ഇൻഡ്യ മുന്നണിയെയും കേരളത്തിൽ യു.ഡി.എഫിനെയും വിജയിപ്പിക്കണം- പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ ഇൗസ്റ്റേൺപ്രോവിൻസ് റീജനൽ കമ്മിറ്റി
ദമ്മാം :ജനാധിപത്യ ഇന്ത്യയുടെ ഭാവി തീരുമാനിക്കപ്പെടുന്ന പൊതുതെരഞ്ഞെടുപ്പാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. 10 വർഷത്തെ ഭരണം കൊണ്ടു രാജ്യത്തെ ഭരണഘടനയെ ദുർബലപ്പെടുത്തുകയും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുകയും ചെയ്ത സംഘ്പരിവാർ, ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ച നിർണായക ഘട്ടത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
ഒരിക്കൽ കൂടി സംഘ്പരിവാർ അധികാരത്തിൽ വന്നാൽ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുകയില്ല. പ്രതിപക്ഷ കക്ഷികളുടെ സാധ്യമായ ഏകോപനത്തിൽ കഴിഞ്ഞ വർഷം രൂപപ്പെട്ടു വന്ന ഇൻഡ്യ അലയൻസ് രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ ഉളവാക്കുന്ന ഒരു ചുവടുവെപ്പാണ്. ബി.ജെ.പിക്കെതിരായ പൊതു രാഷ്ട്രീയവേദിയായ ഇൻഡ്യ മുന്നണിയിലെ രണ്ട് പ്രധാന പാർട്ടികളുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് - യു.ഡി.എഫ് കക്ഷികൾ മത്സരിക്കുന്നു എന്ന പ്രത്യേകത കേരളത്തിലുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യം മുൻനിർത്തി ഇന്ത്യ മുന്നണിയിലെ പ്രധാന പാർട്ടിയായ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിനെ പിന്തുണക്കാൻ യോഗം അഭ്യർഥിക്കുന്നു. കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരുന്നതിന് സഹായകരമാകുന്ന വിധത്തിൽ കേരളത്തിലെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണം. ഈ തെരഞ്ഞെടുപ്പ് സമീപനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ മുഴുവൻ പൊതുജനങ്ങളും തയാറാവണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

