വിവരാവകാശം സംബന്ധിച്ച് മുഖാമുഖം സംഘടിപ്പിച്ച് ‘കൃപ’
text_fieldsറിയാദ്: അഴിമതിയുടെ കൂരിരുട്ട് നിറഞ്ഞൊരു സാമൂഹിക ഭരണക്രമത്തിൽ നട്ടപ്പാതിരക്ക് ഉദിച്ചുവന്ന സൂര്യകിരണമാണ് വിവരാവകാശ നിയമമെന്ന് മുൻ സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ. അബ്ദുൽ ഹക്കീം അഭിപ്രായപ്പെട്ടു. കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ) സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ‘അറിവാണ് അധികാരം, വിവരാവകാശം ജനാധിപത്യത്തിെൻറ ശക്തി’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ഈ കാലഘട്ടത്തിൽ 10 രൂപയും ഒരു വെള്ള കടലാസിലെ അപേക്ഷയുമായി പൗരൻ വരുമെന്ന ജാഗ്രതയോടും ഭയത്തോടുമാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നത് കഴിഞ്ഞ 20 കൊല്ലം കൊണ്ട് വിവരാവകാശ നിയമം കൊണ്ടുവന്ന ഒരു വലിയ സാമൂഹിക വിപ്ലവം തന്നെയാണ്.
എക്സിക്യൂട്ടിവിെൻറ അഴിമതി തടയാൻ ഈ നിയമത്തിന് അനവധി സംഭാവനകൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പൗരെൻറ ജനാധിപത്യ അവകാശമായ നിയമാവകാശം വഴി സർക്കാറിനെ വരെ ചോദ്യമുനയിൽ നിർത്താനും താഴെയിറക്കാനും കഴിയും.
ഭരണക്രമത്തെ ചോദ്യം ചെയ്യാനുള്ള പൗരെൻറ അധികാരം വകവെവെച്ചു നൽകുന്ന നിയമവകാശത്തിന് മറ്റെല്ലാ നിയമങ്ങളെക്കാളും അതിപ്രഭാവം ഉണ്ട്. മറ്റു നിയമങ്ങൾ എങ്ങനെ പ്രയോഗിക്കുന്നുവെന്ന് പൊതുസമൂഹത്തിന് അറിയാനുള്ള നിയമം കൂടിയാണിത്. ചലച്ചിത്ര ലോകത്തെ പിടിച്ചുലച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സര്‍ക്കാര്‍ പുറത്തുവിടരുതെന്ന് നിര്‍ദേശിച്ച 49 മുതല്‍ 53 വരെയുള്ള പേജുകളെ കുറിച്ച് സദസിൽനിന്നുയർന്ന ചോദ്യത്തിന് അഭ്രപാളികളിൽ കാണുന്ന ഗ്ലാമർ ലോകമല്ല അതിെൻറ പിന്നിലെ ചലച്ചിത്രപ്രവർത്തകരുടെ ജീവിതമെന്നും ഡോ. എ.എ. ഹക്കിം പറഞ്ഞു.
മാധ്യമ പ്രവർത്തകൻ വി.ജെ. നസ്റുദ്ദീൻ മോഡറേറ്ററായിരുന്നു.
ഡോ. കെ.ആർ. ജയചന്ദ്രൻ, ഷംനാദ് കരുനാഗപ്പള്ളി, നാദിർഷ, ജലീൽ ആലപ്പുഴ, സുരേഷ് ശങ്കർ, പ്രെഡിൻ അലക്സ്, കരിം കാനാമ്പുറം, അസീസ് പവിത്ര, ഷാജി മഠത്തിൽ, വേണുഗോപാൽ, റസ്സൽ മഠത്തിപ്പറമ്പിൽ, ബിനു കെ. തോമസ്, ക്ലീറ്റസ്, യാസിർ കൊടുങ്ങല്ലൂർ, അസീസ് കടലുണ്ടി, ഇല്യാസ്, ബഷീർ സാപ്റ്റികൊ, നിഹാസ് പാനൂർ, സമീർ റൈബോക്, സജീവ് കായംകുളം, അഖിനാസ് കരുനാഗപ്പള്ളി, അബ്ദുൽ ഖാദർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഭാരവാഹികളായ ഷൈജു നമ്പലശേരി, ഇസഹാക്ക് ലൗഷോർ, പി.കെ. ഷാജി, കബീർ മജീദ്, രഞ്ജിത്, നൗഷാദ് യാക്കൂബ്, കെ.ജെ. അബ്ദുൽ റഷീദ്, സുധീർ മജീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പ്രോഗ്രാം കോഓഡിനേറ്റർ ഷബീർ വരിക്കപ്പള്ളി ആമുഖവും ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

