റമദാൻ അവസാന പത്ത് ;മക്ക, മദീന ഹറമുകളിൽ വിശ്വാസികളുടെവൻ തിരക്ക്
text_fieldsറമദാൻ അവസാന ദിവസങ്ങളിൽ വിശ്വാസികളാൽ നിറഞ്ഞുകവിഞ്ഞ് മക്കയിലെ മസ്ജിദുൽ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും
മക്ക: വിശുദ്ധ റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും തീർഥാടകരുടെയും വിശ്വാസികളുടെയും തിരക്ക് വർധിച്ചു. ഇശാഅ്, തറാവീഹ്, ഖിയാമുല്ലൈൽ നമസ്കാരങ്ങളിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികളാണ് പുണ്യഭൂമിയിലേക്ക് ഒഴുകിയെത്തുന്നത്.
തിരക്ക് മുൻകൂട്ടി കണ്ട് തീർഥാടകർക്ക് സുഗമമായി കർമങ്ങൾ പൂർത്തിയാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഇരുഹറം പരിപാലന അതോറിറ്റി ഒരുക്കിയിരിക്കുന്നത്.
തീർഥാടകർക്ക് മികച്ച അനുഭവം നൽകാനായി മുമ്പത്തേക്കാൾ ഇരട്ടി സംവിധാനങ്ങളാണ് ഇത്തവണ അതോറിറ്റി സജ്ജീകരിച്ചിരിക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനങ്ങൾ കൂടുതൽ എളുപ്പവും ഫലപ്രദവുമാക്കിയിട്ടുണ്ട്. സംസം ജല വിതരണത്തിനും ഹറം പരിസരം ശുചിയായി സൂക്ഷിക്കാനുമായി കൂടുതൽ ജീവനക്കാരെ പ്രത്യേകമായി നിയോഗിച്ചു. തിരക്ക് നിയന്ത്രിക്കാനും വിശ്വാസികളുടെ സഞ്ചാരം സുഗമമാക്കാനുമായി കൂടുതൽ കവാടങ്ങൾ തുറന്നുകൊടുത്തിട്ടുണ്ട്.
ഇരുഹറമുകളുടെ ഉൾഭാഗം, മുറ്റങ്ങൾ, ഇടനാഴികൾ എന്നിവിടങ്ങളിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ സേന സജീവമായി രംഗത്തുണ്ട്. വിശ്വാസികൾക്ക് പ്രവേശന കവാടങ്ങളിലൂടെ തടസ്സമില്ലാതെ അകത്തേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും വ്യവസ്ഥാപിതമായ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവസാന പത്തിലെ പുണ്യരാത്രികളിൽ വിശ്വാസികൾക്ക് ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ പ്രാർഥനകൾ നടത്താനുള്ള സമഗ്ര സംവിധാനത്തിന്റെ ഭാഗമായാണ് ഈ നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

