‘കോഴിക്കോടൻസ്’ ഇഖ്റ ആശുപത്രിക്ക് ഡയാലിസിസ് മെഷീൻ നൽകി
text_fieldsകോഴിക്കോടൻസ് റിയാദ് നൽകുന്ന ഡയാലിസിസ് മെഷീന്റെ വിലയുടെ ചെക്ക് ഇഖ്റ ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. പി.സി. അൻവറിന് കോഴിക്കോടൻസ് റിയാദ് മുൻ സി.ഒ
മുഹിയുദ്ദീൻ സഹീർ കൈമാറുന്നു
റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ ഇഖ്റ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെൻററിലേക്ക് ഡയാലിസിസ് മെഷീൻ നൽകി. കോഴിക്കോട് നടന്ന ചടങ്ങിൽ കോഴിക്കോടൻസ് റിയാദ് മുൻ ചീഫ് ഓർഗനൈസർ മുഹിയുദ്ദീൻ സഹീർ ഇഖ്റ ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. പി.സി. അൻവറിന് ഡയാലിസിസ് മെഷീന്റെ തുക കൈമാറി. റിയാദിൽ സംഘടിപ്പിച്ച മുഹബ്ബത്ത് നൈറ്റിന്റെ ഭാഗമായി പാവപ്പെട്ടവരായ കിഡ്നി രോഗികളെ സഹായിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.
കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഡയാലിസിസ് സെന്ററുകൾക്കാണ് മെഷീൻ നൽകുന്നത്. പ്രവാസികളടക്കം നിരവധി പേരാണ് വൃക്കരോഗത്താൽ പ്രയാസപ്പെടുന്നത്. എന്നാൽ, തുടർച്ചയായി ഡയാലിസിസ് ചെയ്യുന്നതിന് വലിയ തുക ആവശ്യമായതിനാൽ പലരും മതിയായ ചികിത്സ തേടാറില്ല.
ഇത്തരം രോഗികൾക്ക് ഒരു സഹായമെന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തത്. റിയാദിലാരംഭിച്ച കോഴിക്കോടൻസിന്റെ പ്രവർത്തനം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് സംഘടന ഭാരവാഹികൾ. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട് സംഗമം സംഘടിപ്പിക്കും.
ചടങ്ങിൽ സംസ്ഥാന മദ്റസ വെൽഫെയർ ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായിരുന്നു. അഷ്റഫ് വേങ്ങാട്ട്, നാസർ കാരന്തൂർ, വി.കെ.കെ. അബ്ബാസ്, മൈമൂന ടീച്ചർ, ഷാഹിൻ കുറ്റിച്ചിറ, കെ.പി. നവാസ് എന്നിവരും സന്നിഹിതരായിരുന്നു.

