സൗദിയിൽ നിന്നും മടങ്ങുന്നവർക്ക് ഒരു പ്രയാസവുമുണ്ടാവില്ല -കെ.ടി. ജലീൽ
text_fields
ജിദ്ദ: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് നിർബന്ധമാക്കിയ കോവിഡ് പരിശോധന സൗദിയിൽ നിന്നും മടങ്ങുന്നവർക്ക് യാതൊരു വിധ പ്രയാസവും സൃഷ്ടിക്കില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റർ‘ ഓൺലൈൻ പരിപാടിയിൽ സംസാരിക്കവേയാണ് മന്ത്രി ‘കോവിഡില്ലാ രേഖ’ എന്ന നിബന്ധനയിൽ തട്ടി യാത്രമുടങ്ങില്ലെന്ന് പറഞ്ഞത്. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തും കോവിഡ് വ്യാപനം തടുക്കുന്നതിനുമാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്. വിദേശത്തു നിന്നും വരുന്നവർ ഏതെങ്കിലുമൊരു പരിശോധന പൂർത്തിയാക്കി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുക എന്നത് മാത്രമാണ് പുതിയ നിർദേശം കൊണ്ട് ലക്ഷ്യം വെക്കുന്നത്.
ഗർഭിണികളും 60 വയസിന് മുകളിലുള്ളവരും കുട്ടികളുമെല്ലാം കൂടുതലായി ഗൾഫ് നാടുകളിൽ നിന്നും മടങ്ങുന്നവരിൽ ഉണ്ട്. ഇവരോടൊപ്പം കോവിഡ് ബാധിതരും ഒന്നിച്ചു യാത്ര ചെയ്താൽ അത് അപകടമാണ്. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം യാത്ര അനുവദിക്കുന്നതിലൂടെ ഇത് ഒരു പരിധിവരെ കുറക്കാൻ സാധിക്കും. നിലവിൽ യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ നിന്നും മടങ്ങുന്നതിന് പുതിയ നിർദേശം തടസ്സമായിട്ടില്ല. എന്നാൽ സൗദിയിലടക്കം മറ്റു ഗൾഫ് നാടുകളിൽ ഒരു തരത്തിലുള്ള പരിശോധനകളും ഇല്ലെന്നു ഇപ്പോഴാണ് മനസിലായത്. അതുകൊണ്ട് തന്നെ പുതിയ തീരുമാനം നടപ്പാക്കുന്നത് ജൂൺ 25 വരെ നീട്ടിയിരിക്കുകയാണ്.
ഈ ദിവസത്തിനുള്ളിൽ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കും. തെൻറ മകളും ഭർത്താവും അമേരിക്കയിലാണ്. ഇളയ സഹോദരനും ഭാര്യയും ദുബൈയിലുമുണ്ട്. സഹോദരെൻറ ഭാര്യ കോവിഡ് രോഗികളെ പരിശോധിക്കുന്ന ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. അവരൊക്കെ നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് പ്രവാസികളുടെ പ്രശ്നങ്ങൾ തനിക്ക് നന്നായി മനസിലാക്കാൻ സാധിക്കും. എന്നാൽ മഹാമാരി മൂലം ലോകത്ത് എല്ലാവരും പ്രയാസത്തിൽ ആണ്. കേരളത്തിലും സ്ഥിതി മറിച്ചല്ല. പ്രവാസികൾ ക്ഷമയോടെ കാത്തിരിക്കണം. മടക്കയാത്ര അൽപ്പം നീണ്ടാലും കോവിഡ് വ്യാപനം ഉണ്ടാവാതിരിക്കാൻ ജാഗ്രതയും സൂക്ഷമതയും ഉണ്ടാവേണ്ടതുണ്ട്. സൗദിയിൽ പുതിയ നിബന്ധന എങ്ങനെ നടപ്പാക്കാൻ പറ്റും എന്നത് പരിശോധിച്ചുവരികയാണ്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് റാപ്പിഡ് ടെസ്റ്റിനോ മറ്റോ ഉള്ള സാധ്യത ആരാഞ്ഞുവരികയാണ്. ഒരുനിലക്കും സർക്കാരിെൻറ തീരുമാനം നടപ്പാക്കാൻ പറ്റാത്ത ഒരു സാഹചര്യമാണെങ്കിൽ അക്കാര്യം അപ്പോൾ ആലോചിച്ചു തീരുമാനിക്കും. ചാർട്ടേഡ് വിമാനങ്ങളിൽ അതത് വിമാനകമ്പനികളാണ് യാത്രക്കാരുടെ പരിശോധനക്കുള്ള സൗകര്യം ഒരുക്കേണ്ടത്. നേരത്തെ സ്‌പൈസ് ജെറ്റ് വിമാനങ്ങൾ ഇത്തരത്തിൽ പരിശോധന പൂർത്തിയാക്കിയാണ് സർവിസ് നടത്തിയിരുന്നതെന്ന് മന്ത്രി പറഞ്ഞു.
