ദുരിതബാധിതർക്ക് കൈത്താങ്ങായി കെ.എസ്. റിലീഫ്
text_fieldsഫോട്ടോ: കെ.എസ്. റിലീഫ് സഹായ പദ്ധതിയുമായി സഹകരിക്കുന്ന സന്നദ്ധ സംഘടന മേധാവികളെ റിയാദിൽ നടന്ന ചടങ്ങിൽ ആദരിക്കുന്നു
യാംബു: ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ സൗദി അറേബ്യയുടെ ആഗോള സഹായ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്. റിലീഫ്) വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നു. 2026ഓടെ ലോകമെമ്പാടുമുള്ള 1.2 കോടി ആളുകളിലേക്ക് സഹായ പദ്ധതികൾ വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. റിയാദിൽ നടന്ന ചടങ്ങിൽ 2026ലേക്കുള്ള മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ രൂപരേഖ അതോറിറ്റി വിശദീകരിച്ചു.
ആഗോളതലത്തിൽ മാനുഷിക സഹായം എത്തിക്കുന്നതിൽ സൗദി അറേബ്യ നടത്തുന്ന വിസ്മയിപ്പിക്കുന്ന മുന്നേറ്റം റോയൽ കോടതി ഉപദേഷ്ടാവും കെ.എസ്. റിലീഫ് സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ റബീഅ ചടങ്ങിൽ എടുത്തുപറഞ്ഞു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ശക്തമായ പിന്തുണയാണ് ഈ പ്രവർത്തനങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025ലെ കണക്കുകൾ പ്രകാരം, ജീവകാരുണ്യ രംഗത്ത് ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമാണ് സൗദി അറേബ്യ.
ഈ വർഷം ആഗോള തലത്തിൽ 44 രാജ്യങ്ങളിലായി 113 പദ്ധതികളാണ് നടപ്പാക്കുന്നത്. ലാഭേച്ഛയില്ലാത്ത 11 സൗദി സംഘടനകളുമായി സഹകരിച്ചാണ് ഇവ നടപ്പാക്കുന്നത്. 40 കോടി റിയാൽ ചെലവിൽ 1.2 കോടി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 42 രാജ്യങ്ങളിലായി 309 സന്നദ്ധ പരിപാടികൾ നടപ്പാക്കും. ഇതിനായി 20 കോടി റിയാൽ വകയിരുത്തി.
ഇരു ഹറം പള്ളികളുടെ 2026ലെ ഈത്തപ്പഴ സമ്മാന പദ്ധതിയും പ്രഖ്യാപിച്ചു. 73 രാജ്യങ്ങളിലായി 1.3 കോടി പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. 17,868 ടൺ ഈത്തപ്പഴമാണ് വിതരണം ചെയ്യുക, ഇതിന് 12.3 കോടി റിയാൽ ചെലവാകും.മാനുഷിക-വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരത ഉറപ്പാക്കുന്നതിനായി വിവിധ സന്നദ്ധ സംഘടനകളുമായി കെ.എസ്. റിലീഫ് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. ലോകമെമ്പാടുമുള്ള ദുർബല സമൂഹങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിലെ കാര്യക്ഷമത വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുമായി സഹകരിച്ച പ്രധാന ദാതാക്കളെയും പങ്കാളികളെയും ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

