പോരാട്ടങ്ങളിലൂടെ നേടിയ തൊഴിലാളി അവകാശങ്ങൾ നവമുതലാളിത്തം കവർന്നെടുക്കുന്നു -റിയാദ് നവോദയ
text_fieldsറിയാദ് നവോദയ കലാസാംസ്കാരിക വേദി മേയ് ദിനാചരണ പരിപാടി പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിലാളി അവകാശങ്ങൾ നവമുതലാളിത്തം കവർന്നെടുക്കുന്നതായി റിയാദ് നവോദയ കലാസാംസ്കാരിക വേദി മേയ് ദിനാചരണ പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
തൊഴിൽ സുരക്ഷ നഷ്ടമാകുന്നു എന്നതാണ് തൊഴിലാളികൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കോൺട്രാക്റ്റ് ലേബറിങ്ങിലൂടെ കമ്പനികളിൽ സ്ഥിരം തൊഴിൽ എന്നത് ഇല്ലാതാകുന്നു. അതിനും പുറമേ ഹയർ ആൻഡ് ഫയർ എന്നതാണ് രീതി. അതോടെ എല്ലാ തൊഴിൽ ആനുകൂല്യങ്ങളും ഇല്ലാതാകുന്നു.
കേരളത്തിൽ മാത്രമാണ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത്. തൊഴിലാളികൾക്കിടയിൽ ജാതി-മത ഭിന്നിപ്പുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രതപാലിക്കുകയും വർഗബോധം ഊട്ടിയുറപ്പിക്കണമെന്നും നവോദയ സംഘടിപ്പിച്ച മേയ് ദിനാചരണത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തൊഴിലാളി താൽപര്യങ്ങൾ പൂർണമായും ഹനിക്കുന്ന നയങ്ങളാണ് ബി.ജെ.പി സർക്കാർ പിന്തുടരുന്നതെന്ന് യോഗം വിമർശിച്ചു.
മേയ് ദിനാചരണം നവോദയ ജോയിന്റ് സെക്രട്ടറി പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിക്രമലാൽ അധ്യക്ഷത വഹിച്ചു. മേയ്ദിന സന്ദേശം ഷൈജു ചെമ്പൂര് അവതരിപ്പിച്ചു. ഷാജു പത്തനാപുരം, അമീർ, നാസർ പൂവാർ, കുമ്മിൾ സുധീർ, അയ്യൂബ് കരൂപ്പടന്ന, അബ്ദുൽ കലാം എന്നിവർ സംസാരിച്ചു.
പഹൽഗാമിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുൾപ്പെടെ അടുത്തകാലത്ത് മരണപ്പെട്ട ചരിത്രകാരന് എം.ജി.എസ്. നാരായണൻ, ശാസ്ത്രജ്ഞൻ കസ്തൂരി രംഗൻ, വിഖ്യാത ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ എന്നിവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. ആക്ടിങ് സെക്രട്ടറി അനിൽ മണമ്പൂർ സ്വാഗതവും അനി മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

