നിർബന്ധിത സൈനിക സേവനം രാജ്യസ്നേഹവും ഉത്തരവാദിത്തബോധവും വളർത്താൻ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തുന്നതിെൻറ ലക്ഷ്യം പൗരന്മാരിൽ രാജ്യസ്നേഹവും
ഉത്തരവാദിത്തബോധവും വളർത്തലെന്ന് അധികൃതർ. ഇത്തരത്തിൽ സൈനിക സേവനം നിർബന്ധിതമാക്കിയ മൂന്നാമത് ജി.സി.സി രാജ്യവും 11ാമത് അറബ് രാജ്യവുമാണ് കുവൈത്ത്. 2013ൽ ഖത്തറും 2014ൽ യു.എ.ഇയും നടപ്പാക്കിയ പാത പിന്തുടർന്നാണ് കുവൈത്തും പദ്ധതി നടപ്പാക്കുന്നത്.
ബഹ്റൈൻ, ഒമാൻ, സൗദി എന്നീ രാജ്യങ്ങൾ ഇതിന് മുതിർന്നിട്ടില്ല. ജി.സി.സിക്ക് പുറത്ത് തുനീഷ്യ, ഇൗജിപ്ത്, സിറിയ, ഇറാഖ്, അൽജീരിയ, ലിബിയ, മോറിത്താനിയ, സുഡാൻ എന്നീ രാജ്യങ്ങളും പൗരന്മാർക്ക് സൈനിക സേവനം നിർബന്ധിതമാക്കിയിരുന്നു. ജോർഡൻ 1994ലും ലബനാൻ 2007ലും നിർബന്ധിത സൈനിക സേവന പരിപാടി പിൻവലിച്ചു.
ശ്രദ്ധയോടെ നടപ്പാക്കുകയാണെങ്കിൽ നിർബന്ധിത സൈനിക സേവനം ഫലപ്രദമാണെന്നാണ് വിവിധ കോണുകളിൽനിന്ന് അഭിപ്രായം ഉയരുന്നത്. യുവാക്കളിൽ രാജ്യസ്നേഹവും ഉത്തരവാദിത്തബോധവും വളർത്താൻ ഇതുകൊണ്ട് കഴിയും. ആഭ്യന്തരവും വൈദേശികവുമായ തീവ്രവാദ ഭീഷണികൾക്കെതിരെ കരുതിയിരിക്കാൻ പൗരന്മാരെ പ്രാപ്തരാക്കുന്നതാണ് പദ്ധതിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
മേയ് 10ന് 18 വയസ്സ് തികയുന്ന സ്വദേശികൾക്കാണ് സൈനിക സേവനം നിർബന്ധമാക്കുന്നത്. ഇൗമാസം മുതൽ പരിശീലനം നൽകും. ഒരു വർഷമാണ് നിർബന്ധിത സൈനിക പരിശീലനത്തിെൻറ കാലപരിധി.
ഇതിൽ ആദ്യത്തെ മൂന്നുമാസം ആയുധവും തിരയും ഉപയോഗിക്കുന്നതിനുള്ള പരിശീലനമാണ് നൽകുക. തുടർന്ന് ഓരോ വിഭാഗമായി തിരിച്ച് വിവിധ സേനാവ്യൂഹങ്ങൾക്കാവശ്യമായ പരിശീലനം നൽകും. മാതാപിതാക്കൾക്ക് ആശ്രയമായ ഏക യുവാവ്, പഠനം, രോഗം എന്നീ സാഹചര്യങ്ങളിലുള്ള യുവാക്കൾക്ക് മാത്രമാണ് ഇതിൽനിന്ന് ഒഴിവുള്ളത്. സൈനികസേവനത്തിനുള്ള വിളി വന്നിട്ടും പ്രതികരിച്ചില്ലെങ്കിൽ യാത്രാനിരോധനം ഏർപ്പെടുത്തുകയും രണ്ടുമുതൽ മൂന്നുവർഷം വരെ തടവും 5000 ദീനാർ പിഴ ചുമത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
