പ്രവാസത്തിന്റെ വിരസതയിലും തളിർത്ത് കാവ്യസപര്യ
text_fieldsകവിത സമാഹാരം
ജുബൈൽ: കൈയിൽ ഭക്ഷണപ്പാത്രങ്ങളുമായി റസ്റ്റാറൻറിലെ മേശകൾക്കിടയിലൂടെ ഓടുമ്പോഴും അൻസാരി ബഷീറിെൻറ മനസ്സിൽ കവിതയുടെ ഈണങ്ങൾ തിരതല്ലുകയാണ്. റിയാദ് എക്സിറ്റ് 11ലെ അൽനാസ് റസ്റ്റാറൻറിൽ മാനേജരായ ഈ കൊല്ലം കൊട്ടിയം പറക്കുളം സ്വദേശി, പ്രവാസത്തിന്റെ മടുപ്പുകളെ അക്ഷരങ്ങൾ കൊണ്ട് അതിജീവിക്കുകയാണ്.
തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അൻസാരിയുടെ കാവ്യയാത്രക്ക് കരുത്തുപകർന്നത് ഉമ്മ സാബിറ ബീവിയാണ്. കൊല്ലം ടി.കെ.എം കോളജിലെ പഠനകാലത്ത് തുടങ്ങിയ എഴുത്ത്, പിന്നീട് പ്രവാസത്തിലേക്കും നാട്ടിലെ തുന്നൽ ജോലികളിലേക്കും പടർന്നു. ഇടക്കാലത്ത് നാട്ടിലുണ്ടായിരുന്നപ്പോൾ മകൾ അസ്ന സ്കൂൾ കലോത്സവങ്ങളിൽ അൻസാരിയുടെ കവിതകൾ ചൊല്ലി സമ്മാനങ്ങൾ നേടിയതോടെയാണ് തെൻറ എഴുത്തിന് ഒരു ലക്ഷ്യമുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ജോലിക്കിടയിൽ ലഭിക്കുന്ന ചെറിയ ഇടവേളകളിൽ കടലാസ് തുണ്ടുകളിൽ കുറിച്ചിടുന്ന വരികളാണ് പിന്നീട് കവിതകളായി മാറുന്നത്. ഇതിനകം മുന്നൂറോളം കവിതകൾ അൻസാരി രചിച്ചുകഴിഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളാണ് അൻസാരിയുടെ കവിതകളുടെ ആത്മാവ്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തി അദ്ദേഹം എഴുതിയ ‘ഹിന്ദുവാകുന്നു ഞാൻ’ എന്ന കവിത സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അൻസാരിയുടെ കവിതകളുടെ സമാഹാരമായ ‘ഒറ്റച്ചെരിപ്പുകൾ’ പ്രകാശനം ചെയ്തത് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആണ്. പ്രശസ്ത കവികളായ റഫീഖ് അഹമ്മദും ബി.കെ. ഹരിനാരായണനും ഈ കൃതിക്ക് ആശംസകളുമായി എത്തിയെന്നത് അൻസാരിയുടെ കവിതകൾക്കുള്ള വലിയ അംഗീകാരമാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ‘വിദ്യാലയം പ്രതിഭകളിലേക്ക്’ ആദരം, സിംഗപ്പൂർ ഫോക്കസ് മലയാളം ലൈവ് ‘കാവ്യസ്വരം’ റിയാലിറ്റി ഷോ രണ്ടാം സ്ഥാനം, കൊട്ടിയം പള്ളിക്കൂടത്തിെൻറ ‘മാൻ ഓഫ് ലെറ്റേഴ്സ് 2023’, കർമ സാഹിത്യ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം എന്നീ സമ്മാനങ്ങൾക്ക് അർഹനായി.
എഴുത്തിന് പുറമെ സിനിമകളിലും സീരിയലുകളിലും മുഖം കാണിച്ചിട്ടുള്ള അൻസാരി, ആകാശവാണിയിലും തെൻറ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്. തുന്നൽ ജോലി മുതൽ സെയിൽസ് വാൻ ഡ്രൈവർ വരെയായിരുന്ന ജീവിത പോരാട്ടങ്ങൾക്കിടയിലും കവിതയെ കൈവിടാത്ത അൻസാരിക്ക് ഭാര്യ നജീബയും മക്കളായ അസ്നയും അദിനും പൂർണ പിന്തുണ നൽകുന്നു.
റിയാദിലെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അൻസാരിയുടെ കവിതാലാപനം ഇന്നും ഒരൊഴിഞ്ഞുമാറലാണ്. തെൻറ കർമമേഖലയിൽ ഒഴിവുസമയങ്ങളില്ലാതിരുന്നിട്ടും, പ്രവാസത്തിെൻറ വിരസതകളിൽ അക്ഷരങ്ങളെ കൂട്ടുപിടിച്ച് അൻസാരി ബഷീർ തെൻറ കാവ്യസപര്യ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

