വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുമായി ഹറം കാര്യാലയവും രംഗത്ത്
text_fieldsജിദ്ദ: കോവിഡ്-19 ബാധ തടയുന്നതിനുള്ള മാർഗനിർദേശങ്ങളുമായി മക്ക മദീന ഹറം കാര്യാല യം രംഗത്ത്. മക്കയിലെ മസ്ജിദുൽ ഹറാമിെൻറ മുറ്റങ്ങളിൽ സ്ഥാപിച്ച സ്ക്രീനുകളിലാണ് കോവിഡ് ബാധ തടയുന്നതിനുള്ള പ്രധാന മാർഗനിർദേശങ്ങൾ വിവിധ ഭാഷകളിലായി പ്രദർശി പ്പിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണിത്. അതേസമയം, ഇരുഹറമുകളിലെത്തുന്നവരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് വിവിധ ഗവൺമെൻറ് വകുപ്പുകളുമായി സഹകരിച്ച് കോവിഡ് മുൻകരുതൽ നടപടികളും ബോധവത്കരണവും ഇരുഹറം കാര്യാലയത്തിനു കീഴിൽ തുടരുകയാണ്.
ഹറമിലെയും മുറ്റങ്ങളിലെയും ശുചീകരണ ജോലികളുടെ തവണകൾ വർധിപ്പിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിന് സഹായകമാകുന്ന കൂടുതൽ ഉപകരണങ്ങളും പദാർഥങ്ങളും ഒരുക്കുകയും തൊഴിലാളികളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മസ്ജിദുൽ ഹറാമിലെ എയർ കണ്ടീഷനിങ് സംവിധാനം ദിനംപ്രതി ഒമ്പതു തവണ ശുദ്ധീകരിക്കുകയും ഹറമിെൻറ വിവിധ ഭാഗങ്ങളിലേക്ക് തണുത്ത വായു എത്തിക്കുന്നതിനുള്ള കുഴലുകൾ ശുചിയാക്കി അണുമുക്തമാക്കുന്നുണ്ടെന്നും ഇരുഹറം കാര്യാലയം അറിയിച്ചു. സാധാരണ കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന എയർകണ്ടീഷനുകളിൽനിന്ന് വ്യത്യസ്തമാണ് ഹറമിലേതെന്നും വൃത്തങ്ങൾ വിശദീകരിച്ചു.
മദീന പള്ളിയിലും ശക്തമായ മുൻകരുതൽ
മദീന: വൈറസിനെതിരെ മുൻകരുതൽ നടപടികളുടെ ഭാഗമായി പുണ്യനഗരമായ മദീനയിലെ മസ്ജിദുന്നബവിയിലും ശക്തമായ മുൻകരുതൽ നടപടികൾ. അംഗശുദ്ധി വരുത്താനുള്ള സ്ഥലങ്ങൾ ദിനംപ്രതി 10 തവണ കഴുകി വൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്യുന്നതായി മസ്ജിദുന്നബവി കാര്യാലയം വക്താവ് ജംആൻ ബിൻ അബ്ദുല്ല അൽഅസീരി അറിയിച്ചു. നമസ്കാരത്തിനു മുമ്പും ശേഷവുമാണ് വൃത്തിയാക്കുന്നത്. മസ്ജിദുന്നബവിയിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട കരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ അടിയന്തരമായി പ്രഥമശുശ്രൂഷ നൽകാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതിനായി കൊണ്ടുപോകാനുള്ള വഴികൾ സുഗമമാക്കി സൂക്ഷിക്കുന്നു. പള്ളിക്കകത്തെ ഖുബകൾ തുറന്നിട്ടും മുറ്റങ്ങളിലെ കുടകൾ അടച്ചും പള്ളിക്കകത്തെ വായുസഞ്ചാരം എപ്പോഴും പുതുക്കിക്കൊണ്ടിരിക്കുന്നതായും വക്താവ് പറഞ്ഞു. പള്ളിക്കകത്തെ എയർകണ്ടീഷനിങ് ഫിൽറ്ററുകൾ ഇടക്കിടെ മാറ്റുക, സംസം കൊണ്ടുവരുന്നതിലും വിതരണത്തിലും ജാഗ്രത പുലർത്തുക, സംസം പാത്രങ്ങൾ അണുമുക്തമാക്കുക, ഉപയോഗിച്ച ഗ്ലാസുകൾ വേഗം നീക്കുക, ജോലിക്കാരുടെ ആരോഗ്യശുചിത്വം ഉറപ്പുവരുത്തുക, ജോലിസമയത്ത് മാസ്കുകളും കൈയുറയും ധരിപ്പിക്കുക, ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ജോലിക്കാർക്ക് ആരോഗ്യബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, അടിയന്തര സാഹചര്യം നേരിടാൻ ബന്ധപ്പെട്ട വകുപ്പുകളുമായി നിരന്തരം ബന്ധം സ്ഥാപിക്കുക, പള്ളിമുറ്റങ്ങളിലെ ഇലക്ട്രോണിക് സ്ക്രീനുകളിൽ ബോധവത്കരണ മാർഗനിർദേശങ്ങൾ പ്രദർശിപ്പിക്കുക തുടങ്ങിയവയും മുൻകരുതൽ പ്രവർത്തനങ്ങളായി നടക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
