കൊയിലാണ്ടിക്കൂട്ടം ഇഫ്താർ വിരുന്നും ‘കുട്ടി സമ്മാനം’ പദ്ധതി ഫണ്ട് ഉദ്ഘാടനവും
text_fieldsകൊയിലാണ്ടിക്കൂട്ടം ഇഫ്താർ വിരുന്നും ‘കുട്ടി സമ്മാനം’ പദ്ധതി ഫണ്ട് ഉദ്ഘാടനവും പരിപാടിയിൽനിന്ന്
റിയാദ്: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി റിയാദ് ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ആദ്യ നോമ്പ് ദിനത്തിൽ വിപുലമായ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റിയാദിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ ചാപ്റ്റർ പ്രസിഡൻറ് റാഷിദ് ദയ അധ്യക്ഷത വഹിച്ചു. ചെയർമാൻ റാഫി കൊയിലാണ്ടി ചടങ്ങിൽ റമദാൻ സന്ദേശം നൽകി.
ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മൈമൂന അബ്ബാസ് ഇഫ്താർ വിരുന്ന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷമായി വിവിധ ചാപ്റ്ററുകളുമായി സഹകരിച്ച് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി നടപ്പാക്കി വരുന്ന ‘കുഞ്ഞു മനസുകൾക്ക് ഒരു കുട്ടി സമ്മാനം” എന്ന പദ്ധതിയെ കുറിച്ച് ഉദ്ഘാടക ചടങ്ങിൽ വിശദീകരിച്ചു.
കൊയിലാണ്ടിയിലെ നിർധനരായ കുട്ടികൾക്ക് അടുത്ത അധ്യയന വർഷം സ്കൂൾ തുറക്കുമ്പോൾ സ്കൂൾ ബാഗ്, കുട, നോട്ട് ബുക്ക്, വാട്ടർ ബോട്ടിൽ എന്നിവയടങ്ങുന്ന കിറ്റ് വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. 700 ഇന്ത്യൻ രൂപ (30 സൗദി റിയാൽ) ആണ് ഒരു കിറ്റിെൻറ മൂല്യം. പദ്ധതിയുടെ ഫണ്ട് ഉദ്ഘാടനവും മൈമൂന അബ്ബാസ് നിർവഹിച്ചു. കിറ്റുകൾ സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവർ റിയാദ് ചാപ്റ്റർ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
പുഷ്പരാജ് പയ്യോളി, ജയൻ കൊടുങ്ങല്ലൂർ, മോഹിയുദ്ധീൻ സഹീർ, നിബു വർഗീസ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി നിബിൻ ഇന്ദ്ര നീലം സ്വാഗതവും നൗഷാദ് സിറ്റി ഫ്ലവർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

