'ലില്‍ ഫുഖ്റ ഭവന പദ്ധതി' രണ്ടാംഘട്ടം താക്കോല്‍ കൈമാറ്റം ഇന്ന്
text_fieldsടി.എം.ഡബ്ല്യു.എ ഭാരവാഹികൾ റിയാദിൽ വാർത്തസമ്മേളനം നടത്തുന്നു
റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന് (ടി.എം.ഡബ്ല്യു.എ) ആവിഷ്കരിച്ച 'ലില്‍ ഫുഖ്റ ഭവന പദ്ധതി'യുടെ രണ്ടാംഘട്ടത്തിൽ നിർമാണം പൂർത്തിയായ വീടുകളുടെ താക്കോൽ കൈമാറ്റം ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാധുക്കൾക്കു വേണ്ടി നിർമിച്ച നാലു വീടുകളുടെ താക്കോൽ ബുധനാഴ്ച വൈകീട്ട് നാലിന് തലശ്ശേരി സൈദാര്‍പള്ളിക്ക് സമീപമുള്ള ഐഡിയല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങിൽ അർഹർക്ക് കൈമാറും. ലില്‍ ഫുഖ്റ ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ തലശ്ശേരിക്കടുത്ത പറമ്പായി എന്ന സ്ഥലത്താണ് നാല് വീടുകൾ നിർമിച്ചത്.
തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി റിയാദ് കേന്ദ്രീകരിച്ച് 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷൻ നടപ്പാക്കുന്ന ഭവന പദ്ധതി 2017ലാണ് തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തിൽ പണി പൂർത്തിയായ നാല് വീടുകളുടെ താക്കോൽ ആ വർഷം ഡിസംബറിൽ അർഹർക്ക് കൈമാറിയിരുന്നു.
റിയാദിലെ അംഗങ്ങളിലും അഭ്യുദയകാംക്ഷികളിലുംനിന്ന് സ്വരൂപിച്ച പണം കൊണ്ടാണ് എട്ട് കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ മനോഹരങ്ങളായ എട്ടു ഭവനങ്ങള്‍ രണ്ടു ഘട്ടങ്ങളിലായി നിർമിച്ചതെന്ന് ഭാരവാഹി വിശദീകരിച്ചു. പൂര്‍ണമായും താമസയോഗ്യമായ വീടുകള്‍ ഏറ്റവും അര്‍ഹമായവരെ തന്നെ കണ്ടെത്തിയാണ് കഴിഞ്ഞ ഘട്ടത്തിൽ കൈമാറിയത്.
അംഗങ്ങളില്‍ നിന്നും പ്രാദേശിക കോഓഡിനേഷന്‍ ടീമില്‍ നിന്നുമായി ലഭിച്ച അപേക്ഷകളെ അടിസ്ഥാനമാക്കി ഔദ്യോഗിക സമിതി നേരിട്ട് അന്വേഷണം നടത്തി അർഹരെന്ന് കണ്ടെത്തിയ നാല് കുടുംബങ്ങൾക്കു കൂടിയാണ് രണ്ടാം ഘട്ടത്തിൽ വീട് നൽകുന്നത്. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് പി.പി. ഷഫീഖ്, ലില്‍ ഫുഖ്റ ഭവന പദ്ധതി വിഭാഗം ഹെഡ് പി.സി. ഹാരിസ്, വി.സി. അസ്കർ, ഇവൻറ് മാനേജ്മൻറ് ഹെഡ് അഫ്താബ് ആമ്പിലയിൽ, ജോയൻറ് സെക്രട്ടറി അബ്ദുൽ ഖാദർ മോച്ചേരി, അപേക്ഷാ വിഭാഗം ഹെഡ് സറൂക് കരിയാടൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

