കിഴക്കൻ പ്രവിശ്യയിൽ പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ
text_fieldsദമ്മാം: കോവിഡ് 19െൻറ വ്യാപനം തടയാൻ കിഴക്കൻ പ്രവിശ്യയിൽ പഴുതടച്ച സുരക്ഷ ക്രമീകരണ ങ്ങൾ. രാജ്യത്ത് കോവിഡ് ബാധിച്ച 11 പേരെയും കണ്ടെത്തിയ ഖത്വീഫ് ഗവർണറേറ്റിന് കീഴിൽ ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ പ്രദേശം പൂർണമായും പൊലീസിെൻറയും മിലിട്ടറി ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവർത്തകരുടേയും മേൽനോട്ടത്തിലാണുള്ളത്. അസുഖം സ്ഥിരീകരിച്ചവരുമായി ഇടപഴകിയ കൂടുതൽ പേർ നിരീക്ഷണത്തിലാണ്. ഇവിടേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം പൂർണമായും തടഞ്ഞിരിക്കുകയാണ്. എല്ലാ വഴികളിലും ചെക്ക് പോയൻറുകൾ സ്ഥാപിച്ചിട്ടുണ്ട്. ജോലികഴിഞ്ഞ് മടങ്ങിയെത്തിയ ഇൗ പ്രദേശത്തുകാരെ മാത്രമാണ് കടത്തിവിട്ടത്.
അതേസമയം, ഭക്ഷണസാധനങ്ങളും മരുന്നുകളും പാചകവാതക സിലിണ്ടറുകളും കൊണ്ടുവരുന്ന വാഹനങ്ങൾ കർശന നിർദേശങ്ങളോടെ കടത്തിവിടുന്നുണ്ട്. ഖത്വീഫിൽ ഏർപ്പെടുത്തിയ യാത്രാനിരോധനം സൗദി അരാംകോ ഉൾെപ്പടെയുള്ള കിഴക്കൻ പ്രവിശ്യയിലെ കമ്പനികളെയും മറ്റു സ്ഥാപനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ജുബൈൽ, ദമ്മാം വ്യവസായ നഗരങ്ങളിലും ആരോഗ്യ മേഖലയിലും ഖത്വീഫിൽനിന്നുള്ള നൂറുകണക്കിന് ആളുകളാണ് ജോലിചെയ്യുന്നത്. ഇവർക്കാർക്കും പുറത്തേക്കു പോകാൻ അനുമതി ലഭിച്ചില്ല. നിർമാണ മേഖലയിൽ ജോലിചെയ്യുന്ന മലയാളികൾ ഉൾെപ്പടെയുള്ള നിരവധി ഇന്ത്യക്കാർ താമസിക്കുന്ന സ്ഥലംകൂടിയാണ് ഖത്വീഫ് മേഖല. ഇവർക്കാർക്കും ജോലിക്കുപോകാൻ കഴിഞ്ഞിട്ടില്ല. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ കുട്ടികൾക്ക് പങ്കെടുക്കാനാകുമോ എന്ന ആശങ്കയിലാണ് ഇവിടങ്ങളിലെ മലയാളി കുടുംബങ്ങൾ.
സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബോർഡ് പരീക്ഷകൾ യാഥാസമയം നടക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 10ാം ക്ലാസിന് വ്യാഴാഴ്ചയും 12ാം ക്ലാസിന് വെള്ളിയാഴ്ചയും പരീക്ഷകളുണ്ട്. ഇവിടെയുള്ള കുട്ടികളെ പങ്കെടുപ്പിക്കാൻ പ്രത്യേക അനുമതി നേടാൻ സ്കൂൾ അധികൃതർ ശ്രമിക്കുന്നുണ്ടെന്നും സ്കൂളിൽനിന്ന് ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചുവെന്നും ഖത്വീഫിൽ താമസിക്കുന്ന രക്ഷിതാവായ ഷഹാന പറഞ്ഞു. ദമ്മാം മേഖലയിൽ ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഓഫിസുകളിൽ എത്തുന്നവരുമായുള്ള ഹസ്തദാനം, കൂടുതൽ ഇടപഴകലുകൾ എന്നിവ എല്ലാവരും സ്വയമേവ ഒഴിവാക്കുന്നുണ്ട്. എല്ലാ ഒാഫിസുകളിലും കൈ വൃത്തിയാക്കാനുള്ള ജെല്ലുകളും മറ്റും സൂക്ഷിക്കുന്നുണ്ട്. മാസ്കുകളും കരുതിവെച്ചിട്ടുണ്ട്. മെഡിക്കൽ സെൻററുകളിൽ എത്തുന്നവരെ പനിയുണ്ടോ എന്നറിയാനുള്ള പ്രാഥമിക പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
