മീഡിയവൺ സൂപ്പർ കപ്പിൽ ലാന്റേൺ എഫ്.സിക്ക് കിരീടം
text_fieldsചാമ്പ്യന്മാരുടെ ആഹ്ലാദം... മീഡിയവൺ സൂപ്പർ കപ്പ് നേടിയ സഫ മക്ക ലാന്റേൺ എഫ്.സി കിരീടവുമായി
റിയാദ്: രണ്ടാഴ്ചക്കാലം പ്രവാസികളിൽ കാൽപന്തുകളിയോടുള്ള അഭിനിവേശം വാനോളമുയർത്തിയ മീഡിയവൺ സിറ്റി ഫ്ലവർ സൂപ്പർ കപ്പിൽ (സീസൺ ഫോർ) സഫ മക്ക ലാന്റേൺ എഫ്.സി കിരീടം ചൂടി. ഫൈനൽ മത്സരത്തിന്റെ ചൂടും ചൂരുമണിഞ്ഞ 57-ാം മിനിറ്റിൽ ലാന്റേൺ താരം അമാൻ ഇടതു വിങ്ങിൽനിന്നും തൊടുത്തുവിട്ട ഒരു ലോങ് റേഞ്ച് ഷോട്ടാണ് വിധി നിർണയിച്ചത്. ഉയർന്നു പൊങ്ങിയെത്തിയ പന്ത് റോയൽ ഫോക്കസ് ലൈനിന്റെ പ്രതിരോധ നിരയേയും കീപ്പറേയും മറികടന്ന് ഗോളിൽ കലാശിക്കുകയായിരുന്നു.
പൊരുതിക്കളിച്ച റോയൽ ഫോക്കസ് ലൈനിന് റണ്ണറപ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫൈനലിൽ ഗോൾ നേടിയ അമാൻ കിങ് ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. റണ്ണേഴ്സിനുള്ള ട്രോഫിയും കാഷ് പ്രൈസും അറേബ്യൻ ആക്സസ് എം.ഡി ജൗഹർ, മീഡിയവൺ ചീഫ് കറസ്പോൺണ്ടൻറ് അഫ്താബുറഹ്മാൻ എന്നിവരും മെഡലുകൾ ടൂർണമെൻറ് കമ്മിറ്റി വളൻറിയർമാരും സമ്മാനിച്ചു.
റണ്ണറപ് ട്രോഫിയുമായി റോയൽ ഫോക്കസ് ലൈൻ ടീം
അലി ഖഹ്താനിയുടെ നേതൃത്വത്തിലുള്ള റഫറിമാർക്ക് റിഫ പ്രസിഡൻറ് ബഷീർ ചെലേമ്പ്ര ഫലകം സമ്മാനിച്ചു. വിന്നേഴ്സിനുള്ള ട്രോഫിയും സമ്മാനത്തുകയും മീഡിയവൺ മിഡിലീസ്റ്റ് മാനേജർ സ്വവാബ് അലി, മാധ്യമം മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ അഷ്‌റഫ് കൊടിഞ്ഞി എന്നിവർ ചേർന്ന് സമ്മാനിച്ചു. ഫൈനലിന് മുന്നോടിയായി യൂത്ത് ആക്കാദമി കുട്ടികളുടെ സൗഹൃദ ഫുട്ബാൾ മത്സരം നടന്നു (1-1). സമനിലയെ തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിൽ വിജയികളെ തെരഞ്ഞെടുത്തു.
കലാശക്കളിയുടെ ഭാഗമായി പ്രശസ്ത ഫ്രീസ്റ്റൈൽ താരം റിസ്‌വാൻ നടത്തിയ ഫുട്ബാൾ അഭ്യാസങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഹരം പകർന്നു. സിംഗർ ഫാത്തിമ ജബ്ബാറിന്റെ ഗാനങ്ങളും മലർവാടി, മൗലിക ഡാൻസ് അക്കാദമി എന്നിവർ അവതരിപ്പിച്ച നൃത്തച്ചുവടുകളും ഫൈനൽ റൗണ്ടിനെ അവിസ്മരണീയമാക്കി.
ചടങ്ങിൽ മീഡിയ വൺ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ സിദ്ദിഖ് ജമാൽ, റഹ്മത്ത് തിരുത്തിയാട്, സദ്റുദ്ദീൻ കീഴിശ്ശേരി, തൗഫീഖ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ കൺവീനർ നബീൽ പാഴൂർ, അസിസ്റ്റൻറ് കൺവീനർ ഫൈസൽ കൊല്ലം, ഹിഷാം അബൂബക്കർ, ജവാദ്, ആഷിഖ് പാലത്തിങ്കൽ, അഹ്ഫാൻ, മൗണ്ടു അബ്ദുറഹ്മാൻ, ഇൽയാസ് (മീഡിയവൺ) എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

