നിയമമന്ത്രാലയത്തിന് കീഴിൽ തൊഴിൽ കോടതികൾ ആരംഭിക്കുന്നു
text_fieldsജിദ്ദ: സൗദി അറേബ്യയിൽ നിയമമന്ത്രാലയത്തിന് കീഴിൽ പുതിയ തൊഴിൽ കോടതികൾ ആരംഭിക്കുന്നു. 2019 തുടക്കത്തിൽ ഇവ പ്രവർത്തിച്ചുതുടങ്ങും. കോടതികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പ്രത്യേക ജഡ്ജിമാരുടെ പരിശീലനം അവസാനഘട്ടത്തിലാണെന്നും നിയമമന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെ നിയമനവും നടക്കുന്നുണ്ട്. കോടതി മന്ദിരങ്ങൾ എല്ലാ സൗകര്യങ്ങളോടും കൂടിയതാകുമെന്നും ഡിജിറ്റൽ സേവനത്തിന് ഉതകുന്ന തരത്തിൽ ഇവയൊക്കെ ക്രമീകരിക്കുമെന്നും വ്യക്തമാക്കി. നിലവിൽ ജുഡീഷ്യൽ സ്വഭാവമുള്ള തൊഴിൽ തർക്ക പരിഹാര സംവിധാനം മാത്രമാണ് തൊഴിൽ കാര്യാലയങ്ങളിൽ ഉണ്ടായിരുന്നത്.
രാജ്യത്തെ തൊഴിൽ വിപണി പുനഃസംവിധാനിക്കുന്നതിെൻറയും ആധുനികവത്കരിക്കുന്നതിെൻറയും ഭാഗമാണ് ഇൗ മാറ്റങ്ങൾ. ആത്യന്തികമായി ഇതുവഴി രാജ്യത്തെ നിക്ഷേപം വർധിക്കുകയും സമ്പദ്ഘടന വിഷൻ 2030െൻറ ഉദ്ദേശലക്ഷ്യങ്ങളിലേക്ക് ഉയരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
2018 ആദ്യ ത്രൈമാസത്തിലെ കണക്കുകൾ പ്രകാരം സൗദി അറേബ്യയിൽ ഏകദേശം 1.30 കോടി തൊഴിലാളികളുണ്ട്. ഇതിൽ ഒരുകോടിയും വിദേശികളാണ്. 30 ലക്ഷം തദ്ദേശീയരും. രാജ്യത്ത് അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടതും പുരോഗമിക്കുന്നതുമായ മെഗാ പദ്ധതികളിൽ വൻതോതിൽ തൊഴിലാളികളെ ആവശ്യം വരുന്നതിനാൽ ഇൗ സംഖ്യ ഗണ്യമായി ഉയരുമെന്നും കരുതപ്പെടുന്നു.
പദ്ധതികളുടെ നടത്തിപ്പ് അനായാസമാക്കുന്നതിന് സർവ സജ്ജമായ തൊഴിൽകോടതികൾ ഉപകരിക്കും. കൃത്യമായി നിർവചിക്കപ്പെടുന്ന തൊഴിൽ സാഹചര്യങ്ങൾക്കും കരാറുകൾക്കും ഉള്ളിൽ ഇൗ മേഖല എത്തുന്നതോടെ തൊഴിലാളികൾക്കും തൊഴിൽ ദാതാക്കൾക്കും അത് ഏറെ ഗുണം ചെയ്യും. തർക്കങ്ങളും പരാതികളും കാര്യക്ഷമമായും സമയബന്ധിതമായും പരിഹരിക്കപ്പെടും. തൊഴിലുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ സംവിധാനങ്ങളും പുതിയ കോടതിയുമായി ബന്ധപ്പെടുത്തും.
പ്രവർത്തന പദ്ധതി തയാറാക്കുന്നതിനായി കഴിഞ്ഞ കുറേവർഷത്തെ തൊഴിൽ തർക്ക കേസുകൾ പഠിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. നാലുപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ശ്രമിക്കുന്നത്. നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുക, തൊഴിൽ മികവ് വർധിപ്പിക്കുക, തൊഴിൽ നിയമ വ്യവഹാരങ്ങൾ വേഗത്തിലാക്കുക, കോടതികളിലെ വിപുലമായ വിവരശേഖരം ഉപയോഗപ്പെടുത്തുക എന്നിവയാണവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
