ഉത്തരേന്ത്യൻ മോഡൽ വിജയിക്കുമോ?
text_fieldsതദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുശേഷം സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ചുവടുവെക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ വിജയം യു.ഡി.എഫ് കേന്ദ്രങ്ങളുടെ ആത്മവിശ്വാസം വാനോളമുയർത്തി. അതിന് ചുവടുപിടിച്ച് നിയമസഭ തെരഞ്ഞെടുപ്പിനായി ഒരുങ്ങാനുള്ള യു.ഡി.എഫ് നേതൃത്വത്തിെൻറ തയ്യാറെടുപ്പ് പതിവിന് വിപരീതമായി ഒരുപടി കൂടി മുന്നിലെത്തുമ്പോൾ മറുവശത്ത് ആശങ്ക വർധിക്കുന്നതായിട്ടാണ് കാണുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിെൻറ കാരണങ്ങൾ ശരിയായി വിലയിരുത്തുവാനും അതേറ്റുപറയുവാനും സി.പി.എം മടിക്കുന്നതെന്തെന്ന് ഇടതുമുന്നണിയിൽ തന്നെ ചോദ്യമുയർന്നു കഴിഞ്ഞു. ഭരണവിരുദ്ധ വികാരവും ശബരിമലകൊള്ളയും ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരമുള്ള വർഗീയ പരാമർശങ്ങളും ജനദ്രോഹ നടപടികളും ഇടതുപക്ഷത്തിെൻറ കനത്ത തോൽവിക്ക് കാരണമായെങ്കിലും അത് സമ്മതിക്കാതെയുള്ള സി.പി.എമ്മിെൻറ ന്യായീകരണങ്ങൾ അണികൾക്ക് പോലും ദഹിക്കുന്നില്ല.
വീഴ്ചകൾ മറച്ചുപിടിക്കാൻ ഉത്തരേന്ത്യൻ മോഡൽ വർഗീയ ധ്രുവീകരണത്തിലൂടെ മൂന്നാമതും അധികാരം പിടിക്കാമെന്ന സി.പി.എം ചിന്ത പ്രബുദ്ധരായ കേരള ജനതയുടെ സാമാന്യ ബുദ്ധിക്ക് നേരെയുള്ള വെല്ലുവിളിയാണ്. ഉത്തരേന്ത്യയിൽ ബി.ജെ.പി കാലങ്ങളായി തെരഞ്ഞെടുപ്പുകാലത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ പച്ചയായ വർഗീയപ്രചാരണം നടത്തി ഭൂരിപക്ഷ വോട്ടുകൾ സമാഹരിക്കുന്ന തന്ത്രം കേരളത്തിൽ സി.പി.എം ഈ തെരഞ്ഞെടുപ്പിൽ പരീക്ഷിക്കാൻ പോകുന്നുവെന്ന വ്യക്തമായ സൂചനയാണ് എ.കെ. ബാലെൻറ പ്രസ്താവനയിലൂടെയും അതിനെ പിന്തുണച്ച മുഖ്യമന്ത്രിയുടെ വാക്കുകളിലും കണ്ടത്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വെള്ളാപ്പള്ളിയെ ഇറക്കി അതിനുള്ള കോപ്പ് കൂട്ടിയെങ്കിലും ആ പദ്ധതി എട്ടുനിലയിൽ പൊട്ടി. ന്യൂനപക്ഷങ്ങളെ ഇരുട്ടിൽ നിർത്തി നിരന്തരം ആരോപണമുന്നയിച്ച് ഭൂരിപക്ഷ വോട്ടിെൻറ ഏകീകരണം സ്വപ്നം കാണുന്ന സി.പി.എം സ്വയം കുഴി തോണ്ടുകയാണെന്ന് തിരിച്ചറിയാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരും.
വിദ്യാസമ്പന്നരും ഉയർന്ന രാഷ്ട്രീയ ബോധവുമുള്ള കേരള ജനത ഈ പ്രചാരണം തള്ളിക്കളയുമെന്ന ബുദ്ധി സി.പി.എമ്മിനുണ്ടെങ്കിലും അവർ ലക്ഷ്യം വെക്കുന്നത് മറ്റൊന്നാണ്. ഈ പ്രചരണത്തിെൻറ ഭാഗമായി ഹിന്ദു വോട്ടുകൾ ബി.ജെ.പിക്ക് പോൾ ചെയ്യുമ്പോൾ ശക്തമായ ത്രികോണ മത്സരം നടക്കുന്ന കുറച്ച് മണ്ഡലങ്ങളിൽ ജയിച്ചുകയറാൻ പറ്റിയാൽ മൂന്നാമതും അധികാരത്തിലെത്താമെന്ന കുടില തന്ത്രമാണ് അവർ പയറ്റുന്നത്. പക്ഷെ ഇവിടെയാണ് ചാണക്യ തന്ത്രം പരാജയപ്പെടാൻ പോകുന്നതും. ഇടതുപക്ഷത്തിന് കിട്ടിക്കൊണ്ടിരുന്ന വോട്ടുകളാണ് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വ്യാപകമായി ബി.ജെ.പിക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ ഈ തന്ത്രം സി.പി.എമ്മിന് തന്നെ തിരിച്ചടിക്കാനാണ് സാധ്യതയേറെയുള്ളത്.
ഒരു തെരഞ്ഞെടുപ്പ് വിജയത്തിനായി കേരളത്തിലെ ബി.ജെ.പി പോലും ഇത്രയധികം വർഗീയ പ്രചാരണം നടത്തിയിട്ടില്ലെന്ന പൊതുവികാരവും പൊതുജനങ്ങൾ പങ്കു വെക്കുമ്പോൾ വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് സി.പി.എമ്മിെൻറ കനത്ത പരാജയത്തിനാണ് സാധ്യതയേറെ കാണുന്നതെന്ന ആശങ്ക ഇടതുപക്ഷ നിരീക്ഷകരും ചിന്തകരും പോലും വിലയിരുത്തുന്നു. ഈ തീക്കളിയിൽനിന്നും പിന്മാറാൻ അവർ തയ്യാറാകുന്നില്ലെന്നത് മതേതര വിശ്വാസികൾ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇതുപോലെയുള്ള പ്രചാരണങ്ങൾ മൂലം കേരളത്തിെൻറ സോഷ്യൽ ഫാബ്രിക്കിന് ഏൽപ്പിക്കുന്ന പരിക്ക് ചെറുതായിരിക്കില്ലെന്ന് തിരിച്ചറിയാൻ സ്വയം പ്രബുദ്ധരെന്ന് മേനി നടിക്കുന്ന ഇടതുപക്ഷത്തിനാവുന്നില്ലെങ്കിൽ കേരളവും ഉത്തരേന്ത്യയിൽനിന്നും എന്ത് വ്യത്യാസം എന്നേ ചോദിക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

