൊട്ടുകാടിനോടും മറ്റു സാമൂഹികപ്രവർത്തകരോടും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരോടും നന്ദിയറിയിക്കുന്നതായും സാബിർ പറഞ്ഞു.അശ്രദ്ധമൂലം പാസ്പോർട്ട് നഷ്ടപ്പെട്ട് വിമാനത്താവളത്തിൽ കുടുങ്ങിയ സമാന കേസുകൾ തുടരെ തുടരെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസങ്ങളിലും സമാന സംഭവമുണ്ടായി. ഇത്തരം പ്രതിസന്ധിയിൽ അകപ്പെടാതിരിക്കാൻ യാത്രാരേഖകൾ സൂക്ഷിക്കുന്നതിൽ ശ്രദ്ധപുലർത്തണമെന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പറഞ്ഞു. ഷൈജു പച്ച, ഷിജു ബഷീർ എന്നിവരും കുടുംബത്തെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

