ലോക കേരളസഭ: നവകേരള നിർമാണത്തിലെ പ്രവാസി കരുത്ത്
text_fieldsഡോ. ഷിബു തിരുവനന്തപുരം
രക്ഷാധികാരി, ജിദ്ദ നവോദയ
(ലോക കേരളസഭാംഗം)
ലോകത്തിന്റെ വിവിധ കോണുകളിൽ പ്രവാസം നയിക്കുന്ന മലയാളികളുടെ അനുഭവങ്ങളും ആശങ്കകളും പ്രതീക്ഷകളും ഒരേ ബിന്ദുവിൽ സംഗമിക്കുന്ന വേദിയാണ് ലോക കേരളസഭ. ഇന്ന് ആരംഭിക്കുന്ന അഞ്ചാം ലോക കേരളസഭയിൽ ജിദ്ദയിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കാൻ സാധിക്കുന്നത് അത്യന്തം അഭിമാനകരമായ ഒന്നായി ഞാൻ കണക്കാക്കുന്നു. കേരളത്തിന്റെ വികസന ഭൂപടത്തിൽ പ്രവാസികൾ വെറും പണമയക്കുന്നവർ മാത്രമല്ല, മറിച്ച് നയരൂപവത്കരണത്തിൽ പങ്കാളികളാകേണ്ട നിർണായക ശക്തിയാണെന്ന ബോധ്യമാണ് ഈ സഭയെ പ്രസക്തമാക്കുന്നത്.
തൊഴിൽ, വിദ്യാഭ്യാസം, നിക്ഷേപം, സാമൂഹിക സുരക്ഷ, സാംസ്കാരിക സംരക്ഷണം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രവാസികളുടെ അഭിപ്രായങ്ങൾ സർക്കാരിലേക്ക് നേരിട്ടെത്തിക്കാൻ ഈ വേദിക്ക് സാധിക്കുന്നു. കേവലമൊരു സമ്മേളനം എന്നതിനപ്പുറം, ലോകമലയാളികളെ കേരളത്തിന്റെ നവനിർമാണ പ്രക്രിയയിൽ പങ്കാളികളാക്കുന്ന ഒരു ‘ഗ്ലോബൽ പ്ലാറ്റ്ഫോം’ആണിത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ആശയവിനിമയം നടത്താനും മികച്ച പ്രവാസ മാതൃകകൾ പങ്കുവെക്കാനും ലഭിക്കുന്ന ഈ അവസരം കേരളത്തിന്റെ ഭാവി വികസനത്തിന് ആഗോള കാഴ്ചപ്പാട് നൽകുന്നു.
പ്രവാസികളുടെ സാമൂഹികവും സാമ്പത്തികവും നിയമപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം നിരവധി വിഷയങ്ങൾ സഭയുടെ സജീവ പരിഗണനയിലാണ്. കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ പ്രവാസി നിക്ഷേപം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം, തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കൽ, പ്രവാസ ലോകത്തെ പുതിയ തലമുറയുടെയും വനിതകളുടെയും പ്രശ്നങ്ങളും പങ്കാളിത്തവും, ലോകമെമ്പാടും പടർന്നു കിടക്കുന്ന മലയാളി സമൂഹത്തിന്റെ സാംസ്കാരിക തനിമ നിലനിർത്തൽ, പ്രവാസി കുടുംബ സുരക്ഷ പദ്ധതി എന്നിവയാണ് ആ വിഷയങ്ങൾ.
കഴിഞ്ഞ ലോക കേരളസഭയിൽ ഉരുത്തിരിഞ്ഞ നിർദേശമായിരുന്നു ‘പ്രവാസി കുടുംബ സുരക്ഷ പദ്ധതി’. അഞ്ചാം സഭയിലേക്ക് എത്തുമ്പോൾ ഈ പദ്ധതി പൂർണ്ണാർഥത്തിൽ നടപ്പായിക്കഴിഞ്ഞു. പ്രവാസിയുടെ അസാന്നിധ്യത്തിലും അവന്റെ കുടുംബത്തിന് സുരക്ഷയും കരുതലും നൽകുന്ന ഇത്തരം പദ്ധതികൾ സഭയുടെ ഫലപ്രാപ്തിക്ക് തെളിവാണ്. ആഗോള മലയാളി സമൂഹം പ്രവാസികളുടെ ശബ്ദം ഔദ്യോഗികമായി കേൾക്കപ്പെടുന്ന ഈ വേദി, കേരളത്തെ ഒരു ആഗോള മലയാളി സമൂഹത്തിന്റെ കേന്ദ്രമായി മാറ്റുകയാണ് ചെയ്യുന്നത്. ‘പുറം കേരളത്തിന്റെ’യഥാർത്ഥ ശബ്ദമായി ഈ സമ്മേളനം മാറുമെന്നും കേരളത്തോടുള്ള നമ്മുടെ ആത്മബന്ധം കൂടുതൽ ദൃഢമാക്കുമെന്നും വിശ്വസിക്കുന്നു. ഈ കൂട്ടായ്മയിലൂടെ രൂപപ്പെടുന്ന നയങ്ങൾ ലോകമലയാളികളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

