ലൈക്കുകൾക്കായി ഇരയാക്കപ്പെടുന്ന ജീവിതങ്ങൾ
text_fields‘സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റിയിരിക്കും’ എന്ന മാർക്ക് ട്വയിെൻറ വിഖ്യാതമായ നിരീക്ഷണം നമ്മുടെ ഡിജിറ്റൽ കാലഘട്ടത്തിൽ അന്വർത്ഥമായിക്കൊണ്ടിരിക്കുകയാണ്. സ്ക്രീനിൽ മിന്നിമറയുന്ന നിമിഷാർദ്ധം ദൈർഘ്യമുള്ള വീഡിയോകൾക്കും പോസ്റ്റുകൾക്കും പിന്നിൽ തകർന്നുപോകുന്ന മനുഷ്യജീവിതങ്ങളെക്കുറിച്ച് ഗൗരവതരമായ ചർച്ചകൾ ഉയരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിരൽത്തുമ്പിലെ ഒരു ഷെയറിലൂടെ ഒരാളെ ലോകത്തിന് മുന്നിൽ കൊടുംകുറ്റവാളിയാക്കി ചിത്രീകരിക്കുന്ന ‘സോഷ്യൽ മീഡിയ വിചാരണകൾ’ ഇന്ന് വലിയൊരു സാമൂഹിക വിപത്തായി മാറിക്കഴിഞ്ഞു. 2017-ൽ കൊച്ചി മെട്രോയിൽ നിന്നും പ്രചരിച്ച ഒരു ചിത്രം കേരളത്തിെൻറ മനസാക്ഷിയെ ഏറെ പൊള്ളിച്ചതാണ്. ‘കൊച്ചി മെട്രോയിലെ പാമ്പ്’ എന്ന പരിഹാസത്തോടെ പ്രചരിച്ച ചിത്രം, മദ്യപിച്ച് ലക്കുകെട്ട് സീറ്റിൽ കിടന്നുറങ്ങുന്ന ഒരാളുടേതെന്ന പേരിലാണ് വൈറലായത്. എന്നാൽ സത്യാവസ്ഥ അന്വേഷിച്ചിറങ്ങിയവർ കണ്ടത് വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത എൽദോ എന്ന വ്യക്തിയായിരുന്നു അത്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന സഹോദരനെ കണ്ട് മടങ്ങുന്ന വഴിയുണ്ടായ തളർച്ചയിൽ മയങ്ങിപ്പോയ എൽദോയ്ക്ക്, താൻ മദ്യപാനിയല്ലെന്ന് വിളിച്ചുപറയാൻ പോലും കഴിയാത്ത നിസ്സഹായതയാണ് ഉണ്ടായത്.
അപമാനത്തിെൻറ കയ്പുനീർ കുടിച്ച ആ നിശബ്ദത സോഷ്യൽ മീഡിയയുടെ ക്രൂരതയ്ക്ക് വലിയൊരു ഉദാഹരണമായി ഇന്നും അവശേഷിക്കുന്നു. ഈ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുന്നത് നാം കണ്ടത് കോഴിക്കോട് ഗോവിന്ദാപുരം സ്വദേശിയായ ദീപക്കിെൻറ മരണത്തിലൂടെയാണ്. ട്രെയിൻ ഇറങ്ങി ബസ് സ്റ്റാൻഡിലേക്കുള്ള യാത്രക്കിടെ തന്നെ ദുരുദ്ദേശത്തോടെ സ്പർശിച്ചു എന്നാരോപിച്ച് ഒരു യുവതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ ദീപക്കിെൻറ ജീവിതം നിമിഷനേരം കൊണ്ട് തകർത്തെറിഞ്ഞു. ദൃശ്യങ്ങളിൽ സ്വാഭാവികമായ ചലനങ്ങളല്ലാതെ മറ്റൊന്നും പലരാലും കണ്ടെത്താൻ കഴിയില്ലെങ്കിലും, ലക്ഷക്കണക്കിന് ആളുകൾ ആ വീഡിയോ കണ്ട് ദീപക്കിനെ മുൻവിധിയോടെ വിചാരണ ചെയ്തു. താൻ ജീവിതത്തിൽ കാത്തുസൂക്ഷിച്ച മൂല്യങ്ങളും അന്തസ്സും ഒരു നിമിഷം കൊണ്ട് തകരുന്നത് കണ്ട ദീപക്, തെൻറ നിരപരാധിത്വം തെളിയിക്കാൻ കഴിയില്ലെന്ന മനോവിഷമത്തിൽ ജീവിതം അവസാനിപ്പിച്ചു.
തുന്നിക്കെട്ടിയ മകെൻറ ശരീരത്തിന് മുന്നിലിരുന്ന് ‘മുഖമെല്ലാം വാടിപ്പോയല്ലോ മോനേ’ എന്ന് കരയുന്ന ആ അമ്മയുടെ വിലാപം ഒരു സമൂഹത്തിെൻറ മുഴുവൻ ഉത്തരവാദിത്വമില്ലായ്മയ്ക്ക് നേരെയുള്ള വിരൽ ചൂണ്ടലാണ്.വൈറലാകാനും ലൈക്കുകൾ നേടാനുമുള്ള വ്യഗ്രതയിൽ മാനുഷിക മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വങ്ങളും പലരും മറന്നുപോകുന്നു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുറന്നുകാട്ടാൻ മൊബൈൽ ഫോണുകൾ ഉപയോഗിക്കാമെങ്കിലും, അത് ദുരുപയോഗം ചെയ്യുന്നത് യഥാർത്ഥ അതിജീവിതമാർക്ക് ലഭിക്കേണ്ട സാമൂഹിക പിന്തുണ ഇല്ലാതാക്കാൻ മാത്രമേ ഉപകരിക്കൂ. സത്യാവസ്ഥ ബോധ്യപ്പെടാതെ ഷെയർ ചെയ്യുന്ന ഓരോ ക്ലിക്കും ഒരു മനുഷ്യെൻറ ജീവനെടുത്തേക്കാം എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തിഹത്യ തടയാൻ നിയമനിർമാണങ്ങൾ കൂടുതൽ കർക്കശമാക്കേണ്ടതുണ്ട്. ദീപക്കിന് നേരിട്ട ദുരവസ്ഥ മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാൻ നാം ഓരോരുത്തരും സോഷ്യൽ മീഡിയ ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

