ദമ്മാമിലെ ലീഡേഴ്സ് മീറ്റ് മന്ത്രിയുടെ മുന്നിൽ കെട്ടഴിച്ച് പ്രവാസി പ്രശ്നങ്ങൾ
text_fieldsനവയുഗം സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ സംഘടന പ്രതിനിധികളുടെ പരാതികൾ മന്ത്രി കെ. രാജൻ കേൾക്കുന്നു
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ സംഘടനാ നേതാക്കളുമായി കേരള സംസ്ഥാന റവന്യൂ മന്ത്രി കെ. രാജൻ നടത്തിയ കൂടിക്കാഴ്ച ഏറെ ശ്രദ്ധേയമായി. സൗദിയിലെ മുഖ്യധാര പ്രവാസി സംഘടനകളായ നവയുഗം, നവോദയ, കെ.എം.സി.സി, ഒ.ഐ.സി.സി, ഐ.എം.സി.സി, പ്രവാസി, തനിമ എന്നിവയുടെയും ഒട്ടേറെ പ്രാദേശിക, സാമുദായിക പ്രവാസി സംഘടനകളുടെയും 80ലേറെ പ്രതിനിധികൾ ലീഡേഴ്സ് മീറ്റിൽ പങ്കെടുത്തു.
സൗദിയിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംഘടന നേതാക്കൾ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. പ്രവാസികളുടെ വിമാനയാത്ര പ്രശ്നങ്ങളും കഴുത്തറുക്കുന്ന വിമാനനിരക്കുകളെക്കുറിച്ചുള്ള പരാതികളും നോർക്ക-പ്രവാസി ക്ഷേമനിധി എന്നിവയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രവാസി പുനരധിവാസവും ലോക കേരളസഭയെക്കുറിച്ചുള്ള നിർദേശങ്ങളും ഒക്കെ ചർച്ചയിൽ സംഘടന നേതാക്കൾ ഉയർത്തി.
ഏറെ ശ്രദ്ധയോടെ എല്ലാ പരാതികളും നിർദേശങ്ങളും അഭിപ്രായങ്ങളും കേട്ട മന്ത്രി, ചർച്ചകൾക്ക് വിശദമായ മറുപടി നൽകി. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ റവന്യൂ വകുപ്പിൽ ഏകജാലക സംവിധാനം ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രവാസികളുടെ അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങൾ പ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സംഘടന പ്രതിനിധികളും സാമൂഹികപ്രവർത്തകരും നൽകിയ നിവേദനങ്ങളും അദ്ദേഹം സ്വീകരിച്ചു. നവയുഗം സാംസ്കാരികവേദിയാണ് ദമ്മാം ബദർ അൽറാബി ഹാളിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചത്. കേരള ഹൗസിങ് ബോർഡ് ചെയർമാൻ പി.പി. സുനീറും ലീഡേഴ്സ് മീറ്റിൽ പങ്കെടുത്തു. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡൻറ് ജമാൽ വില്യാപള്ളി, സെക്രട്ടറി എം.എ. വാഹിദ് കാര്യറ എന്നിവർ ലീഡേഴ്സ് മീറ്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

