ഗസ്സക്ക് ആശ്വാസമായി കെ.എസ് റിലീഫ് സഹായം: വെടിനിർത്തലിനൊപ്പം രണ്ട് ദുരിതാശ്വാസ വിമാനങ്ങൾ എത്തിച്ചു
text_fieldsകെ.എസ് റിലീഫ് രണ്ട് വിമാനങ്ങളിലായി ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച സാധനങ്ങൾ
റിയാദ്: ഗസ്സ മുനമ്പിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ആശ്വാസവുമായി കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) സഹായ വിതരണം ഊർജിതമാക്കി. സൗദി അറേബ്യൻ ജനകീയ കാമ്പയിന്റെ ഭാഗമായി, മധ്യ-തെക്കൻ ഗസ്സയിലെ ആവശ്യമുള്ള കുടുംബങ്ങൾക്ക് കെ.എസ് റിലീഫ് ഭക്ഷ്യക്കിറ്റുകളും കുഞ്ഞുങ്ങൾക്കുള്ള പാലും വിതരണം ചെയ്യുന്നത് തുടർന്നു.
വെടിനിർത്തൽ ആരംഭിച്ചതിന് പിന്നാലെ, സെന്റർ പ്രവർത്തിപ്പിക്കുന്ന 66-ഉം 67-ഉം ദുരിതാശ്വാസ വിമാനങ്ങൾ ഈജിപ്ത്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. സൗദി പ്രതിരോധ മന്ത്രാലയവുമായും കെയ്റോയിലെ എംബസിയുമായും സഹകരിച്ചാണ് ഈ വിമാനങ്ങൾ പ്രവർത്തിക്കുന്നത്. ഈ വിമാനങ്ങളിൽ ഭക്ഷ്യ കിറ്റുകളും താമസ സൗകര്യങ്ങൾക്കായുള്ള കിറ്റുകളുമാണ് ഗസ്സയിലെ ദുരിതബാധിതരായ ഫലസ്തീൻ ജനതക്ക് കൈമാറാനായി എത്തിച്ചിരിക്കുന്നത്.
ഫലസ്തീൻ ജനതയുടെ ദുരിതവും അവർ അനുഭവിക്കുന്ന പ്രയാസകരമായ ജീവിത സാഹചര്യങ്ങളും ലഘൂകരിക്കുന്നതിനായി കെ.എസ് റിലീഫ് വഴി സൗദി അറേബ്യ നൽകുന്ന തുടർച്ചയായ പിന്തുണയുടെ ഭാഗമാണിത്.
ഇതുവരെ 67 വിമാനങ്ങളും എട്ട് കപ്പലുകളുമടങ്ങിയ വ്യോമ-നാവിക പാലം കെ.എസ് റിലീഫ് വഴി പൂർത്തിയാക്കിയിട്ടുണ്ട്. ഇവയിൽ 7,612 ടണ്ണിലധികം ഭക്ഷണ സാധനങ്ങൾ, വൈദ്യോപകരണങ്ങൾ, താമസസൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, 20 ആംബുലൻസുകൾ, ലോജിസ്റ്റിക് ഉപകരണങ്ങൾ, ജനറേറ്ററുകൾ, വാട്ടർ ടാങ്കറുകൾ എന്നിവയും ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് കൈമാറി.
അതിർത്തി അടച്ചുപൂട്ടലുകൾ മറികടന്ന് സഹായം എത്തിക്കുന്നതിനായി ജോർദാനുമായി സഹകരിച്ച് വ്യോമമാർഗ്ഗം സഹായമെത്തിക്കാനുള്ള നടപടികളും സെന്റർ പൂർത്തിയാക്കി. ഇതിനു പുറമെ, 90 മില്യൺ ഡോളറിലധികം മൂല്യമുള്ള ദുരിതാശ്വാസ പദ്ധതികൾ ഗസ്സയിൽ നടപ്പാക്കുന്നതിനായി അന്താരാഷ്ട്ര സംഘടനകളുമായി കെ.എസ്.റിലീഫ് കരാറുകളിൽ ഒപ്പിട്ടിട്ടുണ്ട്.
വെടിനിർത്തൽ കരാർ പ്രകാരം, ഗസ്സയിലേക്ക് ദിവസേന കുറഞ്ഞത് 600 സഹായ ട്രക്കുകളെങ്കിലും പ്രവേശിക്കേണ്ടതുണ്ട്. ഇസ്രായേൽ ഉപരോധത്താൽ പട്ടിണിയിലേക്ക് നീങ്ങുന്ന ജനതക്ക് വലിയ ആശ്വാസമാകും ഈ നീക്കം. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ഗസ്സ സിറ്റിയിലും വടക്കൻ ഗസ്സയിലുമുള്ള ആളുകൾ തകർന്ന് പോയ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

