‘മാതൃരാജ്യത്തിന്റെ അഭിമാനം'; ആഭ്യന്തര മന്ത്രാലയത്തിന്റെ തത്സമയ പ്രകടനങ്ങൾ റിയാദിൽ
text_fieldsസൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സൈനിക പരേഡ് (ഫയൽ ചിത്രം)
റിയാദ്: 95ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സൗദി ആഭ്യന്തര മന്ത്രാലയം ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റിയുമായി സഹകരിച്ച് 'പ്രൈഡ് ഓഫ് ദി നേഷൻ' (രാഷ്ട്രത്തിന്റെ അഭിമാനം) എന്നപേരിൽ തത്സമയ പരിപാടി സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമായി (തിങ്കൾ, ചൊവ്വ) റിയാദിലെ ബാൻബൻ പ്രദേശത്താണ് തത്സമയ ആഘോഷങ്ങൾ നടക്കുക.
സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസരിച്ച് രാജ്യത്തിന്റെ സുരക്ഷ നിലനിർത്തുന്നതിൽ ആഭ്യന്തര മന്ത്രാലയം വഹിക്കുന്ന നിർണായക പങ്കിനെ ഈ ദേശീയ പരിപാടി ഓർമിപ്പിക്കുന്നു. സർഗാത്മകവും കലാപരവും സൈനികവുമായ പ്രദർശനങ്ങൾ നേതൃത്വത്തോടും രാഷ്ട്രത്തോടുമുള്ള കൂറും അഭിമാനവും വർധിപ്പിക്കുന്നതാണ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളുടെ സേവനങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും പ്രദർശിപ്പിക്കുന്ന ഒരു സമഗ്ര പ്രദർശനം ഇതിലുണ്ടാകും. ‘അബ്ഷിർ’ പോലുള്ള പ്രധാന ഡിജിറ്റൽ സേവനങ്ങളും ട്രാഫിക് സുരക്ഷ, സൈബർ സുരക്ഷ, സിവിൽ ഡിഫൻസ് എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ പ്രദർശനങ്ങളും ഇതിന്റെ ഭാഗമായിരിക്കും. രണ്ട് ദിവസങ്ങളിലും രാത്രി എട്ടിന് വിവിധ സൈനിക വിഭാഗങ്ങളുടെ തത്സമയ സൈനിക പ്രദർശനങ്ങൾ നടക്കും. സുരക്ഷ ഓപറേഷൻസിന്റെ തത്സമയ അവതരണങ്ങളും അത്യാധുനിക സുരക്ഷ സാങ്കേതിക വിദ്യകളുടെ പ്രയോഗങ്ങളും ഇതിൽ ഉൾപ്പെടും. സൈനിക ഓർക്കസ്ട്രയുടെ സംഗീതവും ഇതിന് അകമ്പടി സേവിക്കും.
രാത്രി ഒമ്പതിന് റിയാദിന്റെ ആകാശത്ത് രാജ്യസ്നേഹം തുളുമ്പുന്ന സന്ദേശങ്ങളുമായി വർണാഭമായ വെടിക്കെട്ട് അരങ്ങേറും. നേതൃത്വവും ജനങ്ങളും തമ്മിലുള്ള ഐക്യം പ്രതിഫലിക്കുന്ന കലാപ്രകടനങ്ങളും പരിപാടിയുടെ ഭാഗമായിരിക്കും.
സന്ദർശകർക്ക് സൈനിക പ്രവർത്തനങ്ങളുടെ തത്സമയ അനുഭവങ്ങൾ, ലൈവ് ഷൂട്ടിങ്, വിനോദങ്ങൾ എന്നിവ ആസ്വദിക്കാൻ പ്രത്യേക ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത് ഒരു സാധാരണ സൈനിക പരേഡല്ല, മറിച്ച് സൗദിയിൽ ആദ്യമായി അവതരിപ്പിക്കുന്ന സൈനിക നാടകവും സംഗീതവും സമന്വയിപ്പിച്ച നൂതനമായ അനുഭവമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

