‘ലീപ് 2025’; നിക്ഷേപ ഇടപാടുകൾ 1500 കോടി ഡോളർ കവിഞ്ഞു
text_fieldsറിയാദ്: സൗദി അറേബ്യയുടെ നാലാമത് അന്താരാഷ്ട്ര സാങ്കേതിക മേള ‘ലീപ് 2025’ സമാപിച്ചു.
റിയാദ് മൽഹമിലെ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നാലുദിനങ്ങളിലായി നടന്ന മേളയിലും അന്താരാഷ്ട്ര സമ്മേളനങ്ങളിലുമായി പങ്കെടുത്തത് ആയിരത്തിലധികം പ്രഭാഷകരും അന്താരാഷ്ട്ര സാങ്കേതിക വിദഗ്ധരും 1,800 പ്രദർശകരും ഏകദേശം 680 സ്റ്റാർട്ടപ് കമ്പനികളും.
ഉടമ്പടിയായത് 1,500 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികൾ.
2022ൽ തുടക്കമിട്ട ലീപ്പിന് ഇത്തവണ നിരവധി റെക്കോഡ് നേട്ടങ്ങൾ സ്വന്തമാക്കാനായി. അടുത്ത മേള (ലീപ് 2026) റിയാദിലും ഹോങ്കോങ്ങിലുമായി സംഘടിപ്പിക്കുമെന്ന് സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റിയുടെ പ്രോഗ്രാമിങ് ആൻഡ് ഡ്രോൺ സി.ഇ.ഒ ഫൈസൽ അൽ ഖമീസി അറിയിച്ചു.
സ്ഥിരമായി മേളയിൽ പങ്കെടുക്കുന്ന ഡാറ്റ ലിക്സിങ് എന്ന കമ്പനി ലീപ് 2022ൽ എത്തുംമുമ്പ് പാപ്പരായിപ്പോകുമെന്ന സ്ഥിതിയിൽ എത്തിയിരുന്ന സ്ഥാപനമാണെന്നും എന്നാൽ പിന്നീട് അതിന്റെ പുനർജീവനമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് 10 രാജ്യങ്ങളിൽ സ്വന്തം ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനിയായി മാറി. 2000ലധികം ഉപഭോക്താക്കൾ അവർക്കുണ്ടായെന്നും അൽഖമീസി കൂട്ടിച്ചേർത്തു. ലീപ് മേള ഇതുപോലെ നിരവധി കമ്പനികളെ പുനരുജ്ജീവനം നേടാൻ സഹായിച്ചു. കുറഞ്ഞ ദിവസം കൊണ്ടുതന്നെ ബിസിനസ് ഡീലുകൾ നേടാൻ ലീപ് സമ്മേളനങ്ങൾ നിരവധി ഐ.ടി കമ്പനികളെ പ്രാപ്തമാക്കി.
ഒരു വർഷം മുഴുവൻ പ്രയത്നിച്ചാൽ കിട്ടുന്ന ബിസിനസ് ഡീലുകൾ മേളയിലെ രണ്ടോ മൂന്നോ ദിവസംകൊണ്ട് നേടാൻ കഴിയുന്നു. ഡീലുകൾ പൂർത്തിയാക്കുന്നതിലും പുതിയ പദ്ധതികൾ ആരംഭിക്കുന്നതിലും ‘ലീപ്’ ഇന്ന് ഒരു ആഗോള സംഭവമായി മാറിയെന്നും അൽഖമീസി പറഞ്ഞു.
ലീപ് 2025 മേള കാണാനെത്തിയവരുടെ തിരക്ക്
ഇത്തിഹാദ്, തഹാലുഫ് എന്നിവയുടെ സഹകരണത്തോടെ സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ലീപ്പിന്റെ സംഘാടകർ. ഇത്തവണ മേള 22 ലക്ഷംകോടി ഡോളറിലധികം പോർട്ട്ഫോളിയോ വലുപ്പമുള്ള പ്രമുഖ കമ്പനികളുമായും അസറ്റ് മാനേജർമാരുമായും ഡീലുകൾ ഒപ്പിടുന്നതിനും ഗുണപരമായ നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനും സാക്ഷ്യം വഹിച്ചു.
നവീകരണത്തിനുള്ള ഒരു സുപ്രധാന കേന്ദ്രമെന്ന നിലയിൽ ഇത് സൗദിയുടെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ ചിന്തകളെയും പ്രമുഖ ടെക് കമ്പനികളെയും ആകർഷിക്കുന്ന കാര്യത്തിൽ സൗദി അറേബ്യ വളരെയധികം മുന്നേറി.
അതിനുള്ള തെളിവാണ് ലീപ്പിന്റെ വിജയം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണക്കുന്ന ക്ലൗഡ് കംപ്യൂട്ടിങ്ങിലെ നിക്ഷേപം വർധിപ്പിക്കുന്നതിന് ഗ്രോക്, അരാംകോ ഡിജിറ്റൽ എന്നിവ തമ്മിലുള്ള 150 കോടി ഡോളറിന്റെ വലിയ നിക്ഷേപങ്ങളുടെ പ്രഖ്യാപനത്തിനും ലീപ് വേദിയായി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു നൂതന മാനുഫാക്ചറിങ് ആൻഡ് ടെക്നോളജി സെന്റർ സൗദലതല്യ സ്ഥാപിക്കുന്നതിനും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ പിന്തുണയ്ക്കുന്നതിനും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും സൗദി അൽ ആലാത് കമ്പനിയും ചൈനീസ് കമ്പനിയായ ലെനോവോയും തമ്മിൽ 200 കോടി ഡോളറിന്റെ നിക്ഷേപ കരാറൊപ്പിടുന്നതിനും ലീപ് മേള സാക്ഷ്യം വഹിച്ചു.
രാജ്യത്തിന്റെ സാങ്കേതിക മേഖലക്ക് വിവേകമുള്ള നേതൃത്വത്തിൽനിന്ന് ലഭിക്കുന്ന പിന്തുണയും ശക്തിയും പ്രതിഫലിപ്പിക്കുന്നതാണ് ‘ലീപ് 2025’ എന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജി. അബ്ദുല്ല ബിൻ അമർ അൽസവാഹ പറഞ്ഞു.
ഇത് നവീകരണത്തിലും നൂതന സാങ്കേതികവിദ്യകളിലും ആഗോള നേതൃത്വത്തിലുള്ള സൗദിയുടെ സ്ഥാനം വർധിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ മേഖലയിലെ പ്രമുഖ ചിന്തകരെയും പ്രവർത്തകരെയും ഒരുമിച്ചുകൊണ്ടുവരുന്ന ഒരു ആഗോള പ്ലാറ്റ്ഫോമാണ് ലീപ്.
സംരംഭകരെ ശാക്തീകരിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ കാലഘട്ടത്തിൽ നവീകരണത്തെ ഉത്തേജിപ്പിക്കുന്നതിനും സമ്പന്നവും സുസ്ഥിരവുമായ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്ക് പരിവർത്തനം നയിക്കുന്നതിനും ഇത് സംഭാവന ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

