കോഴിക്കോടൻ ഫെസ്റ്റ് 2025: ജിദ്ദയിൽ വീണ്ടും രുചിയുടെയും പൈതൃകത്തിന്റെയും സംഗമം
text_fieldsകെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: ഗൃഹാതുരത്വമുണർത്തുന്ന അനുഭവമായി കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് സീസൺ രണ്ട് ഒക്ടോബർ 17 വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ രാത്രി 12 മണി വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ മഹ്ജറിലുള്ള ഖുബ്ബ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായി സംഘടിപ്പിച്ച കുടുംബമേളയിൽ വിവിധ പരിപാടികൾ നടക്കും. കോഴിക്കോടിന്റെ തനത് സാംസ്കാരിക പൈതൃകവും രുചി വൈവിധ്യവും കലാരൂപങ്ങളും വിളിച്ചോതുന്ന മേളയിൽ ജില്ലയുടെ പ്രധാന അടയാളങ്ങളായ മാനാഞ്ചിറ സ്‌ക്വയറും, ഹൽവാ ബസാറും, മിഠായി തെരുവും, നാദാപുരം പള്ളിയും പുനഃസൃഷ്ടിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായ 2020 ലെ കോഴിക്കോടൻ ഫെസ്റ്റ് സീസൺ ഒന്നിന്റെ വിജയകരമായ തുടർച്ചയാകും സീസൺ രണ്ട് എന്ന് സംഘാടകർ അറിയിച്ചു.
ബാഫഖി തങ്ങൾ ഹാൾ, സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഹാൾ, മാനഞ്ചിറ മൈതാനം എന്നിങ്ങനെ മൂന്ന് വേദികളിലായാണ് ഇത്തവണ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഒപ്പന, കോൽക്കളി, വട്ടപ്പാട്ട് തുടങ്ങിയ കോഴിക്കോടിന്റെ തനത് കലാരൂപങ്ങൾ പരിപാടിയിൽ അരങ്ങേറും. കുട്ടികൾ, കുടുംബിനികൾ, ബാച്ചിലേഴ്‌സ് എന്നിവർക്കായി വിവിധ കലാ, കായിക മത്സരങ്ങൾ നടക്കും. ബിരിയാണി മത്സരം, മെഹന്ദി മത്സരം, കളറിംഗ് ആൻഡ് ഡ്രോയിങ്, ക്വിസ്, വടംവലി, ഷൂട്ട് ഔട്ട്, പഞ്ചഗുസ്തി മത്സരം, ഫൺ ഗെയിംസ് എന്നിവ പ്രധാന ആകർഷണങ്ങളായിരിക്കും.
പ്രശസ്ത ഗാനരചയിതാവും ഗായകനുമായ കൊച്ചിൻ ഷമീറിന്റെ നേതൃത്വത്തിൽ ജിദ്ദയിലെ അറിയപ്പെടുന്ന ഗായകരെ അണിനിരത്തിക്കൊണ്ടുള്ള സംഗീത വിരുന്നും പരിപാടിക്ക് മാറ്റ് കൂട്ടും. ജിദ്ദയിലെ മുഴുവൻ മലയാളി സമൂഹത്തിനും വേണ്ടി ഒരുക്കുന്ന ഈ കുടുംബമേള, കോഴിക്കോടിന്റെ രുചി വൈവിധ്യവും കലാപാരമ്പര്യവും പ്രവാസ ലോകത്ത് പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്നും പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.
കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി, ട്രഷറർ ഒ.പി അബ്ദുൽ സലാം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുബൈർ വാണിമേൽ, പ്രോഗ്രാം കൺവീനർ ബഷീർ കീഴില്ലത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മറ്റു ഭാരവാഹികളായ ടി.കെ അബ്ദുൽ റഹിമാൻ, സൈതലവി രാമനാട്ടുകര, അബ്ദുൽ വഹാബ്, മുഹമ്മദ് ഷാഫി പുത്തൂർ, നൗഫൽ പറമ്പിൽ ബസാർ, ഷബീർ അലി, സാലിഹ് പൊയിൽതൊടി, തഹദീർ വടകര എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

