ഇടത് സർക്കാർ സാമുദായിക വിഭാഗീയത വിതക്കുന്നു -പി.എം.എ. സലാം
text_fieldsമുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാമിന് ജിദ്ദ കെ.എം.സി.സിയുടെ ആദരപത്രം അഹമ്മദ് പാളയാട്ട് സമ്മാനിക്കുന്നു
ജിദ്ദ: നൂറ്റാണ്ടുകളായി പരസ്പര സ്നേഹത്തിലും സൗഹൃദത്തിലും സമാധാനപൂർവം ഒരുമിച്ച് ജീവിച്ച് പോരുന്ന കേരളത്തിലെ വിവിധ മത സമൂഹങ്ങൾക്കിടയിൽ സംശയത്തിന്റെയും വിദ്വേഷത്തിന്റെയും വിഭാഗീയത വിതക്കുന്ന സി.പി.എം ജനങ്ങളെ തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയത്തിനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്ന ക്രൂര വിനോദം അവസാനിപ്പിക്കണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം ആവശ്യപ്പെട്ടു. സൗദി പര്യടനത്തിനിടയിൽ ജിദ്ദ കെ.എം.സി.സി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമീർ, ഹസൻ, കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് എന്ന് പറഞ്ഞ് മുസ്‍ലിം വിരോധത്തിന്റെ വിഷം ചീറ്റിയാണ് സി.പി.എം കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.
വഖഫ് കൈയേറ്റത്തിനെതിരെ മുസ് ലിം ലീഗ് തുടങ്ങിവെച്ച സമരത്തിന്റെ മൂന്നാം ഘട്ടം ശക്തമായി മുന്നോട്ട് പോവുമെന്നും പൊതുമുതൽ കൊള്ളയടിച്ച് നാട് മുടിക്കുന്ന ജനദ്രോഹ സർക്കാറിനെതിരെ പൊതുജനങ്ങളെ അണിനിരത്തി യു.ഡി.എഫ് ഒറ്റക്കെട്ടായി സമരം ചെയ്യുമെന്നും തൃക്കാക്കരയിൽ ഉമാ തോമസ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ടി.എം.എ. റഊഫ്, വി.പി. മുസ്തഫ, നാസർ എടവനക്കാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ് ലിയാരങ്ങാടി നന്ദിയും പറഞ്ഞു. കെ.എം.സി.സി നേതാക്കളായ സി.കെ. റസാഖ് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, പി.സി.എ. റഹ്മാൻ, നാസർ മച്ചിങ്ങൽ, ഷൗക്കത്ത് ഞാറക്കോടൻ, മജീദ് പുകയൂർ, ഉബൈദുള്ള തങ്ങൾ, ശിഹാബ് താമരക്കുളം എന്നിവർ സംബന്ധിച്ചു. കെ.എം.സി.സി സ്ഥാപകരിൽ പ്രമുഖനും ജിദ്ദ കെ.എം.സി.സിയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന പി.എം.എ. സലാം മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം ആദ്യമായാണ് ജിദ്ദയിലെത്തുന്നത്. ജിദ്ദ കെ.എം.സി.സി അദ്ദേഹത്തിന് ആദരപത്രം നൽകി.