എന്നാൽ അത് ശരിയല്ലെന്നും സൗദിയിൽ നിന്നും സർവിസ് നടത്തിയ സ്‌പൈസ് ജെറ്റിെൻറ വിമാനങ്ങളിലെ യാത്രക്കാർക്ക് ഒരുവിധ പരിശോധനകളും നടത്തിയിട്ടില്ലെന്നും മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ അത് പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. യാത്രക്കാർ കോവിഡ് പരിശോധനക്ക് പകരം പി.പി.ഇ കിറ്റുകൾ ധരിച്ചു യാത്ര ചെയ്താൽ പോരെ എന്ന ചോദ്യത്തിന് മണിക്കൂറുകൾ പി.പി.ഇ കിറ്റുകൾ ധരിച്ചു യാത്ര ചെയ്യുന്നത് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന വിദഗ്ധ ഡോക്ടർമാരുടെ ഉപദേശങ്ങൾ ഉണ്ടെന്നും അത് പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു. ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന പ്രവാസികളുടെ കുടുംബങ്ങളുമായി അതത് പ്രദേശത്തെ ജനപ്രതിനിധികൾ ബന്ധപ്പെടാറും ആശ്വസിപ്പിക്കാറുമുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
എന്നാൽ ഇത്തരത്തിൽ മരിച്ചവരുടെ കുടുംബത്തിന് എന്തെങ്കിലും സാമ്പത്തിക സഹായം നൽകാനാകുമോ എന്നത് പരിശോധിക്കേണ്ടതുണ്ട്. കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും സർക്കാർ സഹായങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര സർക്കാരിെൻറ അംഗീകാരത്തോടെ സംസ്ഥാനത്തെ ഡിസാസ്റ്റർ മാനേജ്മെൻറുമായി കൂടിയാലോചിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായപദ്ധതി പ്രഖ്യാപിക്കുകയാണെങ്കിൽ അപ്പോൾ പ്രവാസികളിൽ മരണപ്പെട്ടവരുടെ അർഹരായ കുടുംബങ്ങളെയും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. സൗദിയിൽ നിന്നും മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് നിലവിൽ ചില പ്രശ്നങ്ങൾ ഉള്ളത് അറിയാം. അതിൽ പരിഹാരം ഉണ്ടാക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ ഗൾഫുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ലോക കേരളസഭ അംഗങ്ങളും നോർക്ക പ്രതിനിധികളുമായൊക്കെ കൂടിയാലോചിക്കേണ്ടതുണ്ടെന്ന മാധ്യമ പ്രവർത്തകരുടെ നിർദേശം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ജലീൽ കണ്ണമംഗലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ സ്വാഗതവും മുസ്തഫ പെരുവള്ളൂർ നന്ദിയും പറഞ്ഞു. പി.എം. മായിൻകുട്ടി, അബ്ദുറഹ്മാൻ തുറക്കൽ, കബീർ കൊണ്ടോട്ടി, സുൽഫിക്കർ ഒതായി, ഗഫൂർ കൊണ്ടോട്ടി, നാസർ കരുളായി, മൻസൂർ എടക്കര, ബിജുരാജ്, പി.കെ. സിറാജ്, ഹാഷിം കോഴിക്കോട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
