ഹോം ഡെലിവറിക്ക് ലൈസൻസ് നിർബന്ധമാക്കി
text_fieldsറിയാദ്: രാജ്യത്തെ വീടുകളിൽ ഭക്ഷ്യ, ഭക്ഷ്യേതര സ്ഥാപനങ്ങള്‍ക്ക് ഡെലിവറി പെര്‍മിറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലായി. സൗദി മുനിസിപ്പൽ ഭവനകാര്യ മന്ത്രാലയത്തിനു കീഴിലെ ‘ബലദീ’ പ്ലാറ്റ്ഫോം വഴിയാണ് ഹോം ഡെലിവറി പെര്‍മിറ്റ് നല്‍കുന്നത്. പെര്‍മിറ്റ് വ്യവസ്ഥ പാലിക്കുന്നത് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റികൾ ഫീല്‍ഡ് പരിശോധനകള്‍ നടത്തും. ബലദീ പ്ലാറ്റ്ഫോം വഴി എളുപ്പത്തില്‍ പെര്‍മിറ്റ് നേടാന്‍ സാധിക്കും.
ജീവിത നിലവാരം ഉയര്‍ത്താനും രാജ്യത്തെ ഡെലിവറി മേഖലയില്‍ സുരക്ഷയും നിയമപാലനവും ഉയര്‍ത്താനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പെര്‍മിറ്റ് വ്യവസ്ഥ നടപ്പാക്കുന്നത്. നഗരങ്ങള്‍ക്കുള്ളില്‍ ഡെലിവറി പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കാനും സ്ഥാപനങ്ങള്‍ ആരോഗ്യ, സാങ്കേതിക വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉപഭോക്തൃ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന സുരക്ഷിതവും ഫലപ്രദവുമായ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് സഹായിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഹോം ഡെലിവറി സേവന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നേടുക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ബന്ധപ്പെട്ട വകുപ്പില്‍നിന്ന് ഹോം ഡെലിവറി സേവന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നേടുക, ഉപയോഗിക്കുന്ന ഗതാഗത സംവിധാനങ്ങളില്‍ സ്ഥാപനത്തിന്റെ പേരോ വ്യാപാര മുദ്രയോ വ്യക്തമായി പ്രദര്‍ശിപ്പിക്കുക, ഉല്പന്നങ്ങള് കൊണ്ടുപോകാനുള്ള സാങ്കേതിക, ആരോഗ്യ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വാഹനങ്ങള്‍ സജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഹോം ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള പെര്‍മിറ്റിനുള്ള വ്യവസ്ഥകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

