റമദാനിലെ അവസാന വെള്ളിയാഴ്ച: ഇരുഹറമുകളിൽ ജുമുഅയിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് വിശ്വാസികൾ
text_fieldsറമദാനിലെ അവസാന വെള്ളിയാഴ്ച മക്ക മസ്ജിദുൽ ഹറാമിൽ ജുമഅ നമസ്കാരത്തിൽ പങ്കെടുക്കുന്ന തീർഥാടകർ
മക്ക: റമദാനിലെ അവസാന വെള്ളിയാഴ്ച ഇരുഹറമുകളിൽ സ്വദേശികളും താമസക്കാരും ഉംറ തീർഥാടകരുമടക്കം ലക്ഷക്കണക്കിന് വിശ്വാസികൾ ജുമുഅയിൽ പങ്കെടുത്തു. ഫിത്വർ സകാത് നൽകാനും സന്തോഷത്തോടും കുടുംബ ബന്ധങ്ങളോടും കൂടി ഈദിനെ സ്വാഗതം ചെയ്യാനും ഇരുഹറമിലെ ഇമാമുകൾ വിശ്വാസികളോട് ആവശ്യപ്പെട്ടു. സൽകർമങ്ങളോടെ റമദാനിനോട് വിടപറയണമെന്ന് അവർ ആഹ്വാനം ചെയ്തു. മസ്ജിദുൽ ഹറാമിന്റെ അകവും പുറത്തെ മുറ്റങ്ങളും റമദാനിന്റെ അവസാന നാളുകളും ഈദുൽ ഫിത്തറും ഹറമിൽ ചെലവഴിക്കാൻ വിദൂരദിക്കുകളിൽനിന്ന് എത്തിയ വിശ്വാസികളാലും സന്ദർശകരാലും തിങ്ങിനിറഞ്ഞിരുന്നു. അവസാന വെള്ളിയാഴ്ചയിലെ തിരക്ക് കണക്കിലെടുത്ത് ഇരുഹറംകാര്യ പരിപാലന അതോറിറ്റിയും ബന്ധപ്പെട്ട സേവന വകുപ്പുകളും സുരക്ഷ, ട്രാഫിക് വിഭാഗങ്ങളും ആവശ്യമായ ഒരുക്കം പൂർത്തിയാക്കിയിരുന്നു.
മസ്ജിദുൽ ഹറാമിലെ ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ഇമാം ശൈഖ് യാസർ അൽദോസരി നേതൃത്വം നൽകി. ദൈവിക അനുസരണത്തിെൻറ പ്രവൃത്തികൾ ചെയ്യുന്നതിൽ തിടുക്കം കൂട്ടാനും റമദാനിലെ എണ്ണപ്പെട്ട ദിവസങ്ങൾ പ്രയോജപ്പെടുത്താനും ഇമാം വിശ്വാസികളോട് അഭ്യർഥിച്ചു. കർമങ്ങൾ ഒരോരുത്തരുടെയും ഉദ്ദേശത്താൽ വിലയിരുത്തപ്പെടുന്നു. തുടക്കത്തിെൻറ അപൂർണതയല്ല, അവസാനത്തിെൻറ പൂർണതയാണ് പ്രധാനമെന്നും ഇമാം പറഞ്ഞു. പ്രാർഥനകൾ അധികരിപ്പിക്കുക.
വിശുദ്ധ മാസത്തിെൻറ അവസാനം ദൈവത്തോട് ഏറ്റവും വലിയ അടുപ്പമുണ്ടാക്കുക. കർമങ്ങൾക്ക് പുണ്യമുള്ള ദിവസങ്ങളാണ്. നോമ്പ് അനുഷ്ഠിക്കുന്നവർക്കുള്ള ശുദ്ധീകരണമായും പാവങ്ങൾക്കുള്ള ഭക്ഷണമായും ലോകരക്ഷിതാവിനുള്ള വഴിപാടായും ദൈവം ഉണ്ടാക്കിയ ‘സകാത്തുൽ ഫിത്വർ’ റമദാൻ അവസാന നാളിലെ ഏറ്റവും മഹത്തായ കാര്യമാണെന്നും അത് നൽകണമെന്നും ഇമാം പറഞ്ഞു.
വ്രതമനുഷ്ടിക്കാനായതിൽ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ഈദുൽ-ഫിത്വർ സ്വീകരിക്കാൻ തയ്യാറെടുക്കണമെന്ന് മസ്ജിദുന്നബവി ഇമാം ശൈഖ് അഹമ്മദ് അൽ ഹുദൈഫി വിശ്വാസികളോട് ആഹ്വാനംചെയ്തു. ഈ അനുഗ്രഹീത രാജ്യത്തിന് ദൈവം നൽകിയ സുരക്ഷ, വിശ്വാസം, സമൂഹം, സമൃദ്ധി എന്നിവ ആസ്വദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

