ഇസ്രായേലിന്റെ "ഗസ്സ വംശീയ ഉന്മൂലനം മോഡൽ' ഇന്ത്യയിലും ആവര്‍ത്തിച്ചേക്കും -കെ.ടി. ജലില്‍ എം.എൽ.എ
text_fieldsജിദ്ദ നവോദയ നൽകിയ സ്വീകരണ പരിപാടിയിൽ കെ.ടി. ജലില്‍ എം.എൽ.എ സംസാരിക്കുന്നു
ജിദ്ദ: ലോകത്തു തന്നെ മഹത്തായ ജനാധിപത്യ പാരമ്പര്യമുള്ള രാജ്യമായിരുന്നു ഇന്ത്യ എന്നും എന്നാല്‍ കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വന്നതിന് ശേഷം അത് കടുത്ത ഭീഷണിയെ നേരിടുകയാണെന്നും ഡോ. കെ.ടി. ജലില്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനാർഥം ജിദ്ദയിലെത്തിയ അദ്ദേഹം ജിദ്ദ നവോദയ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലത്തുതന്നെ ഹൈന്ദവ ഫാഷിസത്തിന്റെ ഭീഷണി ഉണ്ടായിരുന്നുവെങ്കിലും, അതിനെ നേരിടാന്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ പോലുള്ള പ്രഗല്ഭരായ പണ്ഡിതന്മാരും എഴുത്തുകാരും അക്കാലത്തുണ്ടായിരുന്നു. 'ഇന്ത്യയെ കണ്ടെത്തൽ' എന്ന അദ്ദേഹത്തിന്റെ വിശ്വവ്യാഖ്യാതമായ ഗ്രന്ഥം ഫാഷിസത്തിന്റെ പ്രതിരോധമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.എച്ചിനെ പോലുള്ള മഹാന്മാരുടെ മതേതര പാരമ്പര്യം ഉപേക്ഷിച്ച് മുസ്ലിം ലീഗ് കൂടുതല്‍ മതാഭിമുഖ്യം പുലര്‍ത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ നിലപാട് മാറ്റം അവരുടെ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളുടെ നിലപാടുകളിലും പ്രകടമാണ്. ഇത് സമൂഹത്തില്‍ കൂടുതല്‍ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. ഫാഷിസ്റ്റ് ശക്തികളെ നേരിടാന്‍ യോജിച്ച മുന്നേറ്റം അനിവാര്യമാണ്. ഇപ്പോള്‍ അസമിലും ബിഹാറിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറംതള്ളുകയും ഇത് പിന്നീട് റേഷന്‍ കാര്‍ഡ് ഉൾപ്പെടെയുള്ള എല്ലാ രേഖകളില്‍ നിന്നും ഒഴിവാക്കുന്നതിലേക്ക് നയിക്കും. പിന്നീട് അങ്ങനെ രേഖകളില്ലാത്തവരെ തടവറകളില്‍ പാര്‍പ്പിക്കുകയും അവിടെ ഭക്ഷണത്തിന് വേണ്ടി കലഹിക്കുകയും അങ്ങനെ ഗസ്സയില്‍ ഇപ്പോള്‍ സംഭവിക്കുന്നത് പോലെയുള്ള വംശീയ ഉന്മൂലനമാണ് നടക്കുക എന്നും ഡോ. കെ.ടി. ജലില്‍ പറഞ്ഞു.
800 വര്‍ഷത്തെ മുസ്ലിം ചരിത്രത്തെ പാഠ്യപദ്ധതിയില്‍ നിന്ന് ഫാഷിസ്റ്റ് ശക്തികള്‍ ഒഴിവാക്കികൊണ്ടിരിക്കുകയാണ്. താജ്മഹൽ, കുത്ബ് മീനാർ, ചെങ്കോട്ട, ഫത്തേപൂര്‍സിക്രി തുടങ്ങിയ ചരിത്ര സ്മാരകങ്ങള്‍ ഇന്ത്യയിൽ ഉള്ളിടത്തോളം ചരിത്രം മാറ്റി എഴുതിയാലും, ഇതെല്ലാം ആരാണ് നിർമിച്ചത് എന്ന് ചരിത്ര വിദ്യാർഥികള്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് സന്ദര്‍ശിച്ചപ്പോള്‍ നിരവധി സ്മാരകങ്ങള്‍ സംരക്ഷിച്ച് വരുന്നത് ശ്രദ്ധയില്‍പെട്ടുവെന്ന് ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് അധ്യക്ഷതവഹിച്ചു. ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും സി.എം അബ്ദുറഹിമാന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

