തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
text_fieldsഷിറിൻ ഇർഫാൻ, പി. അബ്ദുൽ വാഹിദ്
യാംബു: തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ മിന്നും വിജയം കൊയ്ത് യാംബുവിലെ രണ്ട് മുൻ പ്രവാസികൾ. യാംബുവിലെ അൽമനാർ ഇൻറർനാഷനൽ സ്കൂൾ അധ്യാപികയായിരുന്ന ഷിറിൻ ഇർഫാനും അബ്ദുൽ വാഹിദുമാണ് വിജയം െകായ്തത്. മലപ്പുറം നഗരസഭ 33ാം വാർഡായ മുതുവത്തുപറമ്പിൽ നിന്നായിരുന്നു ഷിറിൻ ഇർഫാൻ വിജയിച്ചത്. മലപ്പുറം കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിലെ 19ാം വാർഡിൽനിന്നാണ് പി. അബ്ദുൽ വാഹിദ് വിജയിച്ചത്.
യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഷിറിൻ ഇർഫാൻ വെൽഫെയർ പാർട്ടി പ്രവർത്തകയാണ്. 402 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഷിറിൻ ഇർഫാൻ മലപ്പുറം നഗരസഭയിൽ അംഗമാകുന്നത്. ഷിറിനും ഭർത്താവ് ഇർഫാൻ നൗഫലും നീണ്ടകാലം യാംബുവിൽ പ്രവാസികളായിരുന്നു. അധ്യാപനത്തോടൊപ്പം കലാ സാഹിത്യ മേഖലയിലും സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിലും നിറസാന്നിധ്യമാണ് ഷിറിൻ.
മലപ്പുറം നഗരസഭ 37ാം വാർഡായ പാണക്കാട്ടിൽ കഴിഞ്ഞ തവണ മികച്ച പോരാട്ടം നടത്തിയ അനുഭവസമ്പത്തുമായാണ് ഷിറിൻ ഇത്തവണയും ഗോദയിലിറങ്ങിയത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ കാമ്പസ് രാഷ്ട്രീയത്തിലും പ്രവാസത്തിലും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനുഭവപരിജ്ഞാനം ഇനി മലപ്പുറം നഗരസഭയിൽ അവർക്ക് മുതൽക്കൂട്ടാവും.
യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച പി. അബ്ദുൽ വാഹിദ് 631 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് കൂട്ടിലങ്ങാടിയിൽനിന്ന് വിജയിച്ചത്. 10 വർഷത്തോളം യാംബു സ്റ്റീൽസ് കമ്പനിയിൽ എച്ച്.ആർ ഡിപ്പാർട്ട്മെൻറിൽ ജീവനക്കാരനായിരുന്നു. കോവിഡ് പ്രതിസന്ധിക്കാലത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കുകയായിരുന്നു. രാഷ്ട്രീയ മേഖലയിൽ സജീവ ഇടപെടലുകൾ നടത്തുന്ന വാഹിദിനും പ്രവാസത്തിലെ അനുഭവസമ്പത്ത് ഇനി കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിന് ഗുണമാവും.
യാംബുവിലെ മുൻ പ്രവാസികളിൽനിന്ന് ആറു പേരായിരുന്നു ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. അവരിൽ ഈ രണ്ടു പേർക്കാണ് വിജയിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

