യമനിൽ ആരോഗ്യ സുരക്ഷപദ്ധതികൾ ഊർജിതമാക്കി കെ.എസ്. റിലീഫ്
text_fieldsകെ.എസ്. റിലീഫ് യമനിൽ ആരോഗ്യ സുരക്ഷപദ്ധതികൾ നടപ്പാക്കിയപ്പോൾ
യാംബു: സൗദി അറേബ്യയുടെ ആഗോള സഹായ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിൽ യമനിലെ ആരോഗ്യ സുരക്ഷാപദ്ധതികൾ കൂടുതൽ ഊർജിതമാക്കി.
യുദ്ധക്കെടുതി അനുഭവിക്കുന്ന യമനിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ദുരിതബാധിതർക്ക് നേരിട്ട് ആശ്വാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് പദ്ധതികൾ നടപ്പാക്കുന്നത്. ഹദർ മൗത്ത് ഗവർണറേറ്റിൽ കൃത്രിമ അവയവങ്ങൾ നൽകുന്ന പദ്ധതിയുടെ ആറാം ഘട്ടം കെ.എസ്. റിലീഫ് വിജയകരമായി പൂർത്തിയാക്കി. അപകടങ്ങളിൽ കൈകാലുകൾ നഷ്ടപ്പെട്ടവർക്ക് കൃത്രിമ അവയവങ്ങൾ വെച്ചുപിടിപ്പിക്കൽ, അവർക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങൾ, പ്രാദേശിക മെഡിക്കൽ സ്റ്റാഫിനുള്ള വിദഗ്ധ പരിശീലനം എന്നിവ ഇതിെൻറ ഭാഗമായി നടന്നു.
2025ൽ മാത്രം കെ.എസ്. റിലീഫ് വഴി 22,705 സേവന പ്രവർത്തനങ്ങൾ നൽകിയതായും ഇത് 7,025 വ്യക്തികൾക്ക് നേരിട്ട് പ്രയോജനം ചെയ്തതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹജ്ജ് ഗവർണറേറ്റിൽ സജ്ജമാക്കിയ മൊബൈൽ ക്ലിനിക്കുകൾ വഴി ഒരാഴ്ചയ്ക്കുള്ളിൽ 118 ഗുണഭോക്താക്കൾക്ക് ചികിത്സ ലഭ്യമാക്കി. പകർച്ചവ്യാധി പ്രതിരോധം, അടിയന്തര ചികിത്സകൾ, ഇന്റേണൽ മെഡിസിൻ, പ്രത്യുൽപാദന ആരോഗ്യം തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി പേർക്ക് ഈ ക്ലിനിക്കുകൾ ആശ്വാസമായി. കൂടാതെ, അൽ മഹ്റ ഗവർണറേറ്റിലെ ഡയാലിസിസ് സെൻറർ വഴിയുള്ള പ്രവർത്തനങ്ങളും സജീവമായി തുടരുകയാണ്. ഒരു മാസത്തിനുള്ളിൽ 138 രോഗികളെയാണ് ഇവിടെ ചികിത്സിച്ചത്. ഇതിൽ 52 രോഗികൾക്കായി 451 ഡയാലിസിസ് സെഷനുകൾ പൂർത്തിയാക്കി.
86 പേർക്ക് നെഫ്രോളജി ക്ലിനിക്കിൽ ആവശ്യമായ പരിശോധനകളും ചികിത്സ സഹായങ്ങളും നൽകി. മാനുഷിക പരിഗണനയോടെയുള്ള കെ.എസ്. റിലീഫിെൻറ ഇത്തരം ഇടപെടലുകൾ യമനിലെ സാധാരണക്കാർക്ക് വലിയ തുണയാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

