ലേഡീസ് ഒൺലി യാത്രകളും
text_fieldsലേഡീസ് ഒൺലി യാത്രകൾ നടത്തുന്ന റിയാദിലെ മലയാളി സംഘം
റിയാദ്: പ്രവാസി പെൺ സൗഹൃദക്കൂട്ടങ്ങളിലും യാത്രകൾ സജീവമാണ്. സൗദി അറേബ്യയുടെ ഉള്ളറകളിലെ സംസ്കാരവും ജീവിതരീതിയും ചരിത്രവും പ്രകൃതിയൊരുക്കിയ കാഴ്ച്ചകളും ആസ്വദിക്കലാണ് ഈ യാത്രകളുടെ ഉദ്ദേശ്യം. പൊതുഗതാഗത സംവിധാനം പരമാവധി ഉപയോഗിച്ചാണ് യാത്രകളെല്ലാം നടത്തുന്നത്.
സൗദിയിൽ സ്വതന്ത്രവും സുരക്ഷിതവുമായി ഏത് സമയത്തും നിർഭയത്വത്തോടെ യാത്ര ചെയ്യാൻ കഴിയുന്നുണ്ട്. യാത്രകൾക്കിടയിൽ സൗഹൃദം സ്ഥാപിക്കുന്ന സ്വദേശി വനിതകൾ യാത്രകളെ പ്രോത്സാഹിപ്പിക്കുകയും സന്ദർശിക്കേണ്ട പുതിയ മേഖലകൾ പറഞ്ഞുതരുകയും ചെയ്യുന്നുണ്ടെന്ന് റിയാദിലെ സ്ത്രീ യാത്ര സംഘാംഗം നിമിഷ ബിനീഷ് പറഞ്ഞു.
ഈ രാജ്യം സ്ത്രീകൾക്ക് നൽകുന്ന സ്വാതന്ത്ര്യവും ബഹുമാനവും മുൻഗണനയും എത്ര ആഴമേറിയതാണെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നത് യാത്രകളാണ്. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്ന പ്രവാസം മാനസികവും ശാരീരികവുമായ സമ്മർദങ്ങളില്ലാതെ മറ്റൊന്നും സമ്മാനിക്കുന്നില്ലെന്ന തിരിച്ചറിവിൽനിന്നാണ് ട്രാവൽ ഗ്രൂപ് ആരംഭിച്ചതെന്ന് അംഗങ്ങൾ പറഞ്ഞു. വിനോദയാത്രയോടൊപ്പം പഠനം കൂടിയാണ് യാത്രകളെന്നും രാജ്യത്ത് സ്ത്രീകൾക്കുള്ള തൊഴിൽ, സംരംഭക സാധ്യതകളെ കുറിച്ചറിഞ്ഞ് മലയാളികളിലേക്ക് എത്തിക്കാനുള്ള നെറ്റ്വർക്ക് ഒരുങ്ങുന്നതായും നിമിഷ പറഞ്ഞു. സംഘം ചേർന്ന് രാജ്യത്തിന് പുറത്തേക്കുള്ള യാത്രയാണ് അടുത്ത പദ്ധതി. ഇതിനായി പ്രധാന ട്രാവൽ ഏജൻസികളുമായി ചർച്ചകൾ പൂർത്തിയാക്കിയതായും യാത്രാസംഘം പറഞ്ഞു. സ്മിത രാംദാസ്, നീതു ബാബു, ഹഫ്സ സലിം, മീര രാമചന്ദ്രൻ, ജസീന അഫ്സർ, രാജശ്രീ ബൈജു, രശ്മി സി. രാജ്, ജെയ്നി ആനന്ദ് എന്നിവരാണ് റിയാദിലെ സ്ത്രീ യാത്രാസംഘത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

