ലിബറൽ ആശയങ്ങൾ സ്ത്രീ വിരുദ്ധവും കുടുംബഘടനയെ തകർക്കുന്നതും -ഡോ. കൂട്ടിൽ മുഹമ്മദ് അലി
text_fieldsതനിമ റിയാദ് സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ ‘പ്രബോധനം’ ഡിജിറ്റൽ ആപ്പിന്റെ
ഉദ്ഘാടനം നിർവഹിച്ചപ്പോൾ
റിയാദ്: ധാർമിക സദാചാര മൂല്യങ്ങളെ നിരാകരിക്കുന്ന ചിന്താധാരകളും പ്രത്യയശാസ്ത്രങ്ങളുമെല്ലാം ചരിത്രത്തിന്റെ ആവർത്തനങ്ങളാണെന്നും അവയൊന്നും കാലത്തെ അതിജീവിച്ചിട്ടില്ലെന്നും ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചന സമിതിയംഗവും ‘പ്രബോധനം’ മുഖ്യ പത്രാധിപരുമായ ഡോ. കൂട്ടിൽ മുഹമ്മദ് അലി പ്രസ്താവിച്ചു.
‘അധികാരം, കല, തൊഴിൽ: സംസ്കാരം തകർക്കുന്ന ലിബറൽ മൂല്യങ്ങൾ’ എന്ന ശീർഷകത്തിൽ തനിമ റിയാദ് സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മൂല്യങ്ങളുടെ തകർച്ചയാണ് നാഗരികതകളുടെ ഉത്ഥാന പതനങ്ങൾക്ക് ഹേതുവായത്. സമൂഹത്തിന്റെ ചെറിയ യൂനിറ്റായ കുടുംബത്തെ തകർക്കുന്നതിലും സ്ത്രീകളുടെ സുരക്ഷയും അഭിമാനവും ഇല്ലാതാക്കുന്നതിലും വലിയ പങ്കാണ് ലിബറലിസം വഹിച്ചുകൊണ്ടിരിക്കുന്നത്.
സാമ്പത്തിക രംഗത്തെ അപചയം, അളവിലെ കൃത്രിമത്വം, സ്വവർഗരതി, വ്യഭിചാരം, നഗ്നത, അശ്ലീലത തുടങ്ങിയ തിന്മകളെല്ലാം നിയമനുസൃതമാക്കാനും നോർമലൈസ് ചെയ്യാനുമാണ് അവർ ശ്രമിക്കുന്നത്. ഹലാൽ, ഹറാം എന്ന പദങ്ങൾ മൂല്യങ്ങളുള്ള ഒരു സൊസൈറ്റിയിൽ മാത്രമെ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
യഥാർഥ ‘ബാർബറി’ക് സംസ്കാരത്തിന്റെ വക്താക്കളായ അമേരിക്കൻ സമൂഹത്തിന്റെ കൾചറൽ സിവിലൈസേഷനെ കുറിച്ച് പറയുന്ന ‘ഫാദർ ലെസ് അമേരിക്ക’ എന്ന കൃതി പാശ്ചാത്യശക്തിയായ യു.എസിന്റെ ദുരന്തസമാന ചിത്രം വ്യക്തമാക്കുന്നുണ്ട്. ലോകത്ത് നിർലജ്ജം അശാന്തിയുടെ സാഹചര്യം സൃഷ്ടിച്ചവരാണ് സ്വയം ഉന്നത സംസ്കാരം എന്ന് പുലമ്പുന്നത്.
സ്വാതന്ത്ര്യദാഹികളായി സ്വയം പരിചയപ്പെടുത്തുന്നവർ പിന്നീട് എത്തിപ്പെടുന്നത് ഹിറ്റ്ലർ, മുസോളിനി, ഫറോവ എന്നിവരുടെ തുടർച്ചയിലാണ്. അവരെല്ലാ മനുഷ്യരെയും ചങ്ങലകളിൽ ബന്ധിക്കുന്നു, ഏകാധിപതികളും സമഗ്രാധിപതികളുമായി പെരുമാറുന്നു.
ശരിയായ മൂല്യങ്ങളെ പിന്തുടർന്ന് വെളിച്ചത്തിലേക്ക്, ഉയർച്ചയിലേക്ക് നയിക്കുക എന്ന റോളാണ് മുസ്ലിം സമൂഹത്തിന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് സിദ്ദീഖ് ബിൻ ജമാൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പ്രബോധനം ഡിജിറ്റൽ ആപ്പിന്റെ റിയാദിലെ ഔപചാരിക ഉദ്ഘാടനം റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ സെക്രട്ടേറിയറ്റ് അംഗം അഡ്വ. അബ്ദുൽ ജലീലും ഡോ. കൂട്ടിൽ മുഹമ്മദ് അലിയും ചേർന്ന് നിർവഹിച്ചു.
പ്രബോധനം കാമ്പയിൻ കമ്മിറ്റി കൺവീനർ താജുദ്ദീൻ ഓമശ്ശേരി ചടങ്ങിൽ സംബന്ധിച്ചു. മലസിലെ തനൂർ റസ്റ്റാറൻറ് ഹാളിൽ നടന്ന പരിപാടിയിൽ തൗഫീഖ് റഹ്മാൻ ഖിറാഅത്ത് നിർവഹിച്ചു. അഷ്റഫ് കൊടിഞ്ഞി സ്വാഗതവും ലത്തീഫ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

