അറ്റകുറ്റപ്പണിക്ക് വർക്ക്ഷോപ്പിലിട്ട കാറിൽ മദ്യം കടത്ത്; മലയാളി കാറുടമക്കെതിരെ കേസ്
text_fieldsറിയാദ്: അറ്റകുറ്റപ്പണിക്ക് ഏൽപിച്ച കാറിൽ വർക്ക്ഷോപ്പ് ജീവനക്കാര്‍ മദ്യം കടത്തിയത് മലയാളിയായ കാറുടമയെ വെട്ടിലാക്കി. കൊല്ലം ഓയൂര്‍ സ്വദേശി ഷൈജു മജീദിനെതിരെ റിയാദ് പൊലീസ് കേസെടുത്തു. ഇദ്ദേഹം റിയാദ് എക്‌സിറ്റ്18ലെ വർക്ക്ഷോപ്പിൽ വാഹനം നന്നാക്കാന്‍ ഏൽപിച്ചതാണ്. റെനോള്‍ട്ട് 2012 മോഡല്‍ കാറിന്റെ സ്‌പെയര്‍പാര്‍ട്‌സ് ലഭ്യമായിരുന്നില്ല. സ്‌പെയർപാര്‍ട്‌സ് വരുത്തി നന്നാക്കാമെന്ന് മലയാളി ജീവനക്കാരൻ അറിയിച്ചതിനെത്തുടര്‍ന്നാണ് കാർ അവിടെയിട്ട് വന്നതെന്ന് ഷൈജു പറഞ്ഞു.
പിന്നീട് പണികഴിഞ്ഞ കാറെടുക്കാൻ വർക്ക്ഷോപ്പില്‍ എത്തിയപ്പോഴാണ് കാറും മലയാളി ജീവനക്കാരനെയും കാണാനില്ലെന്നറിയുന്നത്. അതിനിടെ അസീസിയ പൊലീസ് സ്‌റ്റേഷനിൽനിന്ന് ഷൈജുവിന് വിളിയും വന്നു. അതോടെയാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. വർക്ക്ഷോപ്പ് ജീവനക്കാർ മജീദിന്റെ കാറിൽ മദ്യം കടത്തുന്നതിനിടെ പൊലീസ് പിടിയിലാവുകയായിരുന്നു.
കാറുടമ എന്ന നിലയിൽ ഷൈജുവും പ്രതിയായി. സാമൂഹിക പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിന്റെ സഹായത്തോടെ പൊലീസ് സ്‌റ്റേഷനിലെത്തി ഷൈജു നിരപരാധിത്വം വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാമെന്ന വ്യവസ്ഥയോടെ ഷൈജുവിനെ വിട്ടയച്ചു. കാറില്‍ മദ്യം കടത്തുമ്പോള്‍ മലയാളികളായ രണ്ട് ജീവനക്കാരും കാറിലുണ്ടായിരുന്നു. ഇവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വർക്ക്ഷോപ്പുകളിൽ വാഹനങ്ങളിട്ട് വരുന്നവർക്ക് ഇതൊരു പാഠമാണെന്ന് റാഫി പാങ്ങോട് പറയുന്നു. വർക്ക്ഷോപ്പുകളിൽ മെയിന്റനന്‍സ് വർക്ക് ഓര്‍ഡര്‍ ഫോം സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ പകർപ്പ് ഉപഭോക്താവിനും നല്‍കണം. ഇതില്‍ തീയതി, സമയം, മെയിന്റനന്‍സിന്റെ സ്വഭാവം എന്നിവ രേഖപ്പെടുത്തുകയും വേണം. പരിചയമുള്ള വർക്ക്ഷോപ്പുകളിലാണെങ്കിലും വർക്ക് ഓര്‍ഡര്‍ ഫോം വാങ്ങിയില്ലെങ്കില്‍ ഇത്തരം കേസുകളില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയില്ല. ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും റാഫി പാങ്ങോട് പറഞ്ഞു.വർക്ക്ഷോപ്പ് ജീവനക്കാര്‍ ഇങ്ങനെ വാഹനങ്ങളെടുത്ത് ഓടിക്കുമ്പോള്‍ അപകടമുണ്ടായാലും വാഹന ഉടമ ഉത്തരവാദിയാവും. ട്രാഫിക് നിയമലംഘനങ്ങളും ഉടമയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

