എൽ.എം.ആർ.എ സേവനങ്ങൾ നിർത്തുന്നതിന് മുൻപ് മുന്നറിയിപ്പ് നൽകണം
text_fieldsമനാമ: നിയമലംഘനങ്ങൾ നടത്തുന്ന തൊഴിലുടമകളുടെ എൽ.എം.ആർ.എ അക്കൗണ്ടുകൾ മുൻകൂട്ടി അറിയിക്കാതെ റദ്ദാക്കുന്ന നിലവിലെ രീതി മാറ്റണമെന്ന നിർദേശത്തിന് പാർലമെന്റ് അംഗീകാരം.
എം.പി ഖാലിദ് ബുഅനഖ് സമർപ്പിച്ച നിർദ്ദേശത്തിനാണ് പാർലമെന്‍റ് അംഗീകാരം നൽകിയത്. തൊഴിലുടമകൾ നടത്തുന്ന നിയമലംഘനങ്ങൾ ഏതാണെന്ന് വ്യക്തമാക്കി ഔദ്യോഗികമായി അറിയിപ്പ് നൽകണമെന്നും നിയമലംഘനങ്ങൾ തിരുത്തുന്നതിനായി അക്കൗണ്ട് സസ്പെൻഡ് ചെയ്യുന്നതിന് മുൻപ് തൊഴിലുടമകൾക്ക് 10 ദിവസം വരെ സമയം അനുവദിക്കണമെന്നും നിർദേശത്തിലുണ്ട്.
വർക്ക് പെർമിറ്റുകൾ, അഡ്മിനിസ്‌ട്രേറ്റീവ് ഇടപാടുകൾ എന്നിവയ്ക്കായി ഭൂരിഭാഗം ബിസിനസ്സുകളും ഓൺലൈൻ സിസ്റ്റത്തെയാണ് ആശ്രയിക്കുന്നത്. മുൻകൂട്ടി അറിയിക്കാതെ സേവനം നിർത്തുന്നത് ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായും എംപിമാർ ചൂണ്ടിക്കാട്ടി.
പലപ്പോഴും അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷമാണ് പല തൊഴിലുടമകളും തങ്ങൾക്കെതിരെ നിയമലംഘനമുണ്ടെന്ന് അറിയുന്നത്. ഇത് പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതോടൊപ്പം തന്നെ ബിസിനസ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധത്തിൽ നടപടിക്രമം പൂർത്തീകരിക്കാൻ സാധിക്കും. പാർലമെന്‍റ് അംഗീകരിച്ച ഈ നിർദേശം തുടർനടപടികൾക്കായി ശൂറകൗൺസിലിന്‍റെ പരിഗണനയ്ക്കായി അയച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

