ലോകമെമ്പാടും സൗദിയുടെ കരുണക്കൈകൾ: 113 രാജ്യങ്ങളിൽ 857 കോടി ഡോളറിെൻറ പദ്ധതികൾ പൂർത്തിയാക്കി കെ.എസ്. റിലീഫ്
text_fieldsലോക ജീവകാരുണ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ കെ.എസ്. റിലീഫ് സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽ റബീഅ
ജിദ്ദ: സൗദി അറേബ്യയുടെ ഔദ്യോഗിക ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) വഴി നടപ്പാക്കിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ 113 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 857 കോടി ഡോളർ മൂല്യം വരുന്ന 4,457 പദ്ധതികളാണ് ഏജൻസി ഇതുവരെ വിജയകരമായി പൂർത്തിയാക്കിയത്.
ഭക്ഷ്യസുരക്ഷ, ആരോഗ്യം, പാർപ്പിടം, ശുദ്ധജലം, വിദ്യാഭ്യാസം, ദുരന്ത പുനരധിവാസം, സംരക്ഷണം തുടങ്ങിയ പ്രധാന മേഖലകളിലാണ് ബൃഹത്തായ പദ്ധതികൾ സൗദി നടപ്പാക്കിയത്. അയൽരാജ്യമായ യമനിലാണ് കെ.എസ്. റിലീഫ് ഏറ്റവും കൂടുതൽ സഹായമെത്തിച്ചത്. 479 കോടി ഡോളറാണ് യമനിലെ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. സിറിയ (58.6 കോടി ഡോളർ), ഫലസ്തീൻ (54.7 കോടി ഡോളർ), സൊമാലിയ (25.8 കോടി ഡോളർ), പാകിസ്താൻ (22.8 കോടി ഡോളർ), സുഡാൻ (19.6 കോടി ഡോളർ) എന്നീ രാജ്യങ്ങളാണ് സഹായധനം കൂടുതൽ ലഭിച്ച മറ്റ് രാജ്യങ്ങൾ.
ഏജൻസിയുടെ ആകെ പ്രവർത്തനങ്ങളിൽ ഭക്ഷ്യ-കാർഷിക സുരക്ഷാ മേഖലക്കാണ് പ്രഥമ പരിഗണന ലഭിച്ചത്. ഈ മേഖലയിൽ മാത്രം 231 കോടി ഡോളറിലധികം മൂല്യമുള്ള 1,194 പദ്ധതികൾ നടപ്പാക്കി. 213 കോടി ഡോളറിെൻറ 749 പദ്ധതികളുമായി ആരോഗ്യ മേഖല രണ്ടാം സ്ഥാനത്തും, 112 കോടി ഡോളർ ചെലവഴിച്ച മാനുഷിക പ്രവർത്തന മേഖല മൂന്നാം സ്ഥാനത്തുമുണ്ട്.
താൽക്കാലിക പാർപ്പിടം, ഭക്ഷ്യേതര സഹായ പദ്ധതികൾക്കായി 66.2 കോടി ഡോളറും വിവിധ മേഖലകളെ ഏകോപിപ്പിച്ചുള്ള മൾട്ടി-സെക്ടർ പ്രോജക്ടുകൾക്കായി 59.9 കോടി ഡോളറും നീക്കിവെച്ചു. കുടിവെള്ളം, പരിസ്ഥിതി ശുചിത്വം, വിദ്യാഭ്യാസം, സംരക്ഷണം, പോഷകാഹാരം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലും സമഗ്രമായ പദ്ധതികൾ ഏജൻസി പൂർത്തിയാക്കി.
വിവിധ രാജ്യങ്ങളിലെ പദ്ധതികളുടെ വിശദാംശങ്ങളും അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഫലസ്തീനിൽ ആരോഗ്യം, ഭക്ഷ്യ സുരക്ഷ, പാർപ്പിടം, സംരക്ഷണം, അടിസ്ഥാന സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 54.7 കോടി ഡോളറിലധികം ചെലവിൽ 159 പദ്ധതികളാണ് കെ.എസ്. റിലീഫ് നടപ്പാക്കിയത്.
സിറിയയിൽ ഭക്ഷ്യസുരക്ഷ, ആരോഗ്യം, അഭയകേന്ദ്രം, കുടിവെള്ളം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ 58.6 കോടി ഡോളറിലധികം മൂല്യമുള്ള 530 പദ്ധതികളും, സൊമാലിയയിൽ ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉൾപ്പെടെയുള്ള മേഖലകളിൽ 25.8 കോടി ഡോളറിലധികം ചെലവിട്ട് 168 പദ്ധതികളും പൂർത്തിയാക്കി.
കൂടാതെ, പാകിസ്താനിൽ ഭക്ഷ്യസഹായം, ആരോഗ്യം, അഭയകേന്ദ്രം, ദുരിതാശ്വാസം എന്നിവക്കായി 22.833 കോടി ഡോളറിലധികം മൂല്യമുള്ള 353 പദ്ധതികളും കെ.എസ്. റിലീഫ് നടപ്പാക്കി. ലോക ജീവകാരുണ്യ ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ, ആഗോളതലത്തിൽ മാനുഷിക പ്രവർത്തനങ്ങളെ പിന്തുണക്കുന്ന കാര്യത്തിൽ സൗദി അറേബ്യ മുൻപന്തിയിലാണെന്ന് കെ.എസ്. റിലീഫ് സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽ റബീഅ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

