കോഴിക്കോട് ജില്ല കെ.എം.സി.സി ഫലസ്തീൻ ഐക്യദാർഢ്യ സംഗമം
text_fieldsറിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ
സംഗമത്തിൽ യൂത്ത് ലീഗ് ദേശീയ പ്രവർത്തക സമിതി അംഗം ആഷിഖ് ചെലവൂർ മുഖ്യപ്രഭാഷണം നടത്തുന്നു
റിയാദ്: കുട്ടികളും സ്ത്രീകളുമടക്കം നിരപരാധികളായ ആയിരക്കണക്കിന് ഫലസ്തീനിയൻ സിവിലിയന്മാരെ കൊന്നൊടുക്കുന്ന ഇസ്രായേൽ ഭീകരത കിരാതവും അപലപനീയവുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടിവ് അംഗം ആഷിഖ് ചെലവൂര്‍ പറഞ്ഞു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ മനസ്സിലാക്കി അടിച്ചമര്‍ത്തപ്പെട്ടവന്റെ കൂടെ നിലകൊള്ളാന്‍ ലോകരാഷ്ട്രങ്ങൾ തയാറാവണം.
സ്വന്തം നാട്ടില്‍ ജീവിതസൗകര്യം നിഷേധിക്കപ്പെടുകയും രണ്ടാം പൗരന്മാരായി ജീവിക്കേണ്ടി വരുകയും ചെയ്യുന്ന ഫലസ്തീനി ജനതയുടെ പോരാട്ടത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്രായേല്‍ ഭീകരരുടെ ആധുനിക യന്ത്രസംവിധാനങ്ങള്‍ക്ക് മുന്നില്‍ വിശ്വാസം കൊണ്ടും ഇച്ഛാശക്തി കൊണ്ടും നേരിടുകയും എന്തുവില കൊടുത്തും ഫലസ്തീന്റെ മണ്ണ് സംരക്ഷിക്കുകതന്നെ ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ജനതയും ഗാന്ധിജിയും നെഹ്റുവും ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും മന്‍മോഹന്‍സിങ് ഉള്‍പ്പെടെയുള്ള സർക്കാറുകൾ എല്ലാം തന്നെ അടിച്ചമര്‍ത്തപ്പെട്ട ഈ ജനതയോടൊപ്പമായിരുന്നു. മുസ്ലിം ലീഗ് പാര്‍ട്ടി മനുഷ്യത്വം നിരാകരിക്കപ്പെടുന്ന ഫലസ്തീന് ജനതയുടെ കൂടെയായിരുന്നു എന്നതിന്റെ തെളിവാണ് ഇ. അഹമ്മദിന്റെ ഇടപെടലിലൂടെ നാം കണ്ടത്.
ഫലസ്തീന്‍ജനത എന്നും ഇന്ത്യയെ നോക്കിക്കണ്ടത് ഇ. അഹമ്മദ് എന്ന നേതാവിലൂടെയായിരുന്നു. യു.എന്നില്‍, ഇന്ത്യന്‍ പാര്‍ലമെൻറില്‍ ഫലസ്തീന്‍ജനതയുടെ ശബ്ദമായി ഇ. അഹമ്മദ് മാറി.
ഫലസ്തീന്‍ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്ക് താക്കീതായി മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ബഹുജന റാലി ലോകശ്രദ്ധയാർജിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല കെ.എം.സി.സി പ്രസിഡൻറ് നജീബ് നെല്ലാങ്കണ്ടി അധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. നാഷനല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട്, കുറ്റ്യാടി മണ്ഡലം മുസ്ലിംലീഗ് ട്രഷറര്‍ ചുണ്ടയില്‍ മൊയ്തു ഹാജി, കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് ഹാജി മൂത്താട്ട്, അക്ബര്‍ വേങ്ങാട്ട് എന്നിവര്‍ സംസാരിച്ചു.
ഹനീഫ മൂര്‍ഖനാട്, റിയാസ് കോറോത്ത്, സിദ്ദീഖ് കൂറൂളി എന്നിവര്‍ നേതാക്കൾക്ക് ഹാരാര്‍പ്പണം നടത്തി. ബഷീര്‍ ഫൈസി പ്രാർഥന സദസ്സിന് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന് ഫറോക്ക് സ്വാഗതവും ട്രഷറര്‍ ജാഫര്‍സാദിഖ് പുത്തൂര്‍മഠം നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികളായ ലത്തീഫ് മടവൂര്‍, റഷീദ് പടിയങ്ങല്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